അവൻ വിഷമത്തിലാണ്..
എന്തിന്..?
അവന്റെ ടീം തോറ്റെന്ന്…
അതിന് അവനെവിടെയാ കളിച്ചത്..?
കളിച്ചില്ലെങ്കിലും തോറ്റ ടീം അവന്റേതാ..
അതിന് അവന്റെ രാജ്യത്തിന്റെ ടീമല്ലല്ലോ?
സ്വന്തം രാജ്യത്തിന് ടീമില്ലെങ്കിൽ നമ്മക്ക് തീരുമാനിക്കാം…
സ്വന്തം രാജ്യത്തിന് ടീമുണ്ടെങ്കിലോ..?
പിന്നെ മറ്റൊരു രാജ്യത്തെ ടീമിനെ പറ്റി നല്ലത് പറയരുത്..
സപ്പോർട് ചെയ്യരുത്…
അതെന്താ അങ്ങനെ..?
ടീമിനെക്കാളും കളിയെക്കാളും വലുത് രാജ്യമാണത്രെ….
അപ്പോൾ പിന്നെ രാജ്യത്തിന് ടീമില്ലെങ്കിൽ ആ കളി ബാൻ ചെയ്യണ്ടേ…?
നീ അധികം ചോദ്യങ്ങൾ ചോദിക്കാതെ കിടന്നുറങ്ങ്…
അവന് ഉറക്കം വന്നില്ല… അവൻ വീണ്ടും തുടർന്നു…
അച്ഛാ… വേറെയും തോറ്റവരുണ്ടോ..?
ലോകത്തിൽ തോൽക്കാത്തവരാരുണ്ട്..?
എല്ലാവരും തോൽക്കുമോ..?
ങാ… എല്ലാവരും തോൽക്കും..
ചിലർ കളി തുടങ്ങുന്നതിനു മുൻപ്…
ചിലർ കളിക്കിടയിൽ..
ചിലർ കളി കഴിഞ്ഞ്…
ചിലർ കളിയാറിയാതെ..
അപ്പോൾ ആരും ജയിക്കില്ലേ..?
ജയിക്കും… ആരെങ്കിലും ജയിക്കും..
എപ്പോഴെങ്കിലുമൊക്കെ…
ഇടക്ക് തോൽക്കും… ഇടക്ക് ജയിക്കും…
അച്ഛന് ആര് ജയിക്കണം എന്നാണ്..?
അച്ഛനങ്ങനെ ഇല്ല… അച്ഛന് ടീമില്ലല്ലോ..
അതെന്താ അച്ഛന് ടീമില്ലാത്തത്..?
അച്ഛന് ഉറക്കം വരുന്നു… നീയും ഉറങ്ങ്…
