15/365 കൂട്ടുകാരുടെ മതം നോക്കാത്ത മണ്ടൻ

ഇന്നലത്തെ ഗാന്ധി ഘാതകന്റെ പോസ്റ്റ് വെളുപ്പിക്കാൻ ഒന്നുരണ്ടു പേര് വന്നു ഒരുത്തനെ ബ്ലോക്കി മറ്റവൻ ഇപ്പോഴും അവിടെ കിടന്ന് മെഴുകുന്നുണ്ട്. ബ്ലോക്കിയവന്റെ കമന്റാണ് ഈ പോസ്റ്റിന് ഇന്ധനം.

കക്ഷി ഏതോ വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ പാലക്കാട് ഡിവിഷനിലെ റാങ്ക് ഹോൾഡറാണ്. ഫോർവേഡിന് പിറകെ ഫോർവേഡുകൾ ഇംഗ്ലീഷിലും മലയാളത്തിലും. ഒരേ വിഷയം മലയാളം മീഡിയം യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് മീഡിയത്തിലും മാറി മാറി പഠിച്ചു വിജയിക്കുന്നവനാണ്.

ഇതിൽ ഒരു ഫോർവേഡാണ് രസം. ഒരു സെൻസസാണ് ഇന്ത്യയിൽ എത്ര മുസ്ലിമുകളുണ്ട് ഇന്ത്യൻ ജയിലുകളിൽ എത്രയുണ്ട് എന്നൊക്കെ പറഞ്ഞ് അതിന്റെ ഒരു ശതമാന കണക്കും വച്ച് ഒന്ന്. അതിന് മുകളിൽ മൊത്തം വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സെർട്ടിഫിക്കറ്റ് പതിപ്പിച്ചിട്ടുമുണ്ട്.

ഞാൻ അതിന് ഒരു മറുപടി കൊടുത്തു “ഇങ്ങനെയുള്ള സെൻസസ് ഒക്കെ എടുത്ത് അലക്കുന്നത് കക്ഷിയുടെ വർഗ്ഗീയ ചിന്തയാണ് എന്നും ആളുകളെ അപാരവത്കരിക്കാൻ ലോകത്ത് പലയിടത്തും നടക്കുന്ന അടവാണ് എന്നും.

കക്ഷിയുടെ മനസ്സ് വേദനിച്ചു എനിക്ക് മുസ്ലിം സുഹൃത്തുക്കൾ ഉണ്ടെന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി. കരയുന്നത് വർഗ്ഗീയത മനസ്സിലുള്ള ആളാണെങ്കിലും ഇടയ്ക്ക് നമ്മളുടെ മനസ്സലിയുമല്ലോ. ഞാൻ അവനെ സമാധാനിപ്പിച്ചു “എനിക്കൊക്കെ സുഹൃത്തുക്കളെ ഉള്ളു അതിൽ മുസ്ലിമെത്ര ക്രിസ്ത്യാനിയെത്ര ഹിന്ദുവെത്ര ഒരു മതവുമില്ലാത്തവർ എത്രെ എന്നൊന്നും നോക്കാറില്ല” 

പിന്നെ അവനെ ഒന്ന് ഉപദേശിച്ചു… ഈ വാട്സ്ആപ്പ് ഫോർവേഡുകളിലെ ജയിൽപ്പുള്ളികളുടെ മതത്തിന്റെ സെൻസസ് നോക്കി നോക്കി സ്വന്തം സുഹൃത്തുക്കളുടെ മതവും നോക്കിയിരിക്കരുത് എന്ന്. സമാധാനമുണ്ടാവില്ല എന്ന്… എന്നിട്ട് മാന്യമായി ചങ്ങായിയെ ബ്ലോക്കി കാരണം മ്മടെ പേജ് ഇവനൊക്കെ ഇവന്റെ വർഗ്ഗീയത പയറ്റാനുള്ള ഇടമാക്കുക എന്നതാണ് ലക്‌ഷ്യം. അതിന് ചിലപ്പോൾ പണവും കിട്ടുന്നുണ്ടാവും. ആർക്കറിയാം.                   

അത് കഴിഞ്ഞപ്പോഴാണ് ഈ വാട്സാപ്പ് ഗ്രൂപ്പുകളുടെ മാലിന്യത്തെ കുറിച്ച് ഓർമ്മ വന്നത്. എനിക്കും സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ട്. അതിൽ ഒരു മുസ്ലിം പോലുമില്ലാത്ത ഗ്രൂപ്പും ഉണ്ട്. അവിടെ ഒരിക്കൽ ഒരു ഫോർവേഡ് വന്നു. സ്ഥിരം വാട്ട്സ്ആപ്പ് സംഭവം തന്നെ.. പുരുവെന്ന രാജാവിനെ കുറിച്ച് പഠിപ്പിച്ചില്ല മൗര്യനെ കുറിച്ച് പഠിപ്പിച്ചില്ല പക്ഷെ ഔറംഗസീബിനെ പറ്റിയും ഗോറിയെ പറ്റിയും പഠിപ്പിച്ചേ എന്ന കരച്ചിൽ. വിഷമം തോന്നി ഞാൻ മറുപടി കൊടുത്തു.

ഞാനൊക്കെ പുരുവിനെ കുറിച്ചും അലക്‌സാണ്ടറെ കുറിച്ചുള്ള യുദ്ധത്തെ കുറിച്ചും പഠിച്ചിട്ടുണ്ട്. മൗര്യനെ കുറിച്ചും പഠിച്ചിട്ടുണ്ട്. കക്ഷി ക്‌ളാസ് കയറാതെ ഇപ്പോൾ വാട്സാപ്പിൽ ഇരുന്ന് പഠിക്കേണ്ട ഗതികേട് മ്മക്ക് ഇല്ലല്ലോ. അപ്പോൾ അതാ വരുന്നു ഇസ്ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചുമൊക്കെ കുറച്ചു തെറികൾ…

കാര്യം ഗ്രൂപ്പിൽ മുസ്ലിമുകൾ ഇല്ലാത്തത് കൊണ്ട് എന്തും പറയാം എന്നായിരിക്കണം. ഒന്ന് ചൊറിയാൻ ഞാനും തീരുമാനിച്ചു. ഗ്രൂപ്പിൽ രണ്ടു മൂന്ന് ക്രിസ്ത്യാനികൾ ഉണ്ട്. ബൈബിളിനെ പറ്റി പറയു എന്നായി ഞാൻ. അതും കഥകളല്ലേ…. അതോടെ  മിണ്ടാട്ടമില്ല. ഗ്രൂപ്പിൽ ഉള്ളവരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടാവണം. സാരമില്ല…

പക്ഷെ നിങ്ങൾ മെമ്പറായിട്ടുള്ള ഗ്രൂപ്പുകളിൽ ഒന്ന് നോക്കു ഇതൊരുദാഹരണം മാത്രമാണ്. പലപ്പോഴും വാട്സാപ്പ് ഗ്രൂപ്പുകൾ ഈ ഫോർവേഡ് ജീവികളുടെ മേച്ചിൽപ്പുറങ്ങളാണ്. അങ്ങനത്തെ ഫോർവേഡ് ജീവികൾ ഫേസ്‌ബുക്കിൽ വന്നാൽ ബ്ലോക്കണ്ടേ ?

കൂടെ പഠിച്ചവരുടെയും ഇപ്പോഴുള്ള സുഹൃത്തുക്കളുടെയും മതം നോക്കാതെ ജീവിക്കുന്ന ഒരു മണ്ടനാണ് ഞാൻ. ഈ മതം നോക്കി മനുഷ്യരെ അളക്കുന്ന സ്വഭാവം സംഘികളിൽ മാത്രമല്ല ട്ടോ. ഞാൻ നിരീശ്വരവാദിയാണ് എന്നതാണ് എന്റെ ഒരേയൊരു കുഴപ്പം എന്നൊരു ഇസ്ലാം മതവിശ്വാസിയായ സുഹൃത്ത് പറഞ്ഞപ്പോഴാണ് സത്യത്തിൽ ഞാൻ അവന്റെ മതം ഓർമ്മിച്ചത്.

അവനോട് ചോദിച്ചു നീ മുസ്ലിമായതാണ് നിന്റെ ഒരേയൊരു പ്രശ്നം എന്ന് പറഞ്ഞാൽ നിനക്കെങ്ങനെയുണ്ടാവും. അവൻ ചിരിച്ചു.. പിന്നെ മിണ്ടിയില്ല… കാര്യം അവന് പിടി കിട്ടി കാണണം. അവൻ ഫേസ്‌ബുക്കിൽ ഇല്ലാത്തത് കൊണ്ട് ബ്ലോക്കാൻ കഴിയില്ല. പക്ഷെ അവനെ കുറിച്ച് ഓർക്കുമ്പോൾ എപ്പോഴും ഇപ്പോൾ ഓർമ്മ വരുന്നത് അവന്റെയാ വർത്തമാനമാണ്. ചില കാര്യങ്ങൾ അങ്ങനെയാണ് പെട്ടന്ന് മനസ്സിൽ നിന്നും പോവില്ല.   

ഒരാളുടെ മതം അയാളുടെ ദോഷമായി കാണാത്ത എന്റെ മതമില്ലായ്മ എന്റെ ദോഷമായി കാണുന്ന ഒരാളെ  ഞാനെന്ത് പറയണം. മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമായിക്കൊള്ളൂ പക്ഷെ ഇങ്ങോട്ടെടുക്കരുത്. അത് ആരായാലും. 

അത് കൊണ്ട് തന്നെയാണ് നിരീശ്വരവാദിയായ ഞാൻ നിരീശ്വരവാദികളുടെ ഗ്രൂപ്പിൽ ചേരാത്തത്. ചേർന്നാൽ പിന്നെ മതം പോലെ തന്നെ നമ്മളും ബ്രെയിൻ വാഷ് ചെയ്യപ്പെടും എന്ന ഭയമുണ്ട്. We are all easily influenced in groups.             

സ്നേഹം

പഹയൻ

Leave a comment