നമുക്ക് കുറ്റങ്ങൾ ഏറ്റു പറയണമെന്നുണ്ട്.. പക്ഷെ കേൾക്കാനാരുമില്ല
വെള്ള മേഘങ്ങളൊന്നും അത് കേൾക്കാൻ തയ്യാറല്ല
കാറ്റാണെങ്കിൽ കടലുകളിൽ നിന്നും കടലുകളിലേക്ക് സന്ദർശനം നടത്തുന്ന തിരക്കിലാണ്
മൃഗങ്ങളിൽ താല്പര്യമുണർത്താനും നമുക്ക് കഴിയുന്നില്ല..
ഒരു അടിസ്ഥാന ക്രമം പ്രതീക്ഷിച്ചിരിക്കുന്ന പട്ടികളും നിരാശപ്പെടുന്നു
നീതികെട്ട ഒരു പൂച്ച ഉറക്കം തൂങ്ങുന്നു…
വളരെ അടുപ്പമുണ്ടെന്ന് തോന്നിയ ഒരാൾ
പഴയ കാര്യങ്ങൾ കേൾക്കാൻ വിസമ്മതിക്കുന്നു
വോഡ്കയുടെയും കാപ്പിയുടെയും കൂടെ നടക്കുന്ന സൗഹൃദ സംഭാഷണങ്ങൾ
മടുപ്പിന്റെ ആദ്യത്തെ ലക്ഷണത്തിനപ്പുറം ദീർഖിപ്പിക്കാൻ പാടില്ല.
വലിയ പഠിപ്പും ബിരുദങ്ങളും ഉള്ളൊരാളെ മണിക്കൂറിന് പ്രതിഫലം കൊടുത്ത്
നമ്മളെ കേൾക്കാനിരുത്തുന്നത് നാണക്കേടാണ്
പള്ളികൾ….ചിലപ്പോൾ പള്ളികൾ…
പക്ഷെ അവിടെ പോയി എന്ത് കുമ്പസരിക്കാനാണ്
നമ്മൾ എല്ലാം തികഞ്ഞവരായാണ് സ്വയം കണ്ടിരുന്നതെന്നോ…
സൗന്ദര്യവും കുലീനതയും ഒത്തു ചേർന്നവർ….
എന്നിട്ടും നമ്മുടെ സ്ഥാനത്ത് ഒരു വൃത്തികെട്ട തവള
അതിന്റെ തടിച്ച കൺപോളകൾ പാതി തുറന്നുവെന്നോ…
അതിൽ നമ്മളെ തന്നെ വിശദമായി നമ്മൾ കാണുന്നുവെന്നോ..
അത് നമ്മൾ തന്നെയായിരുന്നു എന്നോ….
-czeslaw milosz-
Translation – Pahayan
