Art Lovers of America (ALA) സിയാറ്റലിൽ നടത്തിയ ALF എന്ന കലാസാഹിത്യ അരങ്ങിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെ കാണാനും കവിതയും പ്രഭാഷണവും കേൾക്കാനും അവസരമുണ്ടായി. ചിദംബരസ്മരണ കൈയ്യൊപ്പോടെ വാങ്ങി.
ALF പോലെ ഇത്രയും മനസ്സിൽ തട്ടിയ ഒരു പരിപാടി അമേരിക്കയിൽ എന്റെ 25 വർഷത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. അതിശയോക്തിയല്ല.. ചില പരിപാടികളുടെ മൗലികമായ ആശയങ്ങളും അത് മുന്നോട്ട് വയ്ക്കുന്ന കൂട്ടായ്മയും കൊണ്ടൊക്കെയാവാം അങ്ങനെ നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്നത്.
നമ്മൾ ആവശ്യപ്പെടുന്നത് തന്നെ കിട്ടുമ്പോൾ ഉണ്ടാവുന്ന ഒരു പറഞ്ഞറിയിക്കാൻ കഴിയാതെ പോകുന്നൊരു സുഖം…
ഇന്ന് ചുള്ളിക്കാട് അമേരിക്കയിൽ നിന്നും തിരിച്ചു പോകുമ്പോൾ പങ്കു വച്ച ഒരു കുറിപ്പ് വായിക്കാൻ ഇടയായി.. അതിലെ ചില വരികൾ മനസ്സിനെ വല്ലാതെ ഉലച്ചു… അതാണ് ഇതെഴുതാൻ കാരണം. Some need for self awareness I guess….
സിയാറ്റലിൽ നിന്നും സാൻഫ്രാൻസിസ്‌ക്കോയിലേക്ക് വരുന്ന വഴി ചിദംബരസ്മരണ വായിക്കുകയായിരുന്നു. അത് വായിക്കുമ്പോൾ ചുള്ളിക്കാടുമായി അവിടെ വച്ച് കണ്ടുമുട്ടിയതും കവിതയും പ്രഭാഷണവും കേട്ടതും ഒക്കെ മനസ്സിൽ കൂടി പോകുന്നുണ്ടാട്ടിരുന്നു.
നമ്മൾ കേരള സമൂഹം എന്ന രീതിയിൽ ഇപ്പോഴും ചുള്ളിക്കാടിനെ കൊണ്ട് ആ തീക്ഷ്‌ണതയെറിയ കവിതകൾ വീണ്ടും വീണ്ടും വായിപ്പിക്കുന്നതും അതിനെ കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങൾ പറയുന്നതും അതെഴുതിയതിന് അദ്ദേഹത്തിനെ അഭിനന്ദിക്കുകയും ഒക്കെ ചെയ്യുന്നത് ക്രൂരമല്ലേ എന്ന്…
ആ കവിതകളിൽ അത്രമാത്രം ഒരു മനുഷ്യന്റെ തിരിച്ചു പോകാൻ ആഗ്രഹിക്കാത്ത വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും കൃത്യമായി മനസ്സിലാക്കിയിരുന്നില്ല…
ആ കവിതകൾ എഴുതിയ ചുള്ളിക്കാടിൽ നിന്നും ഇന്നുള്ള ചുള്ളിക്കാടിലേക്ക് എത്രയോ ദൂരം ഉള്ളിൽ യാത്ര ചെയ്ത ബാലചന്ദ്രനെയാണ് ഞാൻ കഴിഞ്ഞ ദിവസം സിയാറ്റലിൽ വച്ച് കണ്ടത് എന്ന് തോന്നി…
ബഹുദൂരം യാത്ര ചെയ്തിട്ടും സമൂഹം ഇപ്പോഴും മനസ്സിലാക്കാൻ വിസമ്മതിക്കുന്ന ഒരു ബാലചന്ദ്രനെ…
“ഇനിയൊരിക്കലും ഇതു പോലൊരു കവിയാവരുത്” എന്ന് ചുള്ളിക്കാട് എഴുതിയ കുറിപ്പിലൂടെ പറയുമ്പോൾ അതിന് പല അർത്ഥതലങ്ങളുമുണ്ട്. നമ്മൾ ചുള്ളിക്കാടിനെ കാണുന്നതിലും നമ്മൾ നമ്മളെ തന്നെ നാളെ കാണാൻ പോകുന്നതിലും ഒക്കെ ഈ വരി പ്രസക്തമാണ്.
ജീവിതത്തിലെ ആശയങ്ങളും രീതികളും നവീകരിച്ച് അറുത്ത് തിരുത്തി ലോകത്തെയും തന്നെയും കാണാൻ ശ്രമിക്കുന്ന ഒരാളെ വീണ്ടും വീണ്ടും അയാൾ പിന്നിട്ട വേദനകളിലൂടെ നടത്തിച്ച്… അതും കേട്ട് കൈയ്യടിച്ച് സെൽഫിയെടുത്ത്.. അയാളെ ചിരിക്കാൻ നിർബന്ധിച്ച്.. പഴയ ഓർമ്മകളിൽ നിന്നും അടർന്നു നിൽക്കാൻ അനുവദിക്കാതെ.. നമ്മുടെയൊക്കെ ചുരുങ്ങിയ കാഴ്ചപ്പാടുകളുടെ ഭാഗമാവാൻ ആവശ്യപ്പെടുന്നത് ക്രൂരമല്ലേ എന്നൊരു തോന്നൽ..
എന്റെ സെൽഫിയും അതേ ക്രൂരതയുടെ ഭാഗമാണ് എന്ന് ചിദംബരസ്മരണ വായിക്കുമ്പോൾ മനസ്സിലാക്കുന്നു.
“കീറി പറഞ്ഞ ജീവിതം അവിടെ എന്നെ കാത്തിരിക്കുന്നു” എന്ന് ചുള്ളിക്കാട് എഴുതി നിർത്തുമ്പോൾ ഞാനും കീറി കളയാൻ ശ്രമിക്കുന്ന ഒന്നുണ്ട്… ചുള്ളിക്കാടിനെ വായിക്കുമ്പോൾ ഒരിക്കലും അതിലെ ബാലചന്ദ്രനെ മനസ്സിലാക്കാതെ പോയ എന്റെ വികലമായ ജീവിത ചിന്തകളെ… കീറി മുറിച്ചു കളയണം അതിനെ…
ചുള്ളിക്കാടിന്റെ കവിതകൾ എന്നും എന്റെ കൂടെയുണ്ടാവും. ചിദംബരസ്മരണ വായിച്ചു തീരുമ്പോൾ ഒരു കാര്യം ഉറപ്പാണ്… ഈ ലോകത്ത് ഒരാളുടെ ഉള്ളിലെങ്കിലും ആ കവിതകളിലൂടെ ജീവിച്ച… ഇന്നും ജീവിക്കാൻ സമൂഹം നിർബന്ധിക്കുന്ന ബാലചന്ദ്രൻ മാത്രമേ ഉണ്ടാവു…. ![]()
സ്നേഹം!
-പഹയൻ-
