ചില സമയത്ത് നമുക്ക് നമ്മളോട് തന്നെ വല്ലാത്തൊരു ദേഷ്യം വരും. കാരണം നമ്മളായിരിക്കില്ല എങ്കിലും ദേഷ്യം നമ്മളോടാണ്. ആരെങ്കിലും കുറ്റപ്പെടുത്തിയാൽ സത്യത്തിൽ ആ കുറ്റപ്പെടുത്തിയ വ്യക്തിയോടല്ലേ ദേഷ്യം വേണ്ടത്. ഇതങ്ങനെയല്ല.. ദേഷ്യം മുഴുവൻ നമ്മളോടാണ്.
അതിന് കാരണം വളരെ ലളിതമാണ്.
മറ്റേയാൾ എന്നെ കുറ്റപ്പെടുത്തിയത് പോലുമാവില്ല. ഒരു സത്യം പറഞ്ഞു. എന്നെ പറ്റി ഞാൻ തന്നെ തിരിച്ചറിയാത്ത, എന്റെ ഉള്ളിൽ മറ്റുള്ളവർക്ക് മാത്രം കാണാൻ പാകത്തിലുള്ള ഒരു ശരിയില്ലായ്മ ചൂണ്ടി കാണിച്ചു കാണും.
ആദ്യം എനിക്ക് മനസ്സിലാവില്ല. ചിലപ്പോൾ ഒരു മുഴുവൻ ദിവസം കാര്യം മനസിലാവാതെ ഞാൻ എന്റെ ലോകത്ത് കിടന്ന് വിലസും. അടുത്ത ദിവസം രാവിലെ അല്ലെങ്കിൽ രാത്രി ഉറക്കത്തിൽ എന്തോ ഒരു പന്തിക്കേട് തോന്നും. ഇന്ന് ആ കക്ഷി എന്നെ കുറ്റപ്പെടുത്തിയതാണോ…?
ആ ചിന്തയും വച്ച് തിരിഞ്ഞും മറഞ്ഞും കിടക്കും. എട്ട് മണിക്കൂർ ഉറക്കം കിട്ടുന്ന എന്റെ കൈയ്യിൽ കെട്ടിയ കുന്ത്രാണ്ടം രാവിലെ പറയും “ആകെ ഉറങ്ങിയത് വെറും നാല് മണിക്കൂർ” എന്നെ കുറ്റപ്പെടുത്തിയ ആളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നും.
എഴുന്നേറ്റ് വ്യായാമം ചെയ്യുമ്പോൾ എന്റെ ആത്മാഭിമാനത്തിന് ഏറ്റ ക്ഷതം ഓർത്ത് വിയർക്കും. സ്വതവേ നിർത്തുന്നതിന് മുൻപേ തന്നെ വ്യായാമം നിർത്തും. ബാത്ത്റൂമിൽ ചെന്ന് കണ്ണാടി നോക്കും. അയാൾ പറഞ്ഞത് വീണ്ടും മനസ്സിൽ വരും. ഞാൻ കണ്ണാടിയിലേക്ക് തന്നെ നോക്കും. മെല്ലെ എന്റെ ദേഷ്യം അയാളിൽ നിന്നും മാറി എന്നനിലേക്ക് തന്നെ വരും. പിന്നെ എന്നോട് തന്നെയാവും ദേഷ്യം. ഇത്ര മണ്ടനായി പോയല്ലോ ഞാൻ.
ഇവിടെ നിന്നുമാണ് നമ്മൾ സ്വയം പഠിക്കാൻ തുടങ്ങുന്നത്. അയാളിൽ നിന്നും ശ്രദ്ധ മാറും…. കുറ്റപ്പെടുത്തലെന്ന് കരുതിയതിനെ അന്വേഷണം എന്ന് തിരിച്ചറിയും. നമ്മളിൽ മാറാനും ചിലതെല്ലാം ഉണ്ട് എന്ന് കണ്ടെത്തും. അവസാനം അയാളോട് മനസ്സിൽ നന്ദി പറയും. അടുത്ത ദിവസം കാണുമ്പോൾ മനസ്സ് തുറന്ന് ചിരിക്കും. ആയാളും തിരിച്ച് ചിരിക്കും.
