42/365 എഴുതാനിരുന്ന് എഴുതാതിരുന്നത്

നാല്പത്തിയൊന്നിൽ നിന്നും നാല്പത്തിരണ്ടിലേക്കുള്ള ദൂരം നാല് മാസമാണത്രെ. മുന്നൂറ്ററുപത്തഞ്ച് കുഞ്ഞി പംക്തികൾ എഴുതാമെന്നാലോചിച്ച് തുടങ്ങി നാല്പത്തൊന്നിൽ നിന്നു. പിന്നെ ഇന്ന് നാല്പത് ദിവസം കഴിഞ്ഞതിന് ശേഷം ഇതാ എഴുതാനിരിക്കുന്നു. ഇതിനിടക്ക് എഴുതിയില്ല എന്നല്ല. ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏതാണ്ട് നൂറ്റിമുപ്പത് പേജുകൾ എഴുതി. എനിക്ക് തന്നെ അസഹ്യമായി തോന്നിയതിനാൽ അതവിടെ കിടക്കുന്നു.

അത് കൂടാതെ വേറെയും ചിലതൊക്കെ എഴുതി… ഇംഗ്ലീഷിലാണ് പിന്നെ കൂടുതലും എഴുതിയത്. ആഴ്ച്ചക്ക് ഒന്നെന്ന നിലയിൽ. ഫേസ്‌ബുക്ക് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തതിന് ശേഷം ഫേസ്‌ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാത്തതിനാലാവാം എഴുത്തിന്റെ സ്വതവേയുള്ള ഒഴുക്ക് നിന്നത്. പ്രതികരണങ്ങൾ എളുപ്പമാണ്. വിഷയമില്ലാതിരിക്കുന്ന മനസ്സിൽ പുതുതായി തീകൂട്ടി എന്തെങ്കിലും ഉണ്ടാക്കുക എളുപ്പമല്ല.

പിന്നെ ഇന്നെന്താ പ്രത്യേകത. ഒന്നുമില്ല. ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഭുജംഗയ്യന്റെ ദശാവതാരങ്ങൾ വായിച്ച് ആ ലോകത്തേക്ക് ദിവസവും അല്പനേരം സഞ്ചരിക്കാറുണ്ട്. അങ്ങനെ ഇന്നൊരു ഒഴിവു ദിവസം അല്പം വായിച്ച് മാതൃഭൂമിയിൽ കല്പറ്റ നാരായണന്റെ വിജയൻ മാഷെ കുറിച്ചുള്ള വിജയലഹരിയും അൽപ നേരം വായിച്ചപ്പോൾ എന്തോ വെറുതെ എന്തെങ്കിലും കുറിക്കണം എന്ന് തോന്നി. അങ്ങനെ പ്രത്യേകിച്ചൊന്നുമല്ല. മനസ്സിൽ എന്നോട് തന്നെ പറയുന്ന പോലെ എന്തെങ്കിലുമൊക്കെ എഴുതാൻ തോന്നി.

ആദ്യം കരുതി എന്തെങ്കിലും കവിതയെഴുതാം എന്ന്. അതാലോചിച്ച് നിന്നപ്പോൾ അടുത്തുള്ള പുസ്തകത്തിൽ നിന്നും എന്തോ വായിച്ചു. ഇപ്പോഴും എന്തെങ്കിലും ഒരു കവിത വായിക്കാൻ പറ്റുന്ന രീതിയിൽ ഒരു പുസ്തകം ഞാൻ ഇരുന്നിടത്ത് വയ്ക്കാറുണ്ട്. അത് വായിച്ചപ്പോൾ കവിത എഴുതണം എന്ന ആഗ്രഹം ഒതുങ്ങി. പിന്നെ ഒന്നും ആലോചിച്ചില്ല. ലാപ്ടോപ്പ് തുറന്ന് ബ്ലോഗിലിറങ്ങി ഇങ്ങനെ ലേശം വിരലിട്ടടിച്ചു. എന്ത് കാര്യം ഒന്നുമില്ല.

നാല്പത്തിയൊന്നിൽ നിന്നും നാല്പത്തിരണ്ടിലേക്കുള്ള ദൂരം നാല് മാസമാണെന്നറിയാം. നാല്പത്തിമൂന്നിലേക്ക് ഇനിയെത്ര കാലം എന്ന് കണ്ടറിയണം. ഇങ്ങനെ എഴുതാനിരുന്ന് എഴുതാതിരിക്കുന്ന മറ്റു പലതും ഉണ്ടാവും

സ്നേഹം
പഹയൻ

Leave a comment