പരാജയം നിഴലാവുന്നു
കാലുകൾ ഓട്ടം നിർത്തുന്നു
പ്രണയം തുടരുന്നു
എല്ലാം അവസാനിക്കുന്നു
ജീവിതം അവശേഷിക്കുന്നു
രാത്രി വഴി മാറുന്നു
പകൽ പുതിയ മോഹങ്ങൾ നൽകുന്നു
മരണം വഴി മാറി പോകുന്നു
പലരോടും പ്രണയം തോന്നുന്നു
എല്ലാം സുന്ദരമാവുന്നു
ജീവിതത്തിന് അർത്ഥം കൈവരുന്നു
വിജയം ആപേക്ഷികമാവുന്നു
പരാജയം അത്യന്താപേക്ഷിതമാവുന്നു
മനുഷ്യർ പലരും തീരാ നോവായി മാറുന്നു
ഉടഞ്ഞ സ്വപ്നങ്ങളെല്ലാം വീണ്ടും വിരിയുന്നു
മനസ്സൊരു മറന്ന പാട്ട് മൂളുന്നു
ആരോ ദൂരേക്ക് തിരിച്ചു വിളിക്കുന്നു
പേന ചോര ഛർദിച്ച് ചാകുന്നു
കടലാസ്സിൽ ആരുടെയോ വികൃതി പടരുന്നു
ഗ്ലാസ്സിൽ സ്വർണ്ണ നിറം നിറഞ്ഞൊഴുകുന്നു
ജനാലയ്ക്കപ്പുറം മറ്റൊരു ലോകം തെളിയുന്നു
അപരിചിതർ വാതിൽ തുറന്നു തരുന്നു
ഏതോ വിരലുകൾ വഴി കാട്ടുന്നു
കാലുകൾ അനങ്ങി തുടങ്ങുന്നു
ചുറ്റും വേഗത കൂടുന്നു
സൂര്യൻ ആകാശം കൈയ്യേറുന്നു
മേഖങ്ങൾ പരിചിത മുഖങ്ങളാവുന്നു
മഴ പെയ്ത് തുടങ്ങുന്നു
അർഹതപ്പെട്ട തുള്ളി ഞാനും സ്വീകരിക്കുന്നു
ഉറക്കം എനിക്ക് വേണ്ടി ഉണരുന്നു
ഞാൻ ഇല്ലാതാവുന്നു
എല്ലാം ഞാനാവുന്നു
മനുഷ്യരാവാൻ ചിലർ മരിച്ചു പഠിക്കുമ്പോൾ
ഒന്നുമാവാതെ അവർക്കൊപ്പം
ഞാനും അറിയാതെ ജീവിച്ചു പോകുന്നു
