ഡംബലുകളുടെ ലോകം

അവൻ വാതിൽ തുറന്ന് ഉള്ളിൽ കയറിയപ്പോൾ ആകെ ഒരു മസിൽ മണം. ജിമ്മിൽ വിയർപ്പിന്റെ മണമായിരിക്കണം എന്ന് കരുതിയ അവന് ആ മസിൽ മണം ഇഷ്ടപ്പെട്ടു. അങ്ങനൊരു മണം അവന് പരിചിതമല്ലെങ്കിലും. ഒന്ന് കണ്ണോടിച്ചതിന് ശേഷം നേരെ ഡംബലുകളുടെ അടുത്തേക്ക് തന്നെ നീങ്ങി. ജിമ്മിൽ ആളുകൾ കുറവായിരുന്നു. ഡംബലുകളുടെ അടുത്തേക്ക് നീങ്ങുമ്പോൾ ചുറ്റുമുള്ള കണ്ണാടികളിൽ ഒക്കെ അവൻ അവന്റെ രൂപം കണ്ടു. ഓരോ കണ്ണാടിക്ക് മുൻപിലും അവന്റെ കുടവയർ കുറേശ്ശേ കുറയുന്നതായി അവന് ബോധപ്പെട്ടു.

ഡംബലുകളുടെ അടുത്തെത്തുമ്പോഴേക്കും ഒരു രണ്ട് പൗണ്ട് കുറയും തീർച്ച. അവൻ ഡംബലുകളുടെ റാക്കിന്റെ മുന്നിൽ നിന്നു. അഞ്ചിൽ തുടങ്ങി എഴുപത്തഞ്ചിൽ എത്തി നിൽക്കുന്ന ഡംബലുകളുടെ മഹാസമ്മേളനമായിരുന്നു അവിടെ. എവിടെ തുടങ്ങണം എന്ന് അറിയാത്തത് കൊണ്ട് അവൻ നടുവിൽ പോയി അൻപതിൽ കയറി പിടിച്ചു. ഒരനക്കവുമില്ല. അവൻ ചുറ്റും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. അവൻ നാല്പത്തഞ്ചിലേക്ക് നീങ്ങി ഒന്ന് മുക്കി നോക്കി. കാര്യമില്ല. അങ്ങനെ മുക്കിയും മൂളിയും പിന്നോട്ട് പിന്നോട്ട് പോയി അല്പം കിതച്ചിട്ടാണെങ്കിലും പതിനഞ്ചിൽ എത്തി നിന്നു.

പതിനഞ്ചും കൈകളിലേന്തി അവൻ സ്വന്തം രൂപം ഒന്ന് കൂടി കണ്ണാടിയിൽ നോക്കി. കുഴപ്പമില്ല എന്ന് അവനും തോന്നി. അപ്പോൾ പിന്നിലൊരു രൂപം. ഒരു സൂട്ട്കേയിസ് താക്കോല് പോലെ ഒരുത്തൻ. കുറെ നേരമായി കാണും പിന്നിൽ നിൽക്കുന്നു പക്ഷെ തന്റെ ശരീരം അയാളെ പൂർണ്ണമായും മറച്ചു കളഞ്ഞതാവണം.

‘എക്സ്ക്യൂസ്‌ മീ’ അയാൾ മുന്നോട്ടാഞ്ഞു. അവൻ വഴി മാറി കൊടുത്തു. സൂട്ട്കേയിസ് താക്കോൽ ഡംബലുകളുടെ അടുത്ത് വന്ന് അറുപതിന്റെ രണ്ടു ഡംബലുകൾ പൊക്കി തിരിച്ചു നടക്കാൻ തുടങ്ങി. പോകുമ്പോൾ അവനെ നോക്കി പറഞ്ഞു. ‘ഗുഡ് ജോബ്… സ്‌ലോലി ഇന്ക്രീസ് ദി വെയിറ്റ്സ്.. ഐ സ്റ്റാർട്ടഡ്ഡ് അറ്റ് ഫൈവ്’ അയാൾ ഒരു ചിരി സമ്മാനിച്ച് കളിപ്പാട്ടം പിടിച്ച് പോകുന്ന കുട്ടിയെ പോലെ അവന്റെ സൂട്ട്കേയ്സും അന്വേഷിച്ച് പോയി.

അവൻ വീണ്ടും കണ്ണാടി നോക്കി.. ലേശം മെലിഞ്ഞ പോലെ.. അല്ല ഇനി തടി കൂടിയോ. അവൻ ഡംബലുകളെ ഒന്നൊന്നായി പൊക്കി. ഇടയ്ക്ക് കണ്ണാടിയിൽ സ്യൂട്ട്കെയ്സ് താക്കോൽ അടുത്തെങ്ങാനും ഉണ്ടോ എന്ന് നോക്കി. കാണുന്നില്ല. ആളുകളെ അവരുടെ പുറംമോടി വച്ച് അളക്കുന്ന എജ്ജാതി ദുരന്തങ്ങളാണ് നമ്മൾ എന്നവന് തോന്നി.

അവൻ വീണ്ടും കണ്ണാടിയിൽ അവന്റെ രൂപം നോക്കി. അവനും ഒരു താക്കോലാണ്. മനുഷ്യരെല്ലാം താക്കോലുകളാണ്. പല തരം പെട്ടികൾ തുറക്കുന്ന താക്കോലുകൾ. അവന്റെ പെട്ടി ഇപ്പോൾ വളരെ വലുതായിരിക്കണം എന്നെ ഉള്ളു. അങ്ങനത്തെ പെട്ടി ഈ ഭൂമിയിൽ കൂടുതൽ സ്ഥലമെടുക്കും. എല്ലായിടത്തും കൊണ്ട് നടക്കാൻ കഴിയില്ല. ചിലപ്പോൾ അവന്റെ പെട്ടി അവസാനം ലഭ്യമാവുന്ന ഏത് താക്കോലിട്ട് തുറന്നാലും തുറക്കാൻ കഴിയുന്ന ശവപ്പെട്ടി മാത്രമായിരിക്കും. പക്ഷെ ശവപ്പെട്ടിക്ക് മുൻപ് അനേകം പെട്ടികളിലൂടെ കയറിയിറങ്ങണം നമ്മൾ ഓരോരുത്തരും. ഇപ്പോൾ അവൻ ജിം പെട്ടിൽ കയറിയിട്ടേ ഉള്ളു. ജിമ്മിന്റെ മുന്നിൽ ആ പേട്ടയിൽ കയറാൻ തയ്യാറാവാത്ത താക്കോലായി വർഷങ്ങളോളം അതിന് മുന്നിൽ കൂടി നടന്നു പോയിട്ടുണ്ട്. ഇതൊരു തുടക്കമാവട്ടെ. സ്യൂട്ട്കെയ്സിലേക്ക് ഇവിടെ നിന്നും കുറെ ഡംബലുകൾ ദൂരമുണ്ട്. പക്ഷെ എത്തും.          

-പഹയൻ-

Leave a comment