കുരുമേഷ്….

കുരുമേഷ് ഫേക്കുമാർ രാവിലെ തന്നെ എഴുന്നേറ്റു. രാത്രി കിടക്കുമ്പോൾ സ്വൈപ് ചെയ്‌ത് കിടന്ന അതെ പടി ഫോണെടുത്ത് സ്വൈപിയെഴുന്നേറ്റു. എഴുന്നേറ്റാൽ കിടക്കയിൽ നിന്നും ഉയരാൻ തന്നെ മണിക്കൂറ് രണ്ടെടുക്കും. എല്ലാ ഫേക്ക് എകൗണ്ടുകളിലും കയറി കണ്ണികണ്ടിടത്തൊക്കെ തെറി കമന്റുകൾ എഴുതണ്ടേ.

കുരുമേഷ് സ്ക്രോളി നോക്കി. പിന്നെ സ്വയം അടിമപ്പെട്ട പ്രിയ നേതാക്കളുടെ പേരുകൾ സെർച്ച് ചെയ്തു….ഒന്നുമില്ല. പാർട്ടിയുടെ ഹാഷ്ടാഗ് ഇട്ട് നോക്കി….. നഹിം കുച്ച് ഭീ നഹിം. പിന്നെ സിനിമാ നടന്മാർ മതം മതേതരത്വം സ്പോർട്സ് ഒന്നുമില്ല. തനിക്ക് കുരു പൊട്ടാനായി ഇന്ന് ഒരു തെണ്ടിയും ഒന്നും പോസ്റ്റിയിട്ടില്ല എന്ന് കണ്ടപ്പോൾ കുരുമേഷിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. സങ്കടം വന്നു….

അവൻ സ്വയം നുള്ളി നോക്കി. വേദനിക്കുന്നുണ്ട്. അപ്പോൾ ചത്തിട്ടില്ല. ചിലപ്പോൾ തെണ്ടികൾ ബ്ലോക്കിയതാവും. കുരുമേഷ് മറ്റു ഫേക്ക് അകൗണ്ടുകളിൽ കയറി നോക്കി. എല്ലാം ഒരേ പോലെ. അവൻ ഫോൺ തിരിച്ചും മറിച്ചും നോക്കി. പോയിട്ടില്ല. അവൻ വിയർക്കാൻ തുടങ്ങി. വർഷങ്ങളായിട്ടുള്ള ദിനചര്യയാണ്. കക്കൂസിൽ പോകാനും ഇനി ബുദ്ധിമുട്ടാവും.

അവൻ ഒന്നും മനസ്സിലാവാതെ എഴുന്നേറ്റു. ജനാലയിൽ നിന്നും പുറത്തേക്ക് നോക്കി. അയൽവീട്ടിലെ പട്ടി അവനെ ഒന്ന് നോക്കി എന്നിട്ട് തിരിഞ്ഞു നടന്ന് പോയി അതിന്റെ പിന്നാമ്പുറം വൃത്തിയാക്കാൻ തുടങ്ങി. ഒരു പട്ടിക്കും തന്നെ വേണ്ട. ഒരു പട്ടിയുടെ വില പോലും ഇല്ല.

വർഷങ്ങളായി ഫേക്ക് പ്രൊഫൈലുകളിൽ കൂടി മാത്രം ജീവിച്ച തനിക്ക് ഇനി എങ്ങനെ പുറത്തിറങ്ങി നടക്കാൻ കഴിയും. പക്ഷെ തന്നെ അറിയുന്ന ഒരാളുണ്ട് എന്നവൻ ഓർത്തു. താൻ കുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ള മഹാനായ വർഗ്ഗീയാനന്ദ വിരോധുള്ള.

എനിക്കും ആരെങ്കിലും ഉണ്ടെന്ന് ലോകം അറിയണ്ടേ. വർഷങ്ങളായി ആദ്യമായിട്ടാണ് കുരു പൊട്ടാതെ കണ്ണ് തുറന്നത്. അത് കാരണം ലേശം തലവേദന തോന്നി. അവൻ അത് കാര്യമാക്കിയില്ല. വാട്ട്സ്ആപ്പ് തുറന്നു ടൈപ്പ് ചെയ്യാൻ തുടങ്ങി….

“വർഗ്ഗീയണ്ണാ… എന്തോ ശരിയല്ല….. എന്നെ ഒന്ന് വിളിക്കണം… നമ്മളെ എല്ലാവരും ബ്ലോക്കി എന്ന് തോന്നുന്നു. ഒഴിവാക്കുകയും ആവാം.. കുരു പൊട്ടനായി എത്തി നോക്കാൻ ഇനി ഒരിടവും ബാക്കിയില്ല… എവിടെയും ഒരു ചെറിയ കുരു പൊട്ടിച്ച് തെറി വിളിക്കാൻ പോലും കാരണങ്ങൾ ഇല്ല… എനിക്ക് ശ്വാസം മുട്ടുന്നു വർഗ്ഗീയണ്ണാ… ഞാൻ തന്നെ നമ്മളെ തെറി വിളിച്ച് കുറച്ച് പോസ്റ്റ് ചെയ്യട്ടെ.. പ്ളീസ് റിപ്ലൈ ചെയ്യൂ… “

കുരുമേഷ് ഫോണും എടുത്ത് നടന്നു. എങ്ങോട്ടെന്നില്ലാതെ. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം എല്ലാവരും മരിച്ച് വീണപ്പോൾ ബാക്കിയായി ഒന്നുമില്ലാതെ ശാപവും ഏറ്റ് ലോകാവസാനം വരെ ജീവിക്കേണ്ടി വന്ന അശ്വത്ഥാമാവിനെ പോലെ… എങ്ങോട്ടെന്നില്ലാതെ അവൻ നടന്നു..

ഫോണിൽ നോട്ടിഫിക്കേഷൻ വന്നു… അവൻ നോക്കി… വാട്ട്സ്ആപ്പ്… വർഗ്ഗീയണ്ണനാണ്… അവൻ വായിച്ചു..

“പ്രിയപ്പെട്ട കുരു… ശരിയാണ് എന്തോ സംഭവിച്ചിട്ടുണ്ട്… ആരും നമ്മളെ മൈൻഡാക്കുന്നില്ല.. ഇനി ഒന്നേ വഴിയുള്ളു… നമ്മൾ തന്നെ നമ്മളെ തെറി വിളിക്കുക… എന്റെ പുതിയ ഫേക്ക് ഐഡി ഇതാണ് ‘ഫ്രോഡേഷ് ലോകാവസനമയി’… ഞാൻ നമ്മളെ തെറി പറഞ്ഞ് ചില പോസ്റ്റുകൾ ചെയ്യുന്നുന്നുണ്ട്.. നീ കയറി വന്ന് തെറി കമന്റിട്ടോ… നീയും അങ്ങനെ ചെയ്യ് ഞാൻ കമന്റിടാം… ആർക്കും വേണ്ടെങ്കിലും നമ്മൾക്ക് നമ്മൾ വേണമല്ലോ.. കുരുവർണ്ണ പ്രണാമം”            

അവൻ തീർച്ച് വീട്ടിലേക്ക് നടന്നു… സമയം കളയാതെ പുതിയ ഐഡി ഉണ്ടാക്കി “കുരുപൊട്ടിയൊലി അവറാൻ കുമാർ”…. പിന്നെ അവൻ ആനന്ദിച്ച് പോസ്റ്റുകയും കമന്റുകയും ചെയ്തു… നമ്മളെ തെറി വിളിക്കാൻ നമ്മൾക്ക് ഒരു തെണ്ടിയുടേയും ആവശ്യമില്ല…

-പഹയൻ-                                                  

എന്ത് പോസ്റ്റിട്ടാലും അത് സിനിമയായാലും സാഹിത്യമായാലും രാഷ്ട്രീയമായാലും സ്പോർട്സ് ആയാലും കുരു പൊട്ടിയൊലിക്കാനായി വിധിക്കപ്പെട്ട ചിലരുണ്ട്… പലരെയും എന്റെ പേജിൽ ബ്ലോക്കിയിട്ടുണ്ട്… അവർക്ക് യുദ്ധം ചെയ്യാൻ കുരുക്ഷേത്ര ഭൂമി തുറന്നു കൊടുക്കാത്തതിനാൽ ഈ പോസ്റ്റ് അവർക്ക് സമർപ്പയാമി… 😍🙏  

Leave a comment