ഡിവോഴ്സാണോ? – Malayalam Flash Fiction

“മാഷ് ഈ നാട്ട്കാരനാണോ”
പുതുതായി കണക്ക് പഠിപ്പിക്കാൻ ചേർന്ന മനോജ് ചോദിച്ചു. മാഷ്ക്ക് ഉത്തരം പറയാൻ കഴിയുന്നതിന് മുൻപ്തന്നെ സുരേന്ദ്രൻ മാഷ് ഇടപെട്ടു.

“മാഷ് ഈ നാട്ടുകാരൻ തന്നെയാണ് പക്ഷെ മാഷടെ പാർട്ണർ അല്ല”

“എവടാ അവരടെ നാട്..?
“അമേരിക്ക..” ഇപ്രാവശ്യം പ്രേമ ടീച്ചറാണ് ഉത്തരം കൊടുത്തത്..

“മദാമ്മയാണ്…”
വായിക്കുന്ന പേപ്പറിൽ നിന്നും തലയുയർത്താതെ രവി സാർ പറഞ്ഞു.

“അതെങ്ങനെ ഒപ്പി…” മനോജ് മുഴുമിപ്പിച്ചില്ല.
എടുത്തിട്ട ഷർട്ടിൽ കീറൽ കണ്ടിട്ട് അത് മാറ്റാൻ നോക്കുമ്പോൾ മറ്റൊരു ഷർട്ട് കിട്ടാതെ നിൽക്കുന്നവനെ പോലെ ‘ഒപ്പി’ക്ക് ശേഷം ഒരു ച്ചു ചേർക്കാൻ മടിച്ച് മനോജ് നിന്നു. മറ്റൊരു വാക്കും അയാളുടെ മനസ്സിൽ വരുന്നില്ല.

“അവരൊരുമിച്ച് ജോലി ചെയ്തവരാ…” ആരോ പറഞ്ഞു

മനോജ് മാഷിന്റെ നേരെ തിരിഞ്ഞു
“മാഷും അമേരിക്കയിലായിരുന്നോ..?”
“അല്ല ചൈനയിൽ….”
അവസാനം മാഷക്ക് തന്നെ കുറിച്ച് എന്തെങ്കിലും പറയാൻ അവസരം ലഭിച്ചു. മനോജ് ചൈനയിലെ വന്മതിലിൽ തട്ടി അനങ്ങാതെ നിന്നു.

“മാഷ് ചൈനയിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ പോയിരുന്നു.. അവരും അവിടുണ്ടായിരുന്നു…”
സുരേന്ദ്രൻ മാഷ് മനോജിനെ വന്മതിലിൽ നിന്നും വലിച്ച് താഴെയിറക്കി.

“ഇപ്പോൾ ഇവിടെയുണ്ടോ…അതോ അമേരിക്കയിലോ…”
മനോജ് അല്പം ശങ്കിച്ച് കൂട്ടിച്ചേർത്തു
“അതോ ചൈനയിലോണോ..?”

മാഷ് ആരെങ്കിലും ഉത്തരം പറഞ്ഞോട്ടെ എന്ന് കരുതി മിണ്ടാതിരുന്നു. ആർക്കും ലോക സഞ്ചാരത്തിന് താല്പര്യമില്ലായിരുന്നു.
“ഇപ്പോൾ അമേരിക്കയിലാണ്..” അവസാനം മാഷ് പറഞ്ഞു

“എന്താ ഇവിടെ ഇഷ്ടമല്ല എന്നാണോ…”
ആദ്യമായി മദാമ്മയെ കെട്ടിയ മലയാളിയെ കണ്ട മനോജിന് നിർത്താൻ ഒരുദ്ദേശവും ഇല്ലായിരുന്നു. മനോജ് ചോദിച്ചു കൊണ്ടിരുന്നു. മറ്റു മാഷുമാരും ടീച്ചർമാരും മിണ്ടാതായി. മാഷ് മുക്കിയും മൂളിയും ഉത്തരം കൊടുത്തു. മനോജ് തുടർന്നു.

അപ്പോഴാണ് ഒന്നും മിണ്ടാതിരുന്ന സരസ്വതി ടീച്ചർ അല്പം ഉച്ചത്തിൽ പറഞ്ഞത്.
“എന്താ മനോജേ അവരല്ലല്ലോ മാഷല്ലേ ഇവിടെ ജോലിയെടുക്കുന്നത്. നിങ്ങൾ ഇങ്ങനെ ഓരോരുത്തരുടെ ജീവിത പങ്കാളികളുടെ കാര്യം ചോദിച്ച് ചോദിച്ച് മനുഷ്യരെ വെറുപ്പിക്കല്ലേ.”

സുരേന്ദ്രൻ മാഷ് അത് കേട്ടു.
മാഷ്ടെ ഭാര്യയുടെ കാര്യം തമാശക്ക് ആദ്യമായി എടുത്തിട്ടതിന്റെ കുറ്റബോധം അയാളുടെ മുഖത്തുണ്ടായിരുന്നു. മാഷുമ്മാർക്കും ടീച്ചർമാർക്കും തെറ്റു ചെയ്തു എന്ന് തോന്നിയാൽ ഏറ്റവും നല്ല പണി ഉത്തരക്കടലാസുകൾക്ക് മാർക്കിടുക എന്നതാണ്.

സുരേന്ദ്രൻ മാഷ് ഉത്തരക്കടലാസ്സിന്റെ കെട്ടിലേക്ക് മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്താനായി ഊളിയിട്ടു.

മാഷ് എഴുന്നേറ്റ് സ്റ്റാഫ് റൂമിൽ നിന്നും പുറത്തു കടന്നു.

മനോജ് അടുത്തിരുന്ന പ്രേമ ടീച്ചറെ നോക്കി
“ഡിവോഴ്‌സാണോ…ടീച്ചറെ?”
“ആര് മനോജേ..?”

പ്രേമ ടീച്ചറുടെ നോട്ടത്തിന് മുൻപിൽ മനോജ് പുതുതായി വന്ന കണക്ക് മാഷല്ല ക്ലാസ് പരീക്ഷയിൽ വീണ്ടും വട്ട പൂജ്യം കിട്ടിയ ഒരു എട്ടാം കാസ്സുകാരനായിരുന്നു.

മനോജ് കസേരയിലേക്ക് ഇരുന്ന് വായിക്കാൻ എന്തൊക്കെയോ പരതി.
പുറത്ത് ബെല്ലടിച്ചു

-പഹയൻ-

Note: പടം കഥയിൽ പങ്കു ചേരാതിരുന്ന ഡ്രോയിങ് മാഷ് ചാറ്റ്ജിപിട്ടി മാഷ് വരച്ചതാണ് 🥰🙏

Leave a comment