ഇന്നലെ മുതൽ ഒരു പുതിയ ദൗത്യം ഏറ്റെടുത്തു. ദൗത്യം എന്നതിനേക്കാൾ ഒരന്വേഷണം എന്ന് പറയുന്നതാവും ശരി. എല്ലാ ദിവസവും എഴുതാനായി ഒരല്പം സമയം കണ്ടെത്തുക എന്ന്. ജോലിയും മറ്റു തിരക്കുകളും ഉറക്കവും വെറുതെയിരിക്കലും അങ്ങനെ പലതും കഴിഞ്ഞ് ഒരു 15 അല്ലെങ്കിൽ 30 മിനുട്ട് എന്തെങ്കിലും ടൈപ്പ് ചെയ്യാൻ. എന്തിനാണ് എന്നല്ലേ.. അങ്ങനെ പ്രത്യേകിച്ച് കാര്യമുണ്ടായിട്ടല്ല.
ദിവസവും എക്സർസൈസ് ചെയ്യുക അല്ലെങ്കിൽ ജിമ്മിൽ പോകുക എന്നതൊക്കെ പോലെ. കഴിഞ്ഞ വർഷം നവംബർ 27ന് എല്ലാ ദിവസവും ജിമ്മിൽ പോയി തുടങ്ങണം എന്ന് തീരുമാനിച്ചു. അത് മുറയ്ക്ക് സംഭവിക്കുന്നുണ്ട്. ഇതെഴുതുമ്പോൾ തുടർച്ചയായി 60 ജിമ്മിൽ പോകുന്നുണ്ട്. എന്നിട്ട് വലതും സംഭവിച്ചോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ. മിസ്റ്റർ കലിഫോർണിയയാവാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല.
എനിക്ക് എന്നോടന്നേ ഒരു മതിപ്പ് തോന്നുന്നു അത്ര തന്നെ. മറ്റുള്ളവരുടെ കാര്യം മ്മള് നോക്കണോ. എടുക്കാൻ പറ്റുന്ന വെയിറ്റുകളുടെ ഭാരവും ലേശം കൂടുന്നുണ്ട്. അത്ര തന്നെ. ഒരു ദിനചര്യ എന്ന രീതിയിൽ അത് മെല്ലെ കൂടെ ആവുന്നുണ്ട്. അതൊരു ബുദ്ധിമുട്ടല്ലാതെ പോകുന്നുണ്ട് എന്നത് കൊണ്ട് അത് ദൈനം ദിന ജീവിതത്തിലെ ഭാഗമാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ. ജിമ്മിൽ എന്ത് ചെയ്യുന്നു എന്നതിനേക്കാൾ ജിമ്മിൽ പോകുക എന്നതാണ് ലക്ഷ്യം അവിടെ പോയാൽ എന്തെങ്കിലും ചെയ്യുമല്ലോ.
ജിമ്മിൽ പോയാൽ മസിൽ വരും എന്നല്ലേ ആളുകൾ പറയുന്നത്. Writing Muscle എന്നും വേണമെങ്കിൽ ഒന്നുണ്ട് എന്ന് കരുതാം. അത് ദിവസവും എഴുതുന്നതിൽ നിന്ന് മാത്രമാണ്. നന്നായി എഴുതുക എന്നതിനേക്കാൾ ദിവസവും എഴുതുക എന്നതാണ് ഉദ്ദേശം. പ്രത്യേകിച്ച് ഒന്നുമില്ല. മനസ്സിൽ തോന്നുന്നതിന് വാക്കുകളും വരികളും കൊടുത്ത് എന്തെങ്കിലും ഒക്കെ.
മൂന്ന് തരം എഴുത്താണ് ഉദ്ദേശിക്കുന്നത്. ഒരു ദിവസം ഇംഗ്ലീഷിൽ എന്റെ https://vinodnarayan.com/ എന്ന ബ്ലോഗിൽ. അടുത്ത ദിവസം https://pahayanmedia.com/ എന്ന എന്റെ മലയാളം ബ്ലോഗിൽ.. രണ്ടിടത്തും വ്യക്തിപരമായ ചില അല്ലറ ചില്ലറ കാര്യങ്ങളും പരിഭാഷയും കവിതയും നേരമ്പോക്കുമായി ചിലത്. മൂന്നാമത്തെ ദിവസം https://penpositive.com/ എന്ന എന്റെ ബ്ലോഗിൽ അല്പം പ്രഫഷണൽ കരിയർ വിഷയങ്ങൾ.
ഒരു ജേർണൽ സ്വഭാവം ഈ എഴുത്തുകൾക്ക് ഉണ്ടാവണം എന്നാണ് ആഗ്രഹം. നമ്മുടെയൊക്കെ ജീവിതത്തിൽ പ്രത്യക്ഷത്തിൽ വലിയ സംഭവമല്ല എന്ന് തോന്നുന്ന പലതും ദിവസവും നടക്കുന്നുണ്ട്. അതിൽ ചിലതെങ്കിലും എഴുതാൻ ശ്രമിക്കുമ്പോൾ നമ്മളെ കുറിച്ച് തന്നെ നമ്മൾക്ക് കൂടുതൽ മനസ്സിലാക്കാനുള്ള ഒരു അവസരവുമാവാം. മറ്റുള്ളവരെ വിലയിരുത്താൻ കാണിക്കുന്ന ആ ആവേശം സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ നന്നാവില്ലെ എന്ന് തോന്നി.
ന്നാപ്പിന്നങ്ങന്യാക്കാം !
-പഹയൻ-
