ഇടയ്ക്ക് തോന്നും അർത്ഥവത്തായി ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന്. പിന്നെ ചിന്തിക്കും അല്ലെങ്കിലും ഈ ജീവിതത്തിന് എന്തെങ്കിലും പ്രത്യേക ലക്ഷ്യമുണ്ടോ എന്ന്. അല്ല ഈ ജീവിതത്തിൽ നമ്മൾ എന്തെങ്കിലും ഉണ്ടാക്കണം എന്നുണ്ടോ ? ഇല്ല… ജീവിക്കുക എന്നത് മാത്രമല്ലെ ജീവിതം നമ്മളോട് ആവശ്യപ്പെടുന്നുള്ളു..?
മനുഷ്യരെന്ന രീതിൽ മരണം എന്ന പ്രക്രിയയെ കുറിച്ച് നമ്മൾ മനസിലാക്കുന്നു. അത് വിദൂരതയിലെവിടെയോ സംഭവിക്കുന്ന ഒന്നാണ് എന്ന് ചിന്തിക്കുമ്പോൾ പോലും. എന്നിട്ടും മരണം എന്നൊന്നില്ലാത്ത പോലെയാണ് പലപ്പോഴും നമ്മൾ പെരുമാറുന്നതും. ശരിയാണ് മറ്റു മൃഗങ്ങളെ പോലെ തന്നെയാണ് നമ്മൾ. പക്ഷെ അവരെക്കാൾ ചില ഉത്തരവാദിത്വങ്ങളുണ്ട് നമ്മൾക്കെന്ന് തോന്നാറുണ്ട്.
ഈ ലോകമവസാനിപ്പിക്കാനുള്ള എല്ലാ കരുത്തും നമ്മൾ ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മൾ ജീവിക്കുന്ന ഈ ഭൂമി. ഈ അണ്ഡകടാഹത്തിൽ നമ്മുടെ അറിവിൽ ജീവൻ സാധ്യമാവുന്ന ഒരേയൊരു സ്ഥലം. ആ കാര്യവും ഏതാണ്ടൊക്കെ നമ്മൾക്ക് വ്യക്തമായറിയാം. എന്നിട്ടും എത്ര നിരുത്തരവാദിത്വപരമാണ് നമ്മളിൽ പലരും.
ലോകത്തിന് നമ്മളെ പറ്റി വലിയ മതിപ്പൊന്നുമില്ല. മതിപ്പ് പോകട്ടെ നമ്മളെ കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ടെന്നും തോന്നുന്നില്ല. മനുഷ്യരാശി നശിച്ചാലും ഭൂമിയിലെ എത്രയോ ജീവികൾ ജീവിച്ചു കൊണ്ടേയിരിക്കും. The world does not care about humans. അതിന്റെ ആവശ്യം ലോകത്തിനില്ല. സോറി ലോകം നമ്മൾ മാത്രമല്ല എന്ന് ഇടയ്ക്കെങ്കിലും നമ്മൾ നമ്മളെ തന്നെ ഓർമ്മപ്പെടുത്തുന്നതും നല്ലതാവും.
സത്യത്തിൽ നമ്മൾ മനുഷ്യർ ഒന്നാന്തരം ഫ്രോഡുകളാണ്. നമ്മൾ തുടങ്ങി വയ്ക്കുന്ന യുദ്ധങ്ങൾ. എത്രയെത്ര ജീവനുകൾ. എത്രയെത്ര ജനിക്കാൻ കഴിയാതെ പോകുന്ന മരണങ്ങൾ. ചവിട്ടിയരച്ചു കളയുന്ന പുഞ്ചിരികൾ. എന്നിട്ടും ഇത്തിരി പോലുള്ള ചില്ലറ കാര്യങ്ങളിൽ പോലും വ്രണപ്പെട്ട് അന്യോന്യം വെട്ടാനും കൊല്ലാനും പോകുന്ന നമ്മൾ.
ഒരൊറ്റ ഗ്രഹം.. ചിന്തിക്കു.. ഒരു ഭൂമി.. ഒരു ഗോളം.. ജീവൻ സംഭവ്യമായ ഒന്നേയൊന്ന്.. എന്നിട്ടും നമ്മുടെ ആ അഹംഭാവം. നമ്മുടെ വിഡ്ഢിത്തം. ആന മണ്ടത്തരങ്ങൾ. നിസംഗത. ബോധമില്ലായ്മ. ആ അന്തവും കുന്തവും ഇല്ലാത്ത കഥയില്ലായ്മ. നമ്മളുടെ പരാചയങ്ങൾ നിർവചിക്കാൻ ഇനിയും വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.
എന്തൊരു കപടതയാണല്ലേ നമ്മളിലൊക്കെ.
ശരിയാണ്. ചോദ്യം നമ്മളെന്തുണ്ടാക്കി എന്നല്ല. നമ്മളെന്തെല്ലാം നശിപ്പിച്ചു എന്നതാണ്. അല്ലെങ്കിൽ എന്തൊക്കെ നമ്മൾക്ക് നശിപ്പിക്കാതിരിക്കാൻ കഴിഞ്ഞു എന്നതാണ്. എന്താണ് നമ്മൾ ബാക്കി വയ്ക്കാൻ ഭദ്രമാക്കാൻ തയ്യാറാവുന്നത് എന്നും.
-പഹയൻ-
Note: ഏപ്രിൽ മാസം അമേരിക്കയിൽ ‘National Poetry Month’ ആണ്. എല്ലാ ദിവസവും ഇംഗ്ലീഷിൽ എന്തെങ്കിലും കുത്തിക്കുറിക്കും. അതിന്റെ മലയാളം ഇവിടെയും ചേർക്കുന്നു.
