ജാപ്പനീസ് കവിയും സാഹിത്യ നിരൂപകനുമായിരുന്ന തത്സുജി മിയോശി (Tatsuji Miyoshi)യുടെ ‘ഫാമിലി’ (Family) എന്ന കവിതയുടെ മലയാളം പരിഭാഷ. മിയോശിയുടെ കവിതകളിൽ സമകാലിക ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലുകളും പ്രകടമാണ്.
ഫാമിലി
——
മകൻ സ്‌കൂളിൽ പോകാൻ തുടങ്ങുമ്പോൾ
ആ അച്ഛൻ ദിവസവും കവിതകളെഴുതാൻ തുടങ്ങി
ആ കവിതകൾ ഒരു തൊപ്പിയായും, സഞ്ചിയായും,
പാഠ പുസ്തകങ്ങളായും, ക്രയോൺസ് പെൻസിലുകളായും
പിന്നൊരു ചെറിയ കുടയായും രൂപാന്തരപ്പെട്ടു.
ഏപ്രിൽ ഒന്നാം തിയതി
മകൻ അവന്റെ അമ്മയുടെ കൂടെ
ഒന്നാം വർഷത്തെ പ്രവേശന ചടങ്ങിൽ പങ്കു ചേരാൻ
ചെറി പൂത്തു നിന്ന പട്ടണത്തിൽ കൂടി നടന്ന്
ഒരു പഴയ കോട്ടയിലുള്ള
സാധാരണക്കാരുടെ സ്‌കൂളിൽ ചെന്നു.
പക്ഷികളുടെ പാട്ടും കൊഞ്ചലും കേട്ട്
കടലിരമ്പുന്നതും കേട്ട്….
എത്രയോ കാലങ്ങളായി ഇതൊന്നും കേട്ടിട്ടില്ലാത്തത് പോലെ.
തീർത്തും നിശബ്ദമായി തീർന്ന ആ വീട്ടിൽ
ആ അച്ഛൻ പ്രായമായൊരു സഹായിയുടെ കൂടെ ഒറ്റക്കിരുന്നു
-തത്സുജി മിയോശി-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിൽ കവിതാ മാസത്തിലെ 20-മത്തെ പരിഭാഷ

