ഇടതും വലതും മുകളിലും താഴത്തും നടത്തുന്ന സാംസ്കാരിക യുദ്ധങ്ങളിൽ മുറിവേൽക്കുന്ന സാഹിത്യം… എഴുത്തുകാരേയും അവരെഴുതിയ കൃതികളെയും മാറ്റി നിർത്തണം എന്ന് പറയുമ്പോഴും നമ്മൾ പലർക്കും അത് കഴിയുന്നില്ല. നമ്മളും ക്യാൻസൽ ചെയ്യുന്നു എഴുതുന്നവരെയും അവരുടെ എഴുത്തിനെയും…
സാഹിത്യത്തെ കുറിച്ച് കാഫ്ക്ക പറഞ്ഞതിന്റെ എന്റെ സ്വാതന്ത്ര മലയാളം പരിഭാഷ ചേർക്കുന്നു 🙏
————
“നമ്മളെ മുറിവേൽപ്പിക്കുന്ന കുത്തി നോവിക്കുന്ന പുസ്തകങ്ങൾ മാത്രമേ നമ്മൾ വായിക്കാവൂ എന്ന് ഞാൻ കരുതുന്നു. നമ്മൾ വായിക്കുന്ന പുസ്തകം നമ്മുടെ തലയ്ക്ക് ഒരടി തന്ന് നമ്മെ ഉണർത്തുന്നില്ലെങ്കിൽ എന്ത് പ്രയോജനം.
നമ്മൾ എന്തിനാണ് വായിക്കുന്നത്? ആരെങ്കിലും എഴുതുന്നത് വായിച്ചിട്ട് നമ്മൾക്ക് സന്തോഷിക്കാം എന്നത് കൊണ്ടാണോ…
പുസ്തകങ്ങൾ ഒന്നുമില്ലെങ്കിലും… ഒന്നും വായിച്ചില്ലെങ്കിലും നമ്മൾ സന്തോഷമായിരിക്കും. അല്ലെങ്കിലും നമ്മളെ സന്തോഷിപ്പിക്കുന്ന പുസ്തകങ്ങൾ നമുക്ക് തന്നെ എഴുതാവുന്നതല്ലെ ഉള്ളു.
നമ്മളെ അപകടപ്പെടുത്തുന്ന… നമ്മൾക്ക് അപകട സൂചന നൽകുന്ന പുസ്തകങ്ങളാണ് നമുക്ക് വേണ്ടത്, നമുക്കേറ്റവും സ്നേഹമുള്ള ഒരാളുടെ മരണം പോലെ നമ്മളെ വേദനിപ്പിക്കുന്ന പുസ്തകങ്ങൾ, ഒരു ആത്മഹത്യ പോലെ, എല്ലാവരിൽ നിന്നും അകലെയുള്ള കാട്ടിലേക്ക് നാടുകടത്തപ്പെടുന്നതു പോലെയുള്ള പുസ്തകങ്ങൾ..
നമ്മളെ ആഴത്തിൽ ദുഃഖിപ്പിക്കുന്ന പുസ്തകങ്ങൾ നമുക്ക് ആവശ്യമാണ്.
ഓരോ പുസ്തകവും നമ്മുടെയൊക്കെ ഉള്ളിലുള്ള മരവിച്ച കടലിനെ പൊട്ടിച്ചെറിയുന്ന കോടാലിയായിരിക്കണം. പുസ്തകങ്ങൾ അങ്ങിനെയാവണം എന്ന് തന്നെയാണ് എന്റെ വിശ്വാസം.”
——–
അതേ..
സാഹിത്യവായന നമ്മളെ മനുഷ്യരുമായി അടുപ്പിക്കണം.. അതിൽ നമ്മൾക്ക് ആശയപരമായി യോജിക്കാൻ കഴിയാത്ത മനുഷ്യരും പെടണം..
എന്നാലേ നമ്മൾ പൂർണ്ണമായി മനുഷ്യരാവു 💕
ന്നാപ്പിന്നങ്ങന്യാക്കാം 🥰
-പഹയൻ-
