ഫേസ്‌ബുക്ക് വ്രണങ്ങൾ

രാവിലെ അലാറം അടിച്ചലറി
അടിച്ചു പൂസായി കിടന്നവന്റെ അടഞ്ഞ കണ്ണിൽ
മരണപ്പെട്ടവനേക്കാൾ ശാന്തത

അലാറം ചത്തപ്പോൾ അവനുണർന്നു
വൃണപ്പെടാനായി ഫേസ്‌ബുക്കിൽ പരതി
പഹയന്റെ പോസ്റ്റുണ്ട് വൃണപ്പെടാൻ വകയുണ്ടാവും

പല്ലു തേയ്ക്കാതെ വായ്നാറ്റം മുഴുവൻ അവൻ കമന്റിൽ മുക്കി
പഹയനെ തെറി വിളിച്ചവർക്കൊക്കെ വാരി കോരി
ലൈക്ക് വിതറി..

കക്കൂസിലിരുന്ന് വീണ്ടും വ്രണപ്പെട്ടു
പല്ലു തേയ്ക്കുന്നതായി അഭിനയിക്കുന്നതിനിടക്കും വ്രണപ്പെട്ടു.
കുളിച്ചപ്പോൾ ആ ഉണങ്ങാത്ത പുത്തൻ വ്രണങ്ങൾ നീറി

ഈറനുടുത്ത് പഹയന്റെ പേജിൽ പോയി നോക്കി
പഹയന്റെ ഫേസ്‌ബുക്ക് പേജ് കാണുന്നില്ല…
“പഹയൻ തന്നെ ബ്ലോക്കി..” ഇനി എങ്ങനെ വ്രണപ്പെടും

ഒരു കൂട്ടം വ്രണങ്ങളിൽ വെള്ള തുണി കെട്ടി
ചിലർ ചുവപ്പ് തുണി കെട്ടി….
ചിലർ പച്ച തുണി കെട്ടി..
ചിലർ കാവി തുണി കെട്ടി..
ഒരു കൂട്ടം ചാണകം പുരട്ടുകയും ചെയ്‌തെന്ന് വാർത്ത..

ഞാൻ വിശ്വസിക്കില്ല…
ചാണകത്തിൽ പ്ലൂട്ടോണിയമുണ്ട്
പ്ലൂട്ടോണിയം നീറും….

വ്രണം ഒരു ആഗോള പ്രതിഭാസമാണ്..
സങ്കീർണ്ണ വിഷയങ്ങളിൽ ബൈനറി തീർപ്പുകൾ മാത്രം തിരയുന്നവർ
വ്രണപ്പെടണം… എന്നാലേ സമൂഹം പുരോഗമിക്കും..

വ്രണപ്പെടാൻ ഇടതനും വലതനും അവകാശമുണ്ട്..
ജാതി മത ഭേതമന്യേ വ്രണവത്കരിക്കപ്പെട്ടിട്ടുണ്ട് ഇന്ന് സമൂഹം

വ്രണപ്പെടൽ ഒരു അവസ്ഥയാണ്….
ആ അവസ്ഥയിലേക്ക് ഇവരെ ആർക്കും ഉന്തിയിടാം….

-പഹയൻ1


Leave a comment