36/365 വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ

വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ എന്താണ് ആളുകളുടെ മനസ്സിൽ ഉണ്ടാവുക. മത്സരിക്കുന്നവർ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വോട്ടർമാരായി മാത്രം ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വരികളിൽ നിന്ന് അവരവരുടെ ഉത്തരവാദിത്വം നിറവേറ്റിയവർ. എന്താണ് അവരുടെയൊക്കെ മനസ്സുകളിൽ ഇപ്പോൾ.

നമ്മൾക്കൊക്കെ പല ആശയങ്ങളാണ് അത് പലപ്പോഴും പരസ്പര വിരുദ്ധവുമാണ്. അത് നമ്മളിൽ ഒരാളെ നല്ലതും മറ്റൊരാളെ മോശവുമാക്കുന്നുണ്ടോ? 

ചില സന്ദർഭങ്ങളിൽ നമ്മൾ തമ്മിൽ രൂക്ഷമായി മല്ലിടുമ്പോൾ നല്ലതും ചീത്തയുമായി നമ്മുടെ മനസ്സിലെങ്കിലും നമ്മൾ ഓരോരുത്തരും മാറുമായിരിക്കും. പക്ഷെ അടിസ്ഥാനപരമായി നമ്മളെ ഒക്കെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒന്നല്ലേ….?

തമ്മിൽ അറിയാത്ത രണ്ടു പേരെ ഒരു പുതിയ രാജ്യത്ത് കൊണ്ടിട്ടിട്ട് അവരോട് ചില ഭാവിയെ കുറിച്ചും വേദനകൾ കുറിച്ചും ആശങ്കകളെ കുറിച്ചും ഒക്കെ ചോദ്യങ്ങൾ ചോദിച്ചാൽ അവരുടെ ഉത്തരങ്ങൾക്ക് സമാന്തരങ്ങൾ ഉണ്ടാവില്ലേ…? 

അവരുടെ ആശയങ്ങൾ പരസ്പര വിരുദ്ധങ്ങളാണെങ്കിലും അവരെ ഒരുമിപ്പിക്കുന്ന എത്രയോ കാര്യങ്ങൾ ഉണ്ടാവില്ലേ…? അവരുടെ ഭാഷയും വേഷവും രീതികളും വിശ്വാസങ്ങളും ഒക്കെ പലതുമാവുമ്പോഴും അവരുടെ മുന്നിലെ വഴികളിൽ ഒരേ വെളിച്ചവും അന്ധകാരവും ആവില്ലെ…?  

ചിലപ്പോൾ നമ്മളെ ഒരുമിപ്പിക്കുന്നത് നമ്മൾക്കറിയുന്ന കാര്യങ്ങളാവില്ല പകരം നമ്മൾക്കാർക്കും അറിയാത്ത പലതുമാവാം.

ഈ ലോകത്തിനും സമൂഹത്തിനും എന്താണ് നല്ലത് എന്നതിനെ കുറിച്ച് നമ്മൾക്ക് എതിരഭിപ്രായങ്ങൾ ഉണ്ടാവാം. ഉണ്ടാവണം… പക്ഷെ അത് നമ്മൾക്കിടയിലുള്ള അകൽച്ചക്ക് ആക്കം കൂട്ടുന്നുണ്ടോ? അതോ നമ്മുടെ എതിരഭിപ്രായങ്ങൾ പരസപരം പങ്കു വച്ച് എന്തെങ്കിലും പുതിയതായി പഠിക്കാനുള്ള സാധ്യതയായി മാറുമൊ…?

നമ്മൾ തമ്മിൽ ആരും ജയിക്കാത്ത ചില മത്സരങ്ങളുണ്ടോ…? വോട്ടുകൾ ആർക്ക് ചെയ്തു എന്നാണോ അതോ എന്തിന് ചെയ്തു എന്നാണോ നമ്മൾ മനസ്സിൽ ചിന്തിക്കുക…? 

ഇത്രയും പറഞ്ഞത് വേറെ ഒന്നും പറയാനില്ലാത്തതു കൊണ്ടല്ല… പകരം നമ്മൾ തമ്മിൽ എത്ര അകന്നാലും ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാണെന്ന് ഓർമ്മിക്കാനാണ്… 

ജി.കെ ചെസ്റ്റർട്ടൺ എന്ന എഴുത്തുകാരൻ പറയുന്ന പോലെ “നമ്മളെല്ലാം ഒരേ തോണിയിലാണ്, കൊടുങ്കാറ്റുള്ള ഒരു കടലിൽ… ഘോരവും ഭയാനകവുമായ ഒരു വിശ്വാസ്യതയ്ക്ക് നമ്മൾ ഓരോരുത്തരും പരസ്പരം കടപ്പെട്ടിരിക്കുന്നു.”

ഇന്ത്യ… ഭാരതം… മനുഷ്യൻ…

സ്നേഹം🥰
-പഹയൻ-

Leave a comment