നീ… ഞാൻ…

ഏപ്രിൽ മാസം അമേരിക്കയിൽ ‘National Poetry Month’ എന്നറിയപ്പെടും. വർഷങ്ങളായി ആ മാസം ചിലതൊക്കെ കുത്തിക്കുറിക്കാൻ നോക്കും… ഇംഗ്ലീഷിലാണ് പതിവ്… ഇത്തവണ ഏപ്രിൽ രണ്ടിനാണ് തുടങ്ങിയത്.. ഏതായാലും.. ഇന്നലെ ഇംഗ്ലീഷിൽ എഴുതിയതിന്റെ മലയാളം പരിഭാഷ ഇവിടെ കൊടുക്കുന്നു..

poem എന്ന് പറയുന്നതിനേക്കാൾ prose എന്നാണ് മലയാളത്തിൽ പറയാൻ തോന്നുന്നത് അത് കൊണ്ട് അങ്ങനെ തന്നെ എഴുതാം…

നിന്റെ കണ്ണുകളിൽ ഭരമേറിയൊരു സൂര്യോദയം പ്രകാശിക്കുന്നത് എനിക്ക് കാണാം. നിന്റെ ചുണ്ടുകൾ ഒരിക്കലും ഈ ലോകത്തോട് വ്യക്തമാക്കാത്ത ആ അഭിപ്രായം എനിക്കിന്ന് മനസ്സിലാവും.

ഞാൻ ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല എങ്കിലും നീയീ ജീവിതത്തിൽ അനുഭവിച്ചത് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാം.

തിരക്കുള്ളൊരു തെരുവിൽ ഏതോ ഒരപരചിതന്റെ കൂടെ നടക്കുമ്പോൾ പോലും ഞാൻ ജീവനോടെയുണ്ടെന്നത് കാര്യം ഞാൻ മറന്ന് പോകുന്നു. കോൺക്രീറ്റുകൾ വഴിമാറി മണ്ണിൽ ചേറ് പുരണ്ട എന്റെ കാലുകൾ നടത്തം നിർത്താൻ തീരുമാനിക്കുന്നതും ഞാനറിയുന്നുണ്ട്.

ഇന്ന് ഞാനൊറ്റക്കിരുന്ന് എന്നോട് തന്നെ പറഞ്ഞു ഞാൻ ഒരിക്കലും പൂർണ്ണത എത്താൻ കഴിയാത്തൊരു യാത്രികനാണെന്ന്. നിന്നെ തേടിയുള്ള ഒരു യാത്ര. നിന്നെ ഒരിക്കലും കണ്ടെത്തില്ല എന്നറിയാം. എന്നിട്ടും.. ഞാൻ ചിലപ്പോൾ നിന്നെ അന്വേഷിച്ച് ഒരു നൂറ് വർഷം ജീവിച്ചേക്കാം. ഒരിക്കലും നിന്നെ കണ്ടെത്താൻ കഴിയാത്തൊരു യാത്ര.

സത്യം പറഞ്ഞാൽ ഞാൻ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് തന്നെ എനിക്കുറപ്പില്ല.

ചിലപ്പോൾ നീയെന്റെ ഭാവനയാവാം അല്ലെങ്കിൽ നിന്റെ ഭാവനയിൽ ഞാൻ ജീവിക്കുന്നതാവാം. എവിടെയോ നിന്റെ മനസ്സിൽ ഏതോ ഒരു കോണിൽ. ചിലപ്പോൾ അതാവാം എന്നെ ജീവനുള്ളതാക്കുന്നത്. എന്ററിവിൽ എനിക്ക് ജീവനില്ല..

-പഹയൻ-

Leave a comment