ചൈനീസ് ഭാഷ കവി Bei Dao (Zhao Zhenkai) എഴുതിയ ‘The Answer’ എന്ന കവിതയുടെ സ്വതന്ത്ര മലയാളം പരിഭാഷ.
ഉത്തരം – The Answer
തരം താഴ്ത്തപ്പെടുക എന്നത്
ചിലർക്ക് നമ്മുടെ വേരുകളിലേക്ക് കുത്തിയിറങ്ങാനുള്ള രഹസ്യ വാക്കാണ്
ആഭിജാത്യവും കുലീനതയും പ്രഭുത്വത്തിന്റെ കല്ലറകളിൽ
കുത്തി വയ്ക്കുന്ന സ്മരണക്കുറിപ്പുകളുമാണ്
മരിച്ചവരുടെ കെട്ടുപിണഞ്ഞ നിഴലുകളുടെ പ്രവാഹം കൊണ്ട് മൂടിയിരിക്കുന്ന
സ്വർണ്ണം പൂശിയ ഈ ആകാശം കണ്ടില്ലേ?
ഹിമയുഗം കഴിഞ്ഞിരിക്കുന്നു
എന്നിട്ടും ചുറ്റും കല്ലു പോലുള്ള മഞ്ഞുകട്ടകളാണ്
കേപ്പ് ഓഫ് ഗുഡ് ഹോപ്പ് കണ്ടു പിടിച്ചിരിക്കുന്നു
എന്നിട്ടും എന്തിനാണ് അസംഘ്യം കപ്പലുകൾ ആ ചാവുകടലിൽ മത്സരിക്കുന്നത്
വിധി പറയുന്നതിന് മുൻപ്
വിധിക്കപ്പെടുന്ന ശബ്ദത്തെ കുറിച്ച് വിളംബരം ചെയ്യാൻ
പേപ്പറും കയറും ഒരു നിഴലും മാത്രമായിട്ടാണ്
ഞാനീ ലോകത്തേക്ക് വന്നത്
ലോകമേ നിന്നോട് ഞാൻ ചിലത് പറയട്ടെ
“എനിക്ക് വിശ്വാസമില്ല…”
നിങ്ങളുടെ കാലിനടിയിൽ ആയിരം നിഷേധികളുണ്ടെങ്കിൽ
അതിൽ ആയിരത്തിഒന്നാമനായി എന്നെ കൂടി ചേർത്തോളൂ..
ഈ ആകാശം നീലയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല
ഇടിവെട്ടലിന്റെ മാറ്റൊലിയിൽ എനിക്ക് വിശ്വാസമില്ല
സ്വപ്നങ്ങൾ കള്ളമാണെന്നും ഞാൻ വിശ്വസിക്കുന്നില്ല
മരണത്തിന് പ്രതികാരദാഹമില്ല എന്നും എനിക്ക് വിശ്വാസമില്ല
തടസ്സങ്ങളെല്ലാം പൊട്ടിച്ചോഴുകുക എന്നത് കടലിന്റെ നിയോഗമാണെങ്കിൽ
ആ ഉപ്പുവെള്ളം എന്റെ നെഞ്ചിലേക്ക് നിറഞ്ഞൊഴുകട്ടെ
ഉയരുക എന്നത് ഈ നാടിന്റെ നിയോഗമാണെങ്കിൽ
മനുഷ്യത്വം അതിന്റെ നിലനിൽപ്പിന് പുതിയൊരു കൊടുമുടി കണ്ടെത്തട്ടെ
പുതിയ കൂട്ടുകെട്ടുകളും മിന്നി ചിമ്മുന്ന നക്ഷത്രങ്ങളും
തടസ്സങ്ങളില്ലാത്ത ആകാശത്തെ അലങ്കരിച്ചിരിക്കുന്നു
അയ്യായിരം വർഷങ്ങൾ പഴക്കമുള്ള ചിഹ്നങ്ങളും അടയാളങ്ങളുമാണിവയൊക്കെ
ഓർക്കുക… ഇത് വരും തലമുറയുടെ ജാഗരൂഗമായ കണ്ണുകളാണ്
Bei Dao – (സ്വതന്ത്ര പരിഭാഷ – പഹയൻ)
