യുദ്ധം

യുദ്ധങ്ങളോട് സംഭവിക്കരുത്
എന്ന് പറയാൻ പറ്റില്ല.. എങ്കിലും
യുദ്ധ കൊതിയന്മാരുടെ ലോകത്ത്
യുദ്ധങ്ങളോട് പറയുന്നതാവും ഭേദം..

ലോകത്തിൽ പലയിടത്തും
യുദ്ധത്തിനെതിരെ സംസാരിച്ചാൽ
ഉറ്റവർക്ക് പോലും നമ്മൾ ശത്രുക്കളായി മാറും
സമാധാനം എന്നതൊരു ബലഹീനതയാണെന്ന പോലെ
ആരാണിവിടെ ശത്രു…?

യുദ്ധം ചെയ്യുന്നവർ ചീത്ത മനുഷ്യരല്ല
ഇരു ഭാഗത്തും…
യുദ്ധം തുടങ്ങി വയ്ക്കുന്നവർ നീചരാണ്
ഇരുവശത്തും…

ഞാൻ യുദ്ധത്തിൽ പങ്കെടുത്തിട്ടില്ല
ഞാൻ യുദ്ധമുഖത്ത് ജീവിച്ചിട്ടില്ല
എന്റെ അവിവേകമാവാം..
എനിക്ക് യുദ്ധങ്ങൾ മനസ്സിലാവുന്നില്ല…

ഇംഗ്ലീഷിൽ Collateral Damage എന്നൊരു പ്രയോഗമുണ്ട്
യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുന്ന നിരപരാധികളിൽ
നമ്മുടെ വേണ്ടപ്പെട്ടവർ ഇല്ലെങ്കിൽ ഉപയോഗിക്കുന്ന വാക്കാണ്

വേണ്ടപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ
അതിനെ ആരും Collateral Damage എന്ന് വിളിക്കാറില്ല
എന്തൊരു ഇരട്ടത്താപ്പാണ് നമ്മൾക്ക്…

ഒരു രാജ്യത്തെ സൈനികരോട്
ആ രാജ്യത്തെ അധികാരികൾക്കുള്ള ഏറ്റവും വലിയ കടമ
യുദ്ധങ്ങൾ തുടങ്ങാതിരിക്കുക എന്നതാണ്

യുദ്ധം സർവ്വസാധാരണമാവുന്നു
എന്നതാണ് നമ്മുടെയൊക്കെ പരാജയം..
നമ്മൾ മിണ്ടുന്നില്ല…
നമ്മൾ യുദ്ധത്തിൽ മരിക്കുന്നില്ല
എന്തിന് യുദ്ധം എന്ന് നമ്മൾ ചോദിക്കുന്നില്ല
അത് തന്നെയാണ് നമ്മുടെ പരാജയം…

എത്ര മരണങ്ങളാണ്
ഒരു കുപ്പി പാലിന്റെ വില..?
ഒരു കഷ്ണം റോട്ടിയുടെ…
ബിരിയാണിയുടെ..
ചപ്പാത്തിയുടെ..
ഷർട്ടിന്റെ… ഷൂസിന്റെ..
കാറിന്റെ….. ചോകളേറ്റിന്റെ…

എത്ര കുട്ടികളുടെ മൃതദേഹങ്ങൾ വേണം
ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ…?

ഇതിന്റെ കണക്ക് ഉണ്ടാവില്ലേ..?
ഉണ്ടാവും… ഉണ്ടാവണം…
പക്ഷെ നമ്മളും അന്വേഷിക്കുന്നില്ല…

ഇന്നലെ കാറിൽ പെട്രോളടിച്ചപ്പോൾ
ഞാനും ഓർത്തില്ല…

-പഹയൻ-

Leave a comment