ഒരു മ്യൂണിക്ക് മോർണിംഗ്

ഇത്തവണ മ്യൂണിക്ക് വഴിയായിരുന്നു യാത്ര… ഇതുവരെ ഈ വഴി അമേരിക്കയിലേക്ക് പോയിട്ടില്ല… വളരെ ആളൊഴിഞ്ഞ സമയത്താണെന്ന് തോന്നുന്നു എത്തിയത്. മൂന്ന് മണിക്കൂർ ഉണ്ടായിരുന്നു കണക്റ്റിംഗ് ഫ്ളൈറ്റിന്… നല്ലൊരു ചൂട് കാപ്പി കുടിച്ചു..

അമേരിക്കയിലേക്കുള്ള ഫ്ളൈറ്റിന് ലേശം ചെക്കിങ് കൂടുതലുണ്ട്.. അത് വരെ അവിടെയൊക്കെ തിരിഞ്ഞു കളിച്ചു.. ചെക്കിങ് കഴിഞ്ഞ് ഉള്ളിലേക്ക് പോയാൽ തിരിച്ചു വരാൻ ബുദ്ധിമുട്ടാണ്.. അവിടെ ഉള്ളിരിരുന്ന് മുഷിയുകയും ചെയ്യും.. ഡ്യൂട്ടി ഫ്രീ ഒക്കെ ഇവിടെയുമുണ്ട്.. ദുബായിലെത് നോക്കുമ്പോൾ തീർത്തും ലളിതവും ശൈശവ ദശയിലുള്ളവയുമാണ് എന്നതാണ് രസം…

ഏതൊക്കെ ദേശക്കാർ ഏതൊക്കെയോ ദേശങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനങ്ങൾ… അതിനിടക്ക് ഞാനും. ഉറക്കെയുള്ള സംസാരങ്ങളില്ല… ഇടയ്ക്ക് ഒരു കുട്ടിയുടെ ഉറക്കെയുള്ള കാറി കരച്ചിൽ… കരച്ചിലും ചിരിയും എല്ലാ ഭാഷകളിലും ഒരുപോലെയാണല്ലോ. എന്നിട്ടും മനുഷ്യർ ഭാഷയുടെ പേരിലും മറ്റു പലതിന്റെ പേരിലും തമ്മിൽ ഇടയുന്നു..

ജർമ്മനിയുടെ രണ്ടാം ലോക മഹായുദ്ധ ചരിത്രത്തിലൂടെ മനസ്സൊന്നു പാഞ്ഞു… എത്ര കുട്ടികളുടെയും വലിയവരുടെയും ചിരികൾ കരച്ചിലായി മാറി ക്യാമ്പുകളിൽ മൗനമായി പോയിട്ടുണ്ട് ആ കാലത്ത്…

യുദ്ധമുണ്ടായ കാലം തൊട്ട് യുദ്ധമില്ലാത്തൊരു ലോകത്തിന് വേണ്ടി മനുഷ്യർ ആഗ്രഹിക്കുന്നുണ്ട്… എഴുതുന്നുണ്ട്.. സംസാരിക്കുന്നുണ്ട് അഭ്യർത്ഥിക്കുന്നുണ്ട്… ഈ കഴിഞ്ഞ വർഷങ്ങളിൽ ഗാസയിലും ഉക്രൈനിലും നമ്മളും കണ്ടതല്ലേ.. കാണുന്നതല്ലേ…

ഇവിടെയും പ്രിവിലേജ് തന്നെയാണ് നമ്മളെ, പ്രത്യേകിച്ച് മലയാളികളെ വ്യത്യസ്തരാക്കുന്നത്… ഇതുപോലുള്ള അക്രമങ്ങൾ നേരിട്ട് കാണാത്തതു കൊണ്ടും അനുഭവിക്കാത്തത് കൊണ്ടുമാവണം നമ്മൾ അവയുടെ പേരിൽ സാമൂഹ്യ മാധ്യമത്തിലും ടീവിയിലും ഒക്കെ പോരാടിക്കുന്നത്… Root Cause Analysis ചെയ്യാതെ മനസ്സിലാക്കാതെ പക്ഷം തിരിഞ്ഞു തർക്കിക്കുന്നത്…

ഗ്യാസ് ചെമ്പറുകളിൽ ഉയർന്ന നിലവിളികൾക്കും ഗാസയിൽ നിന്ന് ഉയരുന്ന നിലവിളികൾക്കും ഒരേ ഭാഷയാണ് എന്ന് എപ്പോഴാണ് നമ്മൾ മനസിലാക്കുക. നാട്ടിൽ നടക്കുന്ന ഓരോരോ അക്രമത്തെയും പതിന്മടങ് പൊലിപ്പിച്ച് വാർത്ത നിർമ്മിക്കുന്ന മാധ്യമങ്ങൾ എപ്പോഴാണ് data ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.

മനുഷ്യരെന്ന രീതിയിൽ പലതും നമ്മൾക്ക് വൈകാരികമാണ്.. തീർത്തും യുക്തിപരമല്ല എന്നതാണ് വാസ്തവം… അവിടെയാണ് dataയുടെ പ്രസക്തി.. ഡാറ്റ മാനിപ്പുലേറ്റ് ചെയ്യപ്പെടാം എന്നുണ്ടെങ്കിലും data ഉപയോഗിച്ച് സംസാരിക്കുന്നവരെ കേട്ടാൽ കാര്യങ്ങളുടെ പല വശങ്ങൾ മനസ്സിലാക്കാൻ കഴിയും…. ഞാനും പലപ്പോഴും ഡാറ്റക്ക് പകരം വികാരത്തിന്റെ പേരിൽ പ്രതികരിച്ചിട്ടുണ്ട്… മനുഷ്യനാവുന്നതിന്റെ ഒരു വശം കൂടിയാണ് ആ പ്രതികരണങ്ങൾ.

ഡാറ്റാ ജേർണയലിസത്തിൽ ഊന്നി നടത്തുന്ന മാധ്യമ പ്രവർത്തനം കേരളത്തിലും ഇന്ത്യയിലും വേണം… പുതിയ മാധ്യമ പ്രവർത്തകർ അതിനായി മുന്നോട്ട് വരണം.. ഫേക്ക് ന്യുസ് ഇമോഷണൽ ക്ലിക്ക് ബെയിറ്റ് ന്യുസ് രണ്ടിനെതിരെയും data എന്ന ആയുധമുപയോഗിക്കണം… അതേ വഴിയുള്ളു…

Data should be part of the politics of the new generation.

അതെ സമയം ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല നമ്മുടെ ലോകത്തിലെ ഓരോ വിഷയങ്ങളും… തീർത്തും ഗ്രേ ആണ്. പക്ഷെ ഡാറ്റ ഉപയോഗിക്കുമ്പോഴും മനുഷ്യന്റെ ബന്ധങ്ങളുടെയും കൂട്ടായ്മയുടെയും സങ്കീർണ്ണതകളും വിശാലതയും സർഗ്ഗാത്മകതയും ചിന്തയും ആത്മീയ പ്രയാണങ്ങളും ആശയക്കുഴപ്പങ്ങളും യുക്തിരാഹിത്യവും ഒക്കെ നിലനിൽക്കുന്നു എന്ന് മനസ്സിലാക്കി വേണം കാര്യങ്ങൾ നോക്കി കാണാൻ..

ഡാറ്റ ഒരു ഉപാധി മാത്രമാണ്… ഒരു പ്രശ്നത്തെ കുറിച്ച് സംസാരിക്കുമ്പോൾ എതിർ ചേരികളിൽ നിൽക്കുന്നവരെ മനസ്സിലാക്കാനും ഒരുമിച്ച് പരിഹാരങ്ങൾ കാണാനും ഡാറ്റയെ ഉപയോഗിക്കണം..

രണ്ടു സ്വഭാവങ്ങൾ മാറ്റിയാൽ നമ്മൾ മനുഷ്യർ പരസ്പരം തർക്കിക്കുന്നതിന് പകരം അന്യോന്യം മനസ്സിലാക്കാൻ ശ്രമിക്കും എന്ന് തോന്നിയിട്ടുണ്ട്.

ഒന്ന് ഈഗോ… താനാണ് ശരി താനും തന്റെ ചിന്തകളും മാത്രമേ ശരിയുള്ളു എന്ന ചിന്ത മാറ്റണം. ഒപ്പം എതിർ വശത്തിൽ ഉള്ളവരോടുണ്ടാവുന്ന കഠിനമായ പുച്ഛം ഒഴിവാക്കാൻ ശ്രമിക്കണം..

ഞാൻ ശ്രമിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട് ഈ രണ്ടിലും. ആ സന്ദർഭങ്ങളിൽ ഡാറ്റയാണ് ഉപയോഗമായത്. നമ്മൾ തെറ്റാണ് എന്ന് സ്വയം തോന്നുമ്പോഴും നമ്മുടെ അതേ ചിന്ത ഉള്ളവർക്ക് മുന്നിൽ മാത്രം നമ്മൾ അത് തുറന്നു പറയാനും ചർച്ച ചെയ്യാനും തയ്യാറാവുന്നുള്ളൂ.

എതിർ ചേരികളിൽ ഉള്ളവരുമായി ഈ തുറന്നുപറച്ചിലിന് തയ്യാറാവാത്തത് ഒരു mistrust കാരണമാവും. We fear that by discussing our confusions we might make ourselves vulnerable to others and even get ostracized by our own people.

ഇങ്ങനെ പലതും ചിന്തിച്ചങ്ങനെ ഒരു മൂന്ന് മണിക്കൂർ തള്ളി നീക്കി… എല്ലാവരെയും സ്നേഹിക്കാനും അംഗീകരിക്കാനും മറ്റുള്ളവരുടെ കണ്ണിൽ ഒരു ഭ്രാന്തനായാൽ മാത്രമേ കഴിയു എന്ന വിരോധാഭാസമാണ് ഇന്നത്തെ ലോകം എന്ന് തോന്നി പോകുന്നു…

കോടാനുകോടി ജനങ്ങളുടെ സങ്കീർണ്ണതകൾ നമ്മുടെ സാമൂഹ്യ മാധ്യമ പോസ്റ്റിലെ ലൈക്കുകളിലേക്ക് ചുരുക്കുന്ന അല്പൻമാരിൽ മറ്റൊരാൾ മാത്രമായി മാറുന്നു ഞാനും 😂

ജെറ്റ് ലാഗ് മാറി ഇനിയും എഴുതാം…

വീട്ടിലെത്തി എന്നത് എന്തൊരു സമാധാനമാണ്… എത്തി പെടാനൊരു വീടുണ്ട് എന്നതും ഒരു പ്രിവിലേജാണ്….

ന്നാപ്പിന്നങ്ങന്യാക്കാം 🥰
-പഹയൻ-

Leave a comment