യാത്ര കുറേ ചെയ്തിട്ടുണ്ടെങ്കിലും ഞാനൊരു യാത്രക്കാരനല്ല… എനിക്ക് എല്ലാ യാത്രകളും ചില ആകുലതകൾ നിറഞ്ഞതാണ്… ഈ ആകുലതകൾ എന്റെ കൂടെ എപ്പോഴുമുണ്ട്.. അത് ഒറ്റക്കുള്ള യാത്രകളായാലും അല്ലെങ്കിലും..
ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ എയർപോർട്ടുകളിൽ കൂടെ പലയിടങ്ങളിലേക്കായി യാത്ര ചെയ്യുന്നവരെ ശ്രദ്ധിക്കുന്ന വഴിയാണ് ഈ ആകുലതകളെ തളച്ചിടാൻ ശ്രമിക്കാറ്… ഇന്ന് ബംഗ്ലൂരു എയർപോർട്ടിൽ എത്തി രണ്ട് ഓൾഡ് മങ്കും അകത്താക്കി ഇഥൻ ക്രോസിന്റെ Shift എന്ന പുസ്തകം വായിച്ചിരിക്കുമ്പോൾ പലതും മനസ്സിലൂടെ ഓടി മറഞ്ഞു..
പുസ്തകം വികാരങ്ങളെ കുറിച്ചാണ്… ആകുലതയായി മാറാൻ സാധ്യതയുള്ള വികാരങ്ങൾ… How to manage your emotions before they start managing you… ഇത് വായിച്ച് ഞാൻ മാറും എന്നല്ല എങ്കിലും പുസ്തകങ്ങളിൽ പറയുന്നതുമായി എപ്പോഴും സ്വന്തം ജീവിതവും സ്വഭാവവും ചിന്തകളും നമ്മളറിയാതെ തട്ടിച്ചു നോക്കും..
എന്തൊക്കെ ചിന്തകളും സ്വപ്നങ്ങളും ആകുലതകളും വികാരങ്ങളുമാവും ഈ എയർപോർട്ടിലെ മനുഷ്യരിലൊക്കെ… ജീവിതത്തിൽ ഇവരിൽ ആരെയെങ്കിലും ഇനി കണ്ടു മുട്ടുമോ… കണ്ടു മുട്ടിയാലും പരിചയം തോന്നുമോ…
ഒരിക്കലും കണ്ടു മുട്ടാൻ സാധ്യതയില്ലാത്ത എത്ര പെരുമായിട്ടാണ് ഓരോ യാത്രയിലും നമ്മൾ സമയവും ഇടവും പങ്കിടുന്നത്.. നമ്മളെ നോക്കി ചിരിക്കുന്നവർ നമ്മളെ അവഗണിക്കുന്നവർ നമ്മളുമായി ഉരസിനീങ്ങി പോകുന്നവർ… അവരവരുടെ ജീവിതത്തിൽ ലയിച്ച് നമ്മുടെ ജീവിതത്തെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കടന്നു പോകുന്നവർ..
ഇവരൊക്കെയായി നമ്മൾക്ക് ബന്ധമുണ്ട്… ഇവരൊക്കെയായി നമ്മളെ ബന്ധിക്കുന്ന ചിലതുണ്ട്… Existence… ഈ ഭൂമിയിൽ ഒരേ സമയത്ത് അപരിചിതരായി ജീവിച്ചു പോകുന്നു… പോകേണ്ടിവരുന്നു..
എന്റെ ഫ്ളൈറ്റിന് ഇനിയുമുണ്ട് ഒന്നര മണിക്കൂർ കൂടി… അതിനുള്ളിൽ എത്രയെത്ര ജീവിതങ്ങളുമായി ഞാൻ ചെറുതായിയെങ്കിലും ബന്ധപ്പെടും… ചിലപ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഗതി പോലും മാറ്റാൻ ഈ അപരിചിത കൂടിച്ചേരലുകൾക്ക് പങ്കുണ്ടാവാം…
എല്ലാവർക്കും നാളെ പുതിയൊരു ദിവസമാണ്… ഇന്നിന്റെ ചെറിയ സ്പർശങ്ങൾ നമ്മളിൽ നാളെ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കുമായിരിക്കാം..
This is the only time we share… Tomorrow is Unknown but we nevertheless have to plan for it…
ഇനിയടുത്ത യാത്ര എപ്പോഴാണ്… അറിയില്ല… കൂടുതൽ യാത്ര ചെയ്യണം… ആകുലതകളെ അവഗണിക്കാതെ അവയുടെ കൂടെ യാത്ര ചെയ്ത് ജീവിക്കണം…
അടുത്തിരിക്കുന്ന ഒരാൾ മറ്റൊരാളോട് പറയുന്നത് കേട്ടു… അയാളുടെ എട്ട് വയസ്സുള്ള കുട്ടിയെ പിരിഞ്ഞു പോകുന്നതിന്റെ വിഷമം.. ഇനിയെന്ന് കാണുമെന്നറിയില്ല എന്നയാൾ വിഷമം പറയുന്നു. അയാൾക്ക് പരിചിതനായ ആളോടാണോ ഈ പറയുന്നത് എന്നറിയില്ല… അപരിചിതനായ ആരോടോ മനസ്സ് തുറക്കുന്നതാവാം… യാത്രകളിൽ എത്ര പേരായിരിക്കണം ആരോടും ഒന്നും പറയാൻ കഴിയാതെ ഒറ്റപ്പെട്ട് പോകുന്നത്..
ഒരിടത്തെ സ്വന്തക്കരെ വിട്ട് പോകുന്നതിന്റെ വിഷമം മറ്റോരിടത്തുള്ള സ്വന്തക്കരെ കാണുമെന്ന സന്തോഷം കൊണ്ടു മൂടി വയ്ക്കാൻ കഴിയുന്ന privilege എനിക്കുണ്ട് എന്നതാണ് സത്യം… അയാളുടെ കാര്യം ചിലപ്പോൾ അങ്ങനെയായിരിക്കില്ല… സ്വന്തക്കരെയും ആ എട്ട് വയസ്സുള്ള കുട്ടിയേയും വിട്ട് അപരിചിതമായൊരു നാട്ടിലേക്ക് പോകുകയാവാം അയാൾ..
ആ എട്ട് വയസ്സുള്ള കുട്ടി അയാളുടെ വീട്ടിൽ ഉറങ്ങി കിടക്കുകയാവും അല്ലെങ്കിൽ അയാളെ കുറിച്ച് ആരോടെങ്കിലും ചോദിക്കുകയാവാം.. അയാൾ എന്ന് തിരിച്ചു വരും എന്ന് ചിന്തിക്കുകയാവാം…
നമ്മളൊക്കെ എന്തിനാണ് നമ്മുടെ കൂടും വിട്ട് ഇങ്ങനെ പറക്കുന്നത്… പിന്നെ പലയിടതായി കൂടും കെട്ടി എവിടെയും സ്ഥിരമാവാതെ പറന്നു കൊണ്ടേ ഇരിക്കുന്നു… പറക്കം നിലയ്ക്കും വരെ.. മനുഷ്യൻ…. എന്തിന്….
പുതിയൊരു ദിവസത്തിലേക്ക് പോകാം… ഇന്നിനോടും ഈ യാത്രയിൽ വിട്ട് പിരിയുന്നവരോടും ദസ്.വിദാനിയാ…. അൽവിദാ… ന്നാപ്പിന്നങ്ങന്യാക്കാം!
-പഹയൻ-
