ഉറക്ക പിരാന്തൻ

കഴിഞ്ഞയാഴ്ച്ച എത്ര ഉറക്കം കിട്ടിയിട്ടുണ്ടാവും..?
എത്ര ദിവസങ്ങൾ രാവിലെ ക്ഷീണം തോന്നാതെ ഉണർന്നിട്ടുണ്ടാവും
ഫിറ്റബിറ്റ് എല്ലാം റെക്കോർഡ് ചെയ്യുന്നുണ്ട്…
പക്ഷെ സത്യം എനിക്കെ അറിയൂ
ഇന്നലെ എട്ട് മണിക്കൂറുറങ്ങി
എഴുന്നേറ്റപ്പോൾ ഇങ്ങനെ വേണം എന്നും തോന്നി
ചില ദിവസങ്ങളിൽ നാല് മണിക്കൂർ കഷ്ടിച്ച് കിട്ടും
ആരെയും കുറ്റപ്പെടുത്താനും പറ്റില്ല, എല്ലാം എന്റെ തെറ്റാണ്
സമയത്തിന് ഉറങ്ങാൻ പോവില്ല…
മദ്യപിച്ചിരിക്കും, റീൽസ് തൊണ്ടിയിരിക്കും
സാമൂഹ്യ മാധ്യമത്തിൽ അപരിചിതരുമായി പോരടിച്ചു ചാവും
അനാവശ്യങ്ങളിൽ ജീവിതത്തെ കുത്തി നിറയ്ക്കും
ഉറക്കം മതിയാവാതെ അടുത്ത ദിവസം വീണ്ടും ഉണരും
ഫിറ്റബിറ്റ് കൈയ്യിൽ ചുറ്റി കിടന്ന് ചീറ്റും
വീണ്ടും സ്വയം കുറ്റപ്പെടുത്തും…
ഇന്നലെ അധികമായി.. വേണ്ടിയിരുന്നില്ല എന്നൊക്കെ പറയും
തീരുമാനങ്ങൾ എടുക്കും…
9 മണിക്ക് ഒരു പുസ്തകവുമായി കിടക്കാൻ പോകണം..
വിശ്രമമാണ് ജീവിതത്തിൽ വേണ്ടത്..
ഉറക്കം സമയ നഷ്ടമല്ല ജീവിത ലാഭമാണ്
അതും അറിയാം…
ഉറങ്ങണം… വിശ്രമിക്കണം.. കുറ്റബോധങ്ങളില്ലാതെ..
അങ്ങനെ മോട്ടിവിഷം ഒന്നിനൊന്നായി വിഴുങ്ങും
പിന്നെ വാച്ചിൽ സമയം നോക്കും..
പത്തു മണി..
ഒന്നും കൂടി അടിച്ചിട്ട് കിടക്കാം..
ഇങ്ങനെയൊരു ഉറക്കമില്ലാത്ത ഉറക്ക പിരാന്തൻ

പഹയൻ

Leave a comment