ഞാൻ നീ നമ്മൾ

ഏപ്രിൽ മാസം അമേരിക്കയിൽ ‘National Poetry Month’ എന്നറിയപ്പെടും. വർഷങ്ങളായി ആ മാസം ചിലതൊക്കെ കുത്തിക്കുറിക്കാൻ നോക്കും… ഇംഗ്ലീഷിലാണ് പതിവ്… ഇത്തവണ ഏപ്രിൽ രണ്ടിനാണ് തുടങ്ങിയത്.. ഏതായാലും.. ഇന്നലെ എഴുതിയതിന്റെ മലയാളം പരിഭാഷ ഇവിടെ കൊടുക്കുന്നു.. poem എന്ന് പറയുന്നതിനേക്കാൾ prose എന്നാണ് മലയാളത്തിൽ പറയാൻ തോന്നുന്നത് അത് കൊണ്ട് അങ്ങനെ തന്നെ എഴുതാം…

നിന്റെ കണ്ണുകളിൽ ഭരമേറിയൊരു സൂര്യോദയം പ്രകാശിക്കുന്നത് എനിക്ക് കാണാം. നിന്റെ ചുണ്ടുകൾ ഒരിക്കലും ഈ ലോകത്തോട് വ്യക്തമാക്കാത്ത ആ ശോക ഗാനം എനിക്കിന്ന് കേൾക്കാം.
ഞാൻ ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല എങ്കിലും നീയനുഭവിച്ചത് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാം.

തിരക്കുള്ളൊരു തെരുവിൽ ഏതോ ഒരപരചിതന്റെ കൂടെ നടക്കുമ്പോൾ ഞാൻ ജീവനോടെയുണ്ടെന്നത് തന്നെ മറന്ന് പോകുന്നു. കോൺക്രീറ്റുകൾ വഴിമാറി എന്റെ കാലുകൾ മണ്ണ് തൊടുമ്പോൾ ആ ചെളി പുരണ്ട കാലുകൾ നടത്തം നിർത്താൻ തീരുമാനിക്കുന്നതും ഞാനറിയുന്നുണ്ട്.

ഇന്ന് ഞാനൊറ്റക്കിരുന്ന് എന്നോട് തന്നെ പറഞ്ഞു ഞാൻ അപൂർണ്ണമായൊരു യാത്രികനാണ്. നിന്നെ തേടിയുള്ള യാത്ര. നിന്നെ ഒരിക്കലും കണ്ടെത്തില്ല എന്നറിയാം. ഞാൻ ചിലപ്പോൾ നിന്നെ അന്വേഷിച്ച് ഒരു നൂറ് വർഷം ജീവിച്ചേക്കാം. ഒരിക്കലും നിന്നെ കണ്ടെത്താൻ കഴിയാത്തൊരു യാത്ര.

സത്യം പറഞ്ഞാൽ ഞാൻ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് തന്നെ എനിക്കുറപ്പില്ല.

ചിലപ്പോൾ നീയെന്റെ ഭാവനയാവാം അല്ലെങ്കിൽ നിന്റെ ഭാവനയിൽ ഞാൻ ജീവിച്ചിരിപ്പുണ്ടാവാം. എവിടെയോ നിന്റെ മനസ്സിൽ ഏതോ ഒരു കോണിൽ. ചിലപ്പോൾ അതാവാം എന്നെ ജീവനുള്ളതാക്കുന്നത്. കാരണം എന്ററിവിൽ ഞാനെന്നൊരാളില്ല..

-പഹയൻ-

Leave a comment