അതിജീവനം – Malayalam Poetry

ക്ളോക്കിന്റെ സൂചി മെല്ലെ ശബ്ദമുണ്ടാക്കി മുന്നോട്ട് നീങ്ങി
ഒരു നിമിഷം മറ്റൊന്നായി മാറുന്നു…

അനുഭവിക്കുന്നതിന് മുന്നേ നിമിഷങ്ങൾ നമുക്ക് നഷ്ടമാകുന്നു
എന്നിട്ടും നമ്മൾ കാത്തിരിക്കുന്നു…
ചില നിമിഷങ്ങൾ വർഷങ്ങളേക്കാൾ നീണ്ടു പോകുന്നു
ചില നിമിഷങ്ങൾ അവസാനിക്കാൻ തന്നെ ഒരായുസ്സെടുക്കും

ജീവിതം സംശയിച്ച് കാത്ത് നിൽക്കുന്നു
എവിടെയോ ഒരു പൂവ് മരിക്കാൻ തയ്യാറെടുക്കുന്നു
ഒരു മരം വീഴുന്നു.. ആരും അറിയുന്നില്ല
മനുഷ്യത്വത്തിനായി ഒരു മൃഗം നിലവിളിക്കുന്നു
നരകം പോലെ ചൂടാണിവിടെ..

ചാവാൻ കിടക്കുന്ന വയസ്സായ പാമ്പിന്റെ ഖേദ പ്രകടനം
ഇനിയും വിഷം നിറയ്ക്കാൻ സമയമായത്രേ

മനുഷ്യർ തീരുമാനങ്ങളെടുക്കാനായി കൂട്ടം കൂടുന്നു
മണിക്കൂറുകൾക്ക് ശേഷം എല്ലാവരും പിരിയുന്നു
വ്യക്തമായ ഒരു തീരുമാനവും എടുക്കാതെ തന്നെ

കലണ്ടറുകൾ ഉപയോഗശൂന്യമായ മീറ്റിംഗുകൾ കൊണ്ട് നിറയുന്നു
അതിലൊന്നിനിടയിൽ ഒരു കോർപറേറ്റ് ജീവനക്കാരൻ ആത്മഹത്യ ചെയ്യുന്നു

ഒരു കമ്പനി മീറ്റിംഗുകൾക്ക് വിലക്കേർപ്പെടുത്തുന്നു
എന്നിട്ടും ഒരു മാറ്റവും സംഭവിക്കുന്നില്ല
മീറ്റിംഗുകൾ അത്രമാത്രം അർത്ഥശൂന്യങ്ങളാണ്

കുറച്ചു നിമിഷങ്ങൾ കൂടി കടന്നു പോയിരിക്കുന്നു
ദിവസം കഴിയാറായി… എനിക്കുറക്കം വരുന്നു
നാളെ പുതിയൊരു ദിവസമാണ്..
വീണ്ടും..
പ്രണയിക്കാൻ… ജീവിക്കാൻ… അതിജീവിക്കാൻ

-പഹയൻ-

Leave a comment