44/365 അമ്മ യാത്രയായി

അങ്ങനെ അമ്മയും യാത്രയായി… അമ്മയെ ഇന്നലെ ഇളക്ട്രിക് ക്രിമറ്റോറിയത്തിൽ ദഹിപ്പിച്ചു. ഇന്ന് ദഹിപ്പിച്ച ചാരം ഏറ്റു വാങ്ങി. ഇനിയുള്ള സ്വാഭാവിക ചോദ്യങ്ങൾ… ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകൾ ക്രിയകൾ തുടങ്ങിയവ… പരിചിതരുടെ ഇടയിൽ ചിലരിൽ നിന്നെങ്കിലും ഇതൊക്കെ ഉയരുന്നുണ്ട്.

സ്നേഹത്തോടെ ബഹുമാനത്തോടെ പറയട്ടെ ‘ഇല്ല… ഒന്നും ചെയ്യാൻ ഉദ്ദേശമില്ല‘. എനിക്കോ അനിയത്തിക്കോ ഇതിലൊന്നും വിശ്വാസമില്ല. അമ്മയ്ക്കും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അമ്മ ആത്മീയമായ വിഷയങ്ങൾ ധാരാളം കേൾക്കുകയും വായിക്കുകയും ചെയ്തിരുന്നു. അതിന്റെ ഒരു ഫലം പണ്ടേ ശുഷ്കമായിരുന്ന ആചാരനുഷ്ഠാനങ്ങളിൽ നിന്നും തീർത്തും അകന്നിരുന്നു എന്നതാണ്.

അമ്മയുടെ ഒരേയൊരാഗ്രഹം അമ്മയെ ദഹിപ്പിച്ചതിന്റെ ചാരം 36 വർഷം മുൻപ് അച്ഛനെ ദഹിപ്പിച്ച അതേ മണ്ണിൽ കുഴിച്ചിടണം എന്നാണ്. അത് ഞങ്ങൾ ചെയ്യും. അമ്മ ഞങ്ങളോട് അതല്ലാതെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

അമ്മ മരണ ശേഷം ക്രിയകളും ചടങ്ങുകളും ചെയ്യണം എന്ന ആഗ്രഹം ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ അതും ചെയ്യുമായിരുന്നു. ഞങ്ങളുടെ വിശ്വാസ അവിശ്വാസങ്ങൾക്ക് ഒന്നും അവിടെ പ്രസക്തിയില്ല…. വിശ്വസിച്ചില്ലെങ്കിലും മടിയില്ലാതെ ഒരു മകനെന്ന രീതിയിൽ നിരീശ്വരവാദിയായ ഞാൻ അതൊക്കെ ചെയ്യുമായിരുന്നു. സഹ യുക്തി നിരീശ്വരവാദികൾക്ക് അതിൽ പുച്ഛം തോന്നിയിരുന്നെങ്കിലും.

വർഷങ്ങൾ മുൻപ് തന്നെ ഞാനും അമ്മയും ഇതൊക്കെ സംസാരിച്ചിട്ടുണ്ട്. മകനെന്ന രീതിയിൽ സമൂഹവും മതവും അനുശാസിക്കുന്ന ഒന്നും ചെയ്യേണ്ടതില്ല എന്നും ഞങ്ങൾ സംസാരിച്ച് ഉറപ്പിച്ചിരുന്നു.

എങ്കിലും എല്ലാവർക്കും ഒരു closure ആവശ്യമാണ്‌ എന്നതാണ് സത്യം. ഞങ്ങളുടെ അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നും കരുതുന്നു.

ചിലർക്ക് ഈ ആചാരാനുഷ്ഠാനങ്ങൾ അങ്ങനൊരു closure നൽകുന്നുണ്ടാവാം. എനിക്കില്ല. എനിക്കതിന്റെ ആവശ്യമില്ല.. എങ്കിലും വളരെ വേണ്ടപ്പെട്ടവർക്ക് വേണ്ടി ചില കൂടികാഴ്ച്ചകളും ഒത്തുചേരലുകളും ഉണ്ടാവും. അത് അതാത് വ്യക്തികളെ മാത്രം അറിയിക്കും 🥰

മകനെന്ന രീതിയിൽ അമ്മയുടെ മരണ ശേഷം ചെയ്യേണ്ട ഒരു മതാനുഷ്ഠാങ്ങളും അത് ജീവിച്ചിരിക്കുന്ന ആരുടെ ആവശ്യത്തിന് വേണ്ടിയായാലും ഞാൻ ചെയ്യുന്നുണ്ടാവില്ല. 🙏

It is a personal choice of closure when someone close to us leaves us.

എന്റെ closure ഇതിലുമൊക്കെ സങ്കീർണ്ണമാണ്… എന്നും രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ആദ്യം വിളിക്കുന്നത് അമ്മയെയാണ്… ഇനി അങ്ങനെ വിളിക്കാൻ മറുവശത്ത് അമ്മയുണ്ടാവില്ല എന്ന സത്യം തിരിച്ച് അമേരിക്കയിൽ ചെല്ലുമ്പോൾ ഓഫീസിലേക്ക് വണ്ടി ഓടിക്കുമ്പോൾ കുറച്ചു കാലത്തേക്ക് ഉണ്ടാവും.. അങ്ങനെ വളരെ പതിയെ മാത്രമേ എനിക്ക് ഒരു closure ഉണ്ടാവുള്ളു.

ഇനി ഒരിക്കലും വരാത്ത ഒരു വീഡിയോ കോൾ ആണ് അമ്മ എന്നത് മനസ്സിൽ ആഴ്ന്നിറങ്ങാൻ സമയമെടുക്കും…

അമ്മയുടെ പേരിൽ Solace എന്ന സ്ഥാപനത്തിലേക്ക് ഒരു വർഷത്തേക്ക് മാസാമാസം ഒരു തുക അയച്ചു കൊടുക്കണം എന്നാഗ്രഹിക്കുന്നു.. അതാണ് എന്റെ closure… ഞാനും അമ്മയും സംസാരിച്ചിട്ടില്ലെങ്കിലും ഇത് അമ്മ ആവശ്യപ്പെടുന്നതായി എനിക്ക് തോന്നുന്നു 🥰

അപ്പോൾ മരണം കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്ന ചോദ്യം വീണ്ടും കിടക്കുന്നു. കിയാനു റീവ്സ് എന്ന നടനോട് ഒരിക്കൽ ഒരാൾ ഇത് ചോദിച്ചപ്പോൾ അയാൾ ഒന്നാലോചിച്ചിട്ട് പറഞ്ഞു “ഒന്നുമുണ്ടാവില്ല.. പക്ഷെ നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ മിസ്സ്‌ ചെയ്യും”

അതായത് നമ്മൾക്ക് ഒന്നും സംഭവിക്കില്ല… നമ്മളെ സ്നേഹിക്കുന്ന ജീവിക്കുന്നവരിലൂടെ നമ്മൾക്ക് മരണമില്ലാതെ അങ്ങനെ തുടരും…

ജീവിക്കുന്നവർക്ക് വേണ്ടി മരിച്ചവരുടെ ഓർമ്മയിൽ എന്ത് ചെയ്യാൻ കഴിയും എന്നത് മാത്രമേ ചിന്തിക്കേണ്ടതുള്ളു 🙏

സ്നേഹം 🥰
-പഹയൻ-

Leave a comment