ചെക്കന് പതിനേട്ട് വയസായി.. കണ്ടാൽ പതിനാലെ തോന്നു…. 53 വയസ്സിൽ അറുപത് കഴിഞ്ഞില്ലേ എന്ന് എന്നോട് ആൾക്കാർ ചോദിക്കാറുണ്ട്.. ചെക്കന് ഭാഗ്യമുണ്ട് അവന്റെ അമ്മയുടെ gene ആവണം.
ചെക്കൻ ചെറുതാവുമ്പോൾ ഒരിക്കൽ ചോദിച്ചു… ‘what should I be when I grow’… ഞാൻ അൽപനേരം ആലോചിച്ചിട്ട് പറഞ്ഞു ‘you should be happy when you grow’
അതേ സന്തോഷമായിരിക്കണം എന്തായാലും. ജോലി, പണം, പദവി.. അതൊക്കെ നിന്റെ ഇഷ്ടം. സന്തോഷമായിരിക്കണം. മറ്റുള്ളവരുടെ സങ്കടത്തിന്റെ ഒരു പോടി കണ്ണുനീരു പോലും നിന്റെ സന്തോഷതിന് കാരണമാവരുത്. അതിന് ഇടവരുത്തരുത്.
പതിനേട്ട് ഇരുപത് വയസ്സിൽ അൻപത് വളരെ ദൂരെയാണെന്ന് തോന്നും പക്ഷെ അതൊക്കെ ഇങ്ങേത്തും… അത് കൊണ്ട് നിന്റെ അമ്പതുകളിൽ എന്താവണം നിന്റെ ജീവിതം എന്ന് ചിന്തിക്കുക.
ജീവിതം നിന്റെ സ്വപ്നത്തിന് വേണ്ടി വിടുമ്പോൾ അങ്ങനെ അടിച്ചു പൊളിക്കുമ്പോൾ ഒരു 10% ആ അമ്പതുകൾക്ക് വേണ്ടി മാറ്റി വയ്ക്കുക. ഒരു 20% എങ്കിലും ബന്ധങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി മാറ്റി വയ്ക്കുക.
70% നിന്റേതാണ്… നിനക്ക് വേണ്ട രീതിയിൽ ആരെയും ദ്രോഹിക്കാതെ അടിച്ചു പൊളിക്കുക.
എന്നേക്കാൾ നല്ലവനാവുക… എന്റെ കാൽപാടുകൾ പിന്തുടരുത്. ആ കാൽപാടുകൾ അവസാനിക്കും. നിനക്ക് വീണ്ടും നടക്കേണ്ടതുണ്ട്. നീ വഴിമുട്ടരുത്.
അച്ഛനല്ല സുഹൃത്താവണം എന്നാണ് ആഗ്രഹം.. നിനക്ക് സമ്മതമാണെങ്കിൽ മാത്രം.. ഒരച്ഛനാവുന്നതിൽ ഞാൻ വരുത്തിയ പോരായ്മകൾ മറക്കാമെങ്കിൽ.. ലേശം പ്രായം കൂടിയ ഒരു സുഹൃത്ത് എന്ന നിലയിൽ.
നീ ഇപ്പോഴും സ്‌കൂളിലാണ് പക്ഷെ നീ ആവശ്യപ്പെടാതെ നിന്റെ ഒരു കാര്യത്തിലും ഞാൻ അഭിപ്രായം പറയാതിരിക്കാൻ ശ്രമിക്കാം. നിനക്ക് ആവശ്യമുള്ളപ്പോൾ എന്നെ സമീപിക്കാനുള്ള പക്വത നിനക്കും ബന്ധം നമ്മൾക്കിടയിൽ ഉണ്ട് എന്നും കരുതുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിന്റെ എല്ലാ പിറന്നാളിനും ഞാൻ എഴുതിയിട്ടുണ്ട്. അതൊക്കെ തന്നെയാണ് ഇപ്പോഴും.
നിനക്ക് പക്വത വരുമ്പോൾ ഇനി എന്റെ പക്വത കുറയും… അത് നിങ്ങൾ കുട്ടികൾ എങ്ങനെയെടുക്കും എന്നറിയില്ല… ഇന്നലെ നിന്റെ ചേച്ചി പറഞ്ഞു.. ‘ now you both don’t have any kids.. we are both adults’ അതേ.. it is weird but the fact..
ഒന്ന് കൂടി.. ഈ ലോകം മോശമാണ്.. ആകെ പ്രശ്നമാണ് എന്നൊക്കെ പലരും പറയും… അതൊക്കെ ഓരോ വീക്ഷണങ്ങളാണ്… നിന്റെ വീക്ഷണത്തിൽ ലോകം നല്ലതാണെങ്കിൽ അതാണ്… ലോകം മോശമാണെങ്കിൽ അത് നന്നാക്കാൻ ശ്രമിക്കുക. കുറ്റം പറയുന്നതിൽ പണ്ഡിത്യം നേടരുത്…
Happy Birthday Rahi !😍
എല്ലാ വർഷവും ഞാൻ നിനക്ക് വേണ്ടി എഴുതാറുണ്ട്. അതൊക്കെ തന്നെയാണ് പറയാനുള്ളത്. എങ്കിലും ഇത്തവണ മുൻപ് പരിഭാഷപ്പെടുത്തിയ കാൾ സാൻഡ്ബർഗിന്റെ കവിത “A father to his son” പങ്കു വയ്ക്കുന്നു.
ഒരച്ഛൻ മകൻ പ്രായപൂർത്തി ആവുന്നത് കണ്ടാൽ എന്താണവനോട് പറയേണ്ടത് ?
ജീവിതം കഠിനമാണെന്ന്; ഉരുക്കായി മാറാൻ; പാറയാവാൻ പറയണം.
അത് ചിലപ്പോൾ അവനെ വരും കൊടുംകാറ്റുകൾക്ക് പ്രാപ്തനാക്കും.
അവനെ മുഷിപ്പിക്കുന്ന വിരസതകളിൽ നിന്ന് രക്ഷിക്കും.
അപ്രതീക്ഷിതമായ വഞ്ചനകളിൽ വഴികാട്ടിയാകും.
തളർന്ന നിമിഷങ്ങളിൽ ഉറപ്പ് കൊടുക്കും.
ജീവിതം കളിമണ്ണ് പോലെയാണെന്നും അവനോട് പറയുക.
സൌമ്യമാകുക; വിനീതനാകുക
ഇതും അവന് ഗുണം ചെയ്യും…
ചാട്ടവാർ തോൽക്കുന്നിടത്ത് ദുഷ്ടന്മാരും ശാന്തമാകും
മുകളിലേക്ക് വളരുന്ന ദുര്‍ബലമായ ഒരു പൂവ് പോലും
ചിലപ്പോൾ പാറകളെ ഉടച്ച് രണ്ടാക്കും
ദൃഢമായ തിരുമാനങ്ങൾ എന്നും ഗണ്യമാണ്;
അതു പോലെ ആഗ്രഹങ്ങളും
ശ്രേഷ്ടമായ മൃദുലമായ ആവശ്യങ്ങൾ
ശ്രേഷ്ടമായ ആവശ്യങ്ങളില്ലാതെ ഒന്നും കൈവരില്ല
അവനോട് പറയണം
കൂടുതൽ പണം മനുഷ്യരെ കൊന്നിട്ടുണ്ടെന്ന്.
അവരെ ശവമടക്കുന്നതിന് വർഷങ്ങൾ മുൻപ് തന്നെ ജീവനില്ലാത്തവരാക്കിയിരുന്നെന്ന്.
ചില്ലറ ആവശ്യങ്ങൾക്ക് അപ്പുറമുള്ള ധനലാഭത്തിനുവേണ്ടിയുള്ള തിരച്ചിൽ
പല നല്ല മനുഷ്യരുടെയും തലതിരിച്ചിട്ടുണ്ടെന്ന്.
ചിലപ്പോൾ ഉണങ്ങി ഉപയോഗശൂന്യമായ പുഴുക്കളെ പോലെ.
അവനോട് പറയുക സമയം കളയാനുള്ള വസ്തുവാണെന്ന്
അവനോട് പറയുക ഇടയ്കിടക്കൊക്കെ വിഡ്‌ഢിയാവാമെന്ന്.
ഒരിക്കലും വിഡ്‌ഢിയാകുന്നതിൽ ലജ്ജിക്കേണ്ടതില്ലെന്ന്.
എങ്കിലും വിഡ്ഢിത്തത്തിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കണമെന്ന്.
ആ വിലകുറഞ്ഞ വിഡ്ഢിത്തങ്ങൾ ആവർത്തിക്കില്ലെന്നും വിശ്വസിക്കണം.
അങ്ങിനെ വിഡ്‌ഢികൾ നിറഞ്ഞു നിൽക്കുന്ന ഒരു ലോകത്ത്
ഒരു അഗാധമായ അറിവോടുകൂടി ചെന്നെത്തണമെന്ന്.
അവനോട് പറയുക കൂടെക്കൂടെ ഒറ്റക്കിരുന്ന് അവനിലേക്ക് എത്തിച്ചെരണമെന്ന്.
എല്ലാത്തിനുമുപരി കള്ളം പറയാതിരിക്കാൻ പറയുക.
അവനോട് തന്നെ അവനെ കുറിച്ചുള്ള കള്ളങ്ങൾ പറയാതിരിക്കുക.
മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുന്ന കള്ളങ്ങൾ എത്ര തന്നെ നിര്‍ദ്ദോഷവും
സംരക്ഷണം നല്‍കുന്നവയായാലും പറയാതിരിക്കുക.
അവനോട് പറയുക
അവൻ ശക്തനാണെങ്കിൽ അവന്റെ ഏകാന്തത സര്‍ഗ്ഗശക്തിയുള്ളതാണെന്ന്,
അവസാന തിരുമാനങ്ങൾ നിശബ്ദമായ മുറികളിലാണ് സംഭാവിക്കാറുള്ളെതെന്ന്,
അവനോട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകാൻ പറയണം.
വ്യത്യസ്തമാകുക എന്നത് എളുപ്പവും അവന്റെ പ്രകൃതിയുടെ ഭാഗവുമാണെങ്കിൽ,
അവന് ഗഹനമായ പ്രചോദനങ്ങൾ അന്വേഷിച്ചുള്ള അലസമായ ദിനങ്ങൾ ഉണ്ടാവട്ടെ.
ജനിച്ച പ്രക്രുതിയന്വേഷിച്ച് അവൻ ആഴത്തിൽ പോകട്ടെ.
എന്നാൽ ചിലപ്പോൾ മനസ്സിലായേക്കും ഷേക്ക്സ്പിയറിനെ,
റൈറ്റ് സഹോദരന്മാരെ, ലൂയി പാസ്റ്ററിനെ, പാവ്ളോവിനെ
മൈക്കിൾ ഫാരടെയും സ്വതന്ത്രമായ ഭാവനകളെയും.
മാറ്റം ചെറുക്കുന്ന ഒരു ലോകത്തിനെ മാറ്റിയെടുക്കാൻ
അവന്റെതെന്നറിയുന്ന ജോലി ചെയ്യാൻ
അവൻ എന്നും ഒറ്റക്കായിരിക്കുമെന്ന് അവനോട് പറയണം.
കാൾ സാൻഡ്ബർഗ്
പരിഭാഷ – പഹയൻ
