വാക്കുകളും ചിത്രങ്ങളും അവളും – Malayalam Poem

ചിത്രങ്ങൾ പ്രസക്തമല്ല എന്ന് തോന്നുന്നിടത്ത്
നിന്നുമാണ് കഥ തുടങ്ങുന്നത്…
വാക്കുകളാണ് എല്ലാം വരച്ചെടുക്കുന്നത്
വാക്കുകൾക്ക് പക്ഷെ അർത്ഥം എന്നൊരു നൂലാമാലയുണ്ട്…

വാക്കുകൾ വരയ്ക്കുന്നതെല്ലാം
പല രീതിയിലാണ്
ആളുകൾ മനസ്സിലാക്കുന്നത്…

ചിത്രങ്ങളേക്കാൾ എത്രയോ ഭയാനകമാണ്
വാക്കുകളുടെ വാൾമുനകൾ…
ഉദ്ദേശിച്ചവർ കൂടാതെ ആയിരങ്ങൾ
അതിനിരയാവും…

എന്നിട്ടും ചിത്രങ്ങൾ ഒട്ടും പ്രസക്തമല്ലാത്തൊരു
അദ്ധ്യായം അവൾ എഴുതി തീർത്തു…

ആർക്കെങ്കിലും വായിക്കാൻ കൊടുത്താൽ
യുദ്ധം ഉറപ്പാണ്…
കൊടുത്തില്ലെങ്കിൽ മനസ്സിന് സമാധാനം കിട്ടില്ല…

അവളുടെ മുന്നിൽ രണ്ടു ചോദ്യങ്ങളാണ്…
രണ്ടിന്റെയും അവസാനം വിഷമങ്ങളുടേതാണ്…

വാക്കുകൾക്ക് ആകൃതികൾ നൽകുന്നൊരു വിദ്യയുണ്ട്
വായിക്കാതെ അതിലേക്ക് നോക്കിയാൽ
തെളിഞ്ഞു വരുന്ന ആകൃതികൾ

പലപ്പോഴും അർത്ഥങ്ങളേക്കാൾ
ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയുന്നവ…

അവൾ എഴുതിയതിലേക്ക് ഒന്ന് കൂടി നോക്കി…
വായിക്കാതെ നോക്കിയാൽ അക്ഷരങ്ങൾക്ക്
ഒരു പരിചിത സമാധാനമൊക്കെ ഉണ്ട്…
പക്ഷെ ഇത് ടൈപ്പ് ചെയ്യണമല്ലോ…
എഴുത്തല്ലല്ലോ ഇപ്പോഴുള്ള രീതി…

ടൈപ്പിങ്ങിൽ നഷ്ടപ്പെടുന്ന പലതും
എഴുത്തുകളിൽ ഉണ്ട്….
വരും കാലത്ത് ആരും കാര്യമാക്കാതെ പോകുന്നവ..

അവൾ എഴുതിയത് ടൈപ്പ് ചെയ്ത്
സ്ക്രീനിലേക്ക് പകർത്തി…..
ഒരു നിമിഷം സ്ക്രീനിലേക്ക് നോക്കി
പോസ്റ്റ് ബട്ടൺ അമർത്തി….
ചക്രം തിരിഞ്ഞു…..
ഒന്ന് മിന്നി മാഞ്ഞ് അത് യാത്ര തുടങ്ങി…

ഇനിയങ്ങോട്ട് അവൾ സ്വതന്ത്രയാണ്…
അവൾ തുടങ്ങിയ യുദ്ധമല്ല…
പക്ഷെ യുദ്ധമില്ലാതെ അവൾക്ക് സ്വാതന്ത്യമില്ല…

യുദ്ധം അവരുടെ സങ്കല്പമാണ്…
അവളുടെ യാഥാർഥ്യവും,,,,,

ലാപ്ടോപ്പ് അടച്ച് അവൾ ഉറങ്ങി….
ചിത്രങ്ങൾക്കും വാക്കുകൾക്കും വസ്തുതകൾക്കും
പ്രസക്തിയില്ലാത്ത ലോകത്ത്
ഈ കഥയും അവസാനിക്കുന്നു….

-പഹയൻ-

Leave a comment