ബല്ലാത്ത മനുഷ്യർ

മനുഷ്യന് ഏറ്റവും ആവശ്യമെന്താണ് എന്ന ചോദ്യത്തിന് നമ്മളുടെ കൈയ്യിൽ ഇപ്പോളുള്ളത് മതി എന്ന് എത്ര പേര് പറയും. ഇനിയൊന്നും വേണ്ട എന്ന് മറ്റുള്ളവർക്ക് തോന്നുമ്പോഴും അതുള്ളവന് എന്തൊക്കെയോ കുറവുള്ളത് പോലെ തോന്നാം.

പണം പദവി സന്തോഷം ബന്ധങ്ങൾ ആരോഗ്യം അങ്ങനെ പലതും. ഇതൊക്കെ ഉണ്ടെങ്കിലും എന്തൊക്കെയോ ഇല്ലെന്ന് തോന്നാൻ അധികം സമയം വേണ്ട. എത്ര പണം വേണം മനുഷ്യന്, എൺപതുകാരന് ഇരുപതുകാരന്റെ ആരോഗ്യം ഉണ്ടാവുമോ? പദവിയുടെ പ്രസക്തിയെന്താണ്?

ഇന്ന് ഇല്ലെന്ന് തോന്നുന്നതായിരിക്കില്ല ചിലപ്പോൾ നാളെ ഇല്ലെന്ന് തോന്നുന്നത്. ഇന്ന് ഉണ്ടെന്ന് തോന്നുന്നത് നാളെ പോരാ എന്നും തോന്നാം.

എന്നോട് ഏതാനും മാസങ്ങൾ മുൻപ് ഒരു ഫൈനാൻഷ്യൽ സ്‌പെഷലിസ്റ്റ് ചോദിച്ചു നിങ്ങൾക്ക് റിട്ടയർ ചെയ്‌താൽ ലോകമൊക്കെ ചുറ്റി കറങ്ങി കാണണ്ടേ. എന്റെ ഉത്തരം വേണ്ടെന്നായിരുന്നു. യാത്ര ചെയ്യാൻ എന്തിനാണ് റിട്ടയർ ചെയ്യേണ്ട ആവശ്യം?

പിന്നെ സ്വയം ചിന്തിച്ചു നോക്കി, മരിക്കുന്നതിന് മുൻപേ ലോകത്തിൽ പലയിടത്തും പോയില്ലെങ്കിൽ വിഷമം വരുമോ എന്ന്. എന്തിന്.. ആർക്കും വാക്ക് കൊടുത്തിട്ടില്ല. ആരോഗ്യം ഇല്ലെങ്കിൽ വിഷമം വരും, എനിക്കും കൂടെയുള്ളവർക്കും വിഷമമായാൽ. പിന്നെ ഭക്ഷണത്തിന് ആര് ബുദ്ധിമുട്ടുന്നത് കണ്ടാലും വിഷമം വരും.

ലോകത്തിൽ എല്ലാവർക്കും സുഭിക്ഷമായി ജീവിക്കാനുള്ളത് ഇവിടുണ്ട് എന്നുണ്ടെങ്കിലും നമ്മൾ ഒറ്റക്കും കൂട്ടമായും നമ്മുടെ കുറവുകൾ തേടി കണ്ടെത്തുന്നു. ബല്ലാത്ത മനുഷ്യർ തന്നെയാണ് നമ്മൾ

Leave a comment