നാലര ഡോളർ ശീലം – Malayalam Poetry

ജിമ്മും കഴിഞ്ഞൊരു സ്റ്റാർബക്സ് കാപ്പി
മൂന്നര ഡോളറും ഒരു ഡോളർ ടിപ്പും കൂട്ടി
നാലര ഡോളർ ശീലം…
ഇന്നത്തെ കണക്കിന് മുന്നൂറ്റി തൊണ്ണൂറ്റഞ്ച് രൂപ അഞ്ച് പൈസ
നാലര ഡോളർ ശീലം…

അര മണിക്കൂർ ത്രെഡ്‌മില്ലിൽ നടന്നത് മറന്ന്
കാറിൽ നിന്നും ഡോറിലേക്കുള്ള ദൂരം കുറയ്ക്കാൻ
പാർക്കിംഗ് തപ്പി പെട്രോൾ കത്തിച്ചു കളഞ്ഞു

ഡോറിലെത്തിയപ്പോൾ അവർ ഓടി വരുന്നു
അറുപത്തഞ്ചിന് മുകളിൽ പ്രായം
ചെറിയൊരു ഏഷ്യൻ സ്ത്രീ
വാതിൽ തുറന്നു പിടിച്ച് കൊടുത്തു
അവർ ശ്രദ്ധിക്കാതെ നടന്നു കയറി
തിരക്കുള്ളത് പോലെ..

കൗണ്ടറിൽ ആരുമില്ല, സ്ത്രീയും കൗണ്ടറിലേക്കല്ല പോയത്
ക്രഡിറ്റ് കാർഡും കയ്യിലേന്തി കൗണ്ടറിൽ ഞാൻ നിന്നു
“ലേശം കുടിക്കാൻ വെള്ളം കിട്ടുമോ” ഏഷ്യൻ സ്ത്രീയാണ്
“എന്തെങ്കിലും വാങ്ങണം മാം” ബാരിസ്റ്റ പറഞ്ഞു
ഞാൻ അവരെ ഇടംകണ്ണിട്ട് നോക്കി
അവർ അപ്പോഴും എന്നെ ശ്രദ്ധിച്ചില്ല
ദാഹിക്കുന്നുണ്ടാവും..

അവരെന്റെ പിന്നിൽ വന്ന് നിന്നു
ചില്ലിട്ട അലമാരയിൽ കണ്ണോടിച്ചു…
ഞാൻ എന്റെ കാപ്പി പറഞ്ഞു
കാർഡുപയോഗിച്ച് പണം കൊടുത്തു
നാലര ഡോളർ ശീലം…

കാപ്പിയെടുക്കാൻ ബാരിസ്റ്റക്ക് വേണ്ടത് ഒരു മിനുട്ടിൽ താഴെ
ഞാൻ തിരിഞ്ഞു നോക്കി
ആരുമില്ല… ഏഷ്യൻ സ്ത്രീയില്ല..
പുറത്തേക്കുള്ള ചില്ല് വാതിൽ അടയുന്നു….
അതിലൂടെ ചെറിയൊരു രൂപം
വേഗത്തിൽ ചെറുതായി ചെറുതായി അകന്നു പോകുന്നു

“സർ കോഫി…” ബാരിസ്റ്റ കപ്പ് നീട്ടി
“ആ സ്ത്രീക്ക് വെള്ളം കൊടുക്കായിരുന്നില്ലേ”
കപ്പ് വാങ്ങി ഞാൻ ചോദിച്ചു…
“എന്തെങ്കിലും വാങ്ങിയാലേ കൊടുക്കാൻ പറ്റു
അതാണ് പോളിസി…..” ബാരിസ്റ്റ പഠിപ്പിച്ചത് പറഞ്ഞു

എനിക്ക് വെള്ളം തരുമോ
തരുമെന്ന് ബാരിസ്റ്റ….
എനിക്കു തരാവുന്ന വെള്ളം അവർക്ക് കൊടുക്കായിരുന്നില്ലേ
എന്ന് ഞാൻ…

എന്നെ നോക്കിയ ബാരിസ്റ്റയെ ഞാനും ശ്രദ്ധിച്ചില്ല
അവരുടെ നിവൃത്തികേടാവും…. ആവുമോ..
ശരിയല്ല… വെള്ളമല്ലേ… നമ്മൾ കൊടുക്കക്കണ്ടേ… മോശമല്ലേ..
പോളിസികളിൽ എത്ര ജീവനുകൾ ഇല്ലാതാവുന്നു
അല്ലെ…

കുറെ ആളുകൾ വെള്ളത്തിനായി വരും..
ബാരിസ്റ്റ പഠിപ്പിച്ച പോലെ പറഞ്ഞു..

ഒരു ദിവസം എത്ര വരും…
അഞ്ച്.. പത്ത്.. അൻപത്.. നൂറ്
കാപ്പി വാങ്ങാൻ വരുന്നവരേക്കാൾ കൂടുതൽ വെള്ളം ചോദിച്ച് വരുമോ..
സിലിക്കൺ വാലിയിൽ ഇന്ന് ഒരു ദിവസം
കൈയ്യിൽ പണമില്ലാത്ത എത്ര പേർക്ക് ദാഹിക്കും…
എത്ര പേര് തിരിച്ചു പോകും….
സമ്പന്നത…..

ഞാൻ കൗണ്ടറിൽ നിന്നും മാറി…
അടുത്തയാൾ ഓർഡർ ചെയ്തു…
അയാൾക്ക് ഫ്രീയായി വെള്ളം കിട്ടും..
അയാൾക്കും വേണമായിരിക്കില്ല…

എനിക്ക് പുറത്തു പോയി വിളിച്ചു കൂവണം എന്ന് തോന്നി
ദാഹിക്കുന്നവർ വരൂ….
ഇപ്പോൾ രണ്ടു കപ്പ് വെള്ളം ഫ്രീയായി ലഭ്യമാണ്
വേഗം വരു…
ദി വിൻഡോ ഓഫ് ടൈം ഈസ് ക്ലോസിങ്….
The window of time is closing
ജനലിനു പുറത്ത് മഴ പെയ്യാൻ തുടങ്ങി…

എ ഹോംലെസ്സ് റെയിൻ…. എ ഹോപ്‌ലെസ്സ് പെയിൻ
A homeless Rain… A Hopeless Pain…

ഞാൻ ഒരു ടേബിളിൽ കാപ്പിയുമായി ഇരുന്നു..
പുസ്തകം തുറന്നു… Defy… എതിർപ്പ്… ധിക്കാരം.. ലംഘനം…
Defy By Doctor Sunita Sah
The Power of No in a world that demands Yes
സമ്മതം മൂളാൻ നിർബന്ധിക്കുന്ന ലോകത്ത് നിഷേധത്തിന്റെ ശക്തി

ഞാൻ പുസ്തകം വായിച്ചു തുടങ്ങി…
കാപ്പി ഒരിറക്ക് കുടിച്ചു… ദാഹം മാറുന്നില്ല…
എന്റെ അവസാനത്തെ സ്റ്റാർബക്സ് കാപ്പി…
നിഷേധമല്ല… ചെറിയൊരു തീരുമാനം…
നാലര ഡോളർ ശീലം…..
ശീലങ്ങൾ മാറ്റണം….

നാലര ഡോളറിന് എത്ര പേർക്ക് വെള്ളം കുടിക്കാം…?
സ്റ്റാർബക്സ് വേണമെന്ന് തോന്നുമ്പോൾ
ഇനിയും നാലര ഡോളർ ചിലവാക്കും..
എവിടെയെങ്കിലും ആർക്കെങ്കിലും ഉപകാരപ്പെടും…
ദാഹം മാറ്റാൻ തല കുനിയാതെ നോക്കാം…

നാലര ഡോളർ ശീലം…..
ശീലങ്ങൾ മാറണം…. മാറ്റണം….


Leave a comment