അങ്ങനെ വീണ്ടും തിരിച്ചു പോകാൻ സമയമായി… ഇക്കുറി കേരളത്തിലേക്ക് വരാൻ കഴിഞ്ഞില്ല. അതിന്റെ വിഷമമുണ്ട്. ഇനി അടുത്ത തവണ മുതൽ നേരെ കേരളത്തിലേക്കാവും… കോഴിക്കോട്ടേക്ക്.. എന്നാണെന്നൊന്നും അറിയില്ല… ഇനിയൊരിക്കൽ. എപ്പോഴെങ്കിലും ഒരിക്കൽ… അധികം വൈകാതെ…
അമ്മ മരിച്ചിട്ട് ആദ്യമായിട്ടാണ് വരുന്നത്. നാട്ടിൽ ബന്ധുക്കളും അല്ലാത്തവരും ഒക്കെയായുള്ള ബന്ധം എപ്പോഴും അമ്മ വഴിയായിരുന്നു. ഇപ്പോൾ വീണ്ടും എല്ലാ ബന്ധങ്ങളെയും ഒറ്റക്ക് ആദ്യമെന്ന പോലെ മനസ്സിലാക്കി വരുന്നു.
കാലം കടന്ന് പോകുമ്പോൾ അമ്മ നൽകിയ ബന്ധങ്ങൾ ഒന്നും നഷ്ടപ്പെടരുത് എന്ന ആഗ്രഹം ഉണ്ട്. പക്ഷെ ബന്ധങ്ങളുടെ സ്വഭാവം അതല്ല. അവ നഷ്ടപ്പെടും നവീകരിക്കപ്പെടും ദൃഢപ്പെടും ശിഥിലമാവും പുതിയവ ഉണ്ടാവും. നമ്മൾ ശ്രമിക്കും വിജയിക്കും ഇടയ്ക്ക് പരാജയപ്പെടും…
പ്രത്യേകിച്ച് ഒന്നും പറയാനില്ല. പക്ഷെ എന്റെ നാട് അങ്ങ് അമേരിക്കയിലാണല്ലോ എന്ന് ഇക്കുറി പല പ്രാവശ്യം തോന്നി. എന്താണെന്നറിയില്ല… അല്ലെങ്കിലും നമ്മളെ പോലുള്ളവർക്ക് എന്ത് നാട്. എവിടെയാണെങ്കിലും ജീവിക്കണം… അതിന് പണിയെടുക്കണം… അതേ ജീവിക്കണം… എവിടെയാണെങ്കിലും പ്രവാസി തന്നെ… എവിടെയും അപരിചിതൻ…
ഓരോ നാട്ടിലെയും കണ്ണാടിയിൽ നോക്കുമ്പോൾ പുതിയ പുതിയ രൂപങ്ങളാണ് കാണുന്നത്. Constantly changing and becoming unrecognizable to every past identity you held…
ഇക്കുറിയും പലരെയും കണ്ടു.. പഴയ സുഹൃത്തുക്കൾ.. പുതിയ പരിചയങ്ങൾ… ദേവഗിരി കോളേജ് പൂർവ്വ വിദ്യാർത്ഥികൾ… NIT പൂർവ്വ വിദ്യാർത്ഥികൾ…
ദുബായിൽ NIT സുഹൃത്തുക്കളുമായി ചിലവഴിച്ച ഒരാഴ്ച്ച ഒരു അനുഭവമായിരുന്നു..
ഞാൻ ആദ്യമായി ദുബായിൽ ചെല്ലുന്നത് 1980ൽ. ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര ലഹളകളിൽ നിന്നും രക്ഷപ്പെടാനായി ദുബായിലേക്ക് കടന്നത്. ഞങ്ങൾ നാല് പേരും ഒരു ചെറിയ ലോഞ്ചിന്റെ തട്ടിൽ ഒരു ബ്ലാങ്കറ്റും വിരിച്ചു കിടന്നു… 9 മണിക്കൂർ കടലിൽ. ദുബായിൽ രണ്ടു ദിവസം നിന്നിട്ട് നാട്ടിലേക്ക് പോയി…
പിന്നെ 1982ൽ വീണ്ടും ദുബായിൽ വന്നു.. അവിടെ മൂന്ന് വർഷം പഠിച്ചു… പിന്നെ വീണ്ടും നാട്ടിലേക്ക്. പിന്നെ പതിനാല് വർഷത്തിന് ശേഷം 1999ൽ രണ്ടു വർഷം ദുബായിൽ ജോലി… പിന്നെ 2001ൽ ദുബായി വിട്ടിട്ട് വീണ്ടും 24 വർഷത്തിന് ശേഷം ഇത്തവണ… എന്തൊരു മാറ്റമാണ് ഈ സ്ഥലത്തിന്… ഇന്നും 80കളിലെ പടങ്ങളുണ്ട് കൈയ്യിൽ… ഈ ലോകം എത്ര മാറിയിരിക്കുന്നു….
എല്ലാ വരവും ഓർമ്മകൾ നൽകുന്നു… പക്ഷെ ഇത്തവണ തിരിച്ചു പോകുമ്പോൾ പുതിയ പലതും നിറയ്ക്കാൻ വേണ്ടി ഒരു ഒഴിഞ്ഞ മനസ്സ് പാകപ്പെടുത്തി എടുക്കുന്നു.
Sometimes you need fill new things into your old vessel after you have succeeded in emptying it… എല്ലാം പുതിയ രീതിയിൽ കാണണം.
ഈ വരവ് അതിന് സഹായിച്ചിട്ടുണ്ട്…
ദുബായിൽ Condotti എന്ന ലക്ഷ്വറി ബ്രാണ്ടിന്റെ കട കണ്ടപ്പോൾ അറിയാതെ ആദ്യം ‘ങ്ങേ മ്പള കൊണ്ടോട്ടി’ എന്ന് മനസ്സിൽ തോന്നിയവനാണ് … വെരി പോളിഷ്ഡ്… ഞാൻ അമേരിക്കക്കാരൻ തന്നെയാണ് ![]()
