46/365 ചില അർത്ഥമറ്റ ചിന്തകൾ

തിരികളില്ലാതെ വിളക്കുകൾ കത്തുന്നു. ചുറ്റും ശരീരമില്ലാതെ കുറേ വസ്ത്രങ്ങൾ

കൂട്ടമായി നൃത്തം വയ്ക്കുന്നു…

ഒരു പൊട്ടി പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും ഒരു കുട്ടിയുടെ കരച്ചിൽ.. തോക്കിലേക്ക് ഉണ്ട നിറയ്ക്കുന്ന ഒരാൾ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നു..

മറ്റൊരു കുട്ടി സ്‌കൂളിൽ പോകാൻ സമ്മതിക്കാതെ ബഹളം വയ്ക്കുന്നു.. ഓഫീസിലേക്ക് തിരക്കിടുന്ന അച്ഛനും അമ്മയും അതിന്റെ ബാഗും പിടിച്ച് പ്രലോഭനവും ശകാരവും മാറി മാറി നൽകി മടുക്കുന്നു…

എന്ത് പ്രലോഭനമാണ് ആ കുട്ടിയിൽ ഫലിക്കുക എന്ന് ഞാനും ചിന്തിക്കുന്നു.. നന്നായി പഠിച്ചാൽ വലുതായാൽ അച്ഛനെയും അമ്മയെയും പോലെ രാവിലെ ഓഫീസിലേക്ക് ഇങ്ങനെ തിരക്കിടാം എന്നോ..?

അതോ അധികമായാൽ മോശമാണ് എന്നും പറഞ്ഞ് ഇപ്പോൾ വിലക്ക് കൽപ്പിക്കുന്ന ചോക്ലേറ്റും പിസയും ഹോട്ടൽ ഭക്ഷണവും അനാവശ്യ ധാരാളിത്തവും ഫോണിലെ ഗെയിംസും ഒക്കെ യഥേഷ്ടം കിട്ടാനുള്ള പദവിയും പണവും അധികാരവും കിട്ടുമെന്നോ…?

ടീവിയിൽ ഒരു വാർത്ത വരുന്നു… യുദ്ധമാണ് വിഷയം… അതിനെ കുറിച്ച് സംസാരിക്കുമ്പോൾ ചർച്ചക്ക് ഇരിക്കുന്നവർ എന്തിന് ശത്രുക്കളെ പോലെ പെരുമാറുന്നു… ആര് തമ്മിലാണ് ശരിക്കും യുദ്ധം…?

പൊളിഞ്ഞ കെട്ടിടത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ തുടരുന്നുണ്ട്… തൊക്കേന്തിയ മൃതശരീരത്തിന്റെ മുഖത്ത് നിറയൊഴിക്കാൻ കഴിയാത്തതിന്റെ ചെറിയൊരു വിഷമം…

യുദ്ധ ഭൂമിയുടെ ദൃശ്യം ടീവിയിൽ കാണിക്കുന്നു…. അറ്റ് കിടക്കുന്ന അവയവങ്ങളും ചോരയും ചലനമറ്റ ശരീരങ്ങളും കരയുന്ന മുഖങ്ങളും… പൊളിഞ്ഞ കെട്ടിടങ്ങൾ… മനുഷ്യർ…

ഏതോ ഒരാൾ അയാളുടെ വീട്ടിലെ ടീവി അപ്പോൾ ഓഫാക്കുന്നു… പ്ളേറ്റിലെ പൊറോട്ട മുറിച്ച് കറിയിൽ മുക്കി കഴിക്കുന്നു… തന്റെ വീട്ടിൽ അപരിചിതരായി മാറിയ ചിലർ മേശക്ക് ചുറ്റും ഇരുന്ന് എന്തൊക്കെയോ കഴിക്കുന്നു…

അവർ ടീവിയിൽ നിന്നും കണ്ണെടുത്ത് അവരുടെ ഫോണിലേക്ക് വച്ച് പിടിപ്പിക്കുന്നു… അയാളും അവരെ ശ്രദ്ധിക്കാതെ ഫോണിലേക്ക് കണ്ണ് പറിച്ചു നടുന്നു…

പൊട്ടി പൊളിഞ്ഞ കെട്ടിടത്തിൽ കുട്ടിയുടെ കരച്ചിൽ നിലയ്ക്കുന്നു… അതിന്റെ ശബ്ദത്തിൽ കേൾക്കാതെ പോയ ചില ഞെരക്കങ്ങൾ ഇപ്പോൾ കേൾക്കാം…

കുട്ടിയെ പേടിപ്പിച്ചും പ്രലോഭപ്പിച്ചും സ്‌കൂളിലേക്ക് അയക്കാൻ കഴിയാതെ പരസ്പരം വഴക്കിടാൻ തുടങ്ങിയ അച്ഛനെയും അമ്മയെയും തനിച്ചാക്കി കുട്ടി ബാഗുമെടുത്ത് സ്‌കൂളിലേക്ക് പോകുന്നു…. അച്ഛനും അമ്മയും വഴക്ക് തുടരുന്നു…

ഓഫീസിൽ ഉള്ളവർ ഇതൊന്നുമറിയാതെ എല്ലാ ദിവസവും പോലെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു…

മൃതദേഹത്തിനെ സ്ട്രച്ചറിൽ കയറ്റുമ്പോൾ തോക്ക് മറ്റാരോ എടുക്കുന്നു… മറ്റൊരു ജീവനെടുക്കാൻ പുതിയ കൈകളിൽ തോക്ക് ഭദ്രമാവുന്നു… ഒരു തോക്കും ലോകത്ത് അനാഥമാവരുത് എന്ന് പറഞ്ഞ് ആയിരം കൈകൾ ഒരുമയോടെ ഉയരുന്നു… ആ ആയിരങ്ങളിൽ ഒന്നാവാം തോക്കിന്റെ അടുത്ത ഇര എന്നത് അവരും അറിയുന്നില്ല

ഒരാൾ ഒറ്റക്ക് ആരുമില്ലാത്ത ഒരു വഴിയിൽ ഇരുട്ടിൽ കൂടി നടന്ന് നീങ്ങുന്നു…. അയാൾ ഇതൊന്നും അറിയുന്നില്ല…. അയാൾക്ക് പിന്നിൽ ഒരു നിഴൽ പോലെ ലോകവും മെല്ലെ നീങ്ങുന്നു….

തിരിയില്ലാതെ കത്തുന്ന വിളക്ക് കെടാൻ വഴിയില്ലാതെ പ്രകാശം പരത്തുന്നു… വസ്ത്രങ്ങൾ ആട്ടം നിർത്തി നിലത്ത് വീണ് പരന്നു കിടന്നു…. പ്രകാശം പരത്തുന്ന തിരിയില്ലാതീ ആ വസ്ത്രങ്ങളിലേക്ക് ആഞ്ഞ് പിടിക്കുന്നു…

ലോകം ഇരുട്ടിൽ നിന്നും മെല്ലെ കത്തുന്ന തീയിലേക്ക് നീങ്ങുന്നു… അയാൾ പിന്നിൽ കത്തുന്ന ലോകത്തെ കാണുന്നില്ല… ലോകം അയാളെ കത്തിക്കാൻ കഴിയാതെ പിന്നിൽ കത്തി എരിയുന്നു….. അയാൾ നടന്നു കൊണ്ടേ ഇരിക്കുന്നു….

എന്റെയടുത്ത് ഞങ്ങളുടെ ജിഞ്ചർ അതിന്റെ കളിപ്പാട്ടം നോക്കി കിടക്കുന്നു… ഞാൻ ഈ എഴുതുന്നത് അതും അറിയുന്നില്ല 🙏

സ്നേഹം 🥰
-പഹയൻ-

Leave a comment