അഡോണിസിന്റെ കവിത ‘ഐ സെഡ് അൺറ്റു യു’ | Malayalam Translation

അഡോണിസ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സിറിയൻ കവി അലി അഹ്മദ് സൈദ് എസ്‌ബെർ (Ali Ahmad Said Esber born 1 January 1930) എഴുതിയ ഞാൻ നിന്നോട് പറഞ്ഞു (I Said Unto You) എന്ന കവിതയുടെ മലയാളം പരിഭാഷ.

ഐ സെഡ് അൺറ്റു യു (I Said Unto You)
—————
കടലുകൾ എനിക്ക് കവിത വായിച്ച് തന്നിട്ടുണ്ട്
മുത്തുച്ചിപ്പിക്കുള്ളിൽ മണികൾ കിലുങ്ങുന്നതിന്റെ ശബ്ദം
എന്റെ കാതിൽ ഇന്നുമുണ്ട്

ഞാൻ നിന്നോട് പറഞ്ഞതോർമ്മയുണ്ടോ?
സാത്താന്റെ വിവാഹത്തിനും കഥകളിലെ വിരുന്നിനും
ഞാൻ എന്റെ പാട്ടുകൾ പാടിയിരുന്നത്

മഴയുടെ ചരിത്രത്തിൽ,
ദൂരെയുള്ളൊരു തിളക്കത്തിൽ
ഒരു യക്ഷിയുടെ വീട്ടിൽ
ഞാൻ കണ്ടത് നിന്നോട് പറഞ്ഞതോർമ്മയുണ്ടോ…?

ഇന്നും ഞാനെന്റെ കണ്ണുകളിൽ യാത്രയാവുന്നു,
നമ്മുടെ അകൽച്ചയുടെ ആദ്യത്തെ കാൽവെപ്പിൽ
ഞാൻ നിന്നോട് പറഞ്ഞു
ഞാൻ എല്ലാം കണ്ടു കഴിഞ്ഞിരിക്കുന്നു…

-അഡോണിസ്-
പരിഭാഷ (മർത്ത്യൻ)

Leave a comment