2024ലാണ് ചിദംബര സ്മരണകൾ കൈയ്യിൽ കിട്ടിയത്. സിയാറ്റലിൽ ചുള്ളിക്കാട് പങ്കെടുത്ത അലയുടെ സാഹിത്യോത്സവത്തിൽ കൈയ്യൊപ്പിട്ട ഒരു കോപ്പി കരസ്ഥമാക്കിയതാണ്. പുസ്തകം ബെഡ്‌സൈഡിൽ തന്നെ വച്ചു ഇടയ്ക്കിടയ്ക്ക് എടുത്ത് ഓരോ അധ്യായങ്ങൾ വായിക്കും. എല്ലാ ദിവസവും ഇല്ല ഇടയ്ക്കൊക്കെ. അങ്ങനെ സമയമെടുത്ത് വായിക്കുന്നതിലും ഒരു രസമുണ്ട്.
ഇന്നലെ അവസാനത്തെ അധ്യായവും വായിച്ചു തീർത്തു. അപ്പോൾ എന്തോ ചുള്ളിക്കാട് അഭിനയിച്ച അരവിന്ദന്റെ പോക്കുവെയിൽ കാണണമെന്ന് തോന്നി. യൂട്യൂബിൽ പരതി… കിട്ടി.. കണ്ടു… ഇന്നത്തെ റീൽ സംസ്കാരത്തിൽ വളരെ മെല്ലെ പോകുന്ന സിനിമയാണ്. എങ്കിലും കണ്ടു. നമ്മൾ മനുഷ്യർ ഈ ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്നത് മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങൾ വഴിയാണ്. ആയിരങ്ങളും ലക്ഷങ്ങളും കണക്ഷൻസ് ആയി ജീവിക്കുന്ന സാമൂഹ്യ മാധ്യമ മനുഷ്യനിൽ നിന്നും എത്രയോ വേറിട്ടതാണ് സാധാരണ മനുഷ്യൻ. ഒരു കൈയ്യിലോ അല്ലെങ്കിൽ പരമാവധി രണ്ടു കൈകളിൽ എണ്ണാവുന്ന ബന്ധങ്ങളെ ഉള്ളു നമ്മൾക്ക്.
പോക്കുവെയിലിലെ ബാലുവിന് നാല് ബന്ധങ്ങളെ ഉള്ളു.. അതിൽ ഓരോന്നായി പല കാരണങ്ങളാൽ നഷ്ടമാവുമ്പോൾ ബാലുവിന് അവനെ തന്നെ അവന്റെ മനസ്സിൽ നഷ്ടമാവുന്നു. സിനിമ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ബാലുവിന്റെ മനസ്സിന്റെ വേഗത തന്നെയാണ് സിനിമക്ക്. നമ്മുടെയൊക്കെ ജീവിതം അങ്ങനെയാണ്.. മറ്റുള്ള ചില മനുഷ്യരിലേക്ക് ബന്ധിപ്പിക്കുന്ന നൂലിൽ ആടുകയും പാടുകയും ജീവിക്കുകയും ചെയ്യുന്ന പാവ മനുഷ്യരാണ് നമ്മളെല്ലാം. എല്ലാ ബന്ധങ്ങളും പൊട്ടി അവനവന്റെ ഉള്ളിൽ അനാഥമായി ഇല്ലാതാവാൻ വലിയ സമയമെടുക്കില്ല എന്ന ഓർമ്മപ്പെടുത്തലും.
-പഹയൻ-
