ഏയ് പ്രേമമൊന്നുമല്ല… ഒരു ചെറിയ ഇഷ്ടം..
“സീതേ… “ ആ നീട്ടി വിളിയിൽ എല്ലാമുണ്ടായിരുന്നു… അക്ബറിന്റെ കൂട്ടിൽ നിന്നും സീതയെ കാണാൻ കഴിയില്ല… പക്ഷെ…
കഴിഞ്ഞ തവണ നാല് ദിവസം ഒരു കൂട്ടിൽ കിടന്നതിന്റെ ഓർമ്മ ഇന്നും മനസ്സിലുണ്ട്… സീതയുടെ ശബ്ദവും മണവും ആ കൂട്ടിൽ ഇന്നുമുണ്ട്.. അക്ബറിന്റെ മനസ്സ് സീതയുടെ പക്കലും…
കൂടിന് പുറത്ത് ചില അടക്കം പറച്ചിലുകൾ അക്ബറും കേട്ടിരുന്നു… കൂട് തുറന്നു വിടാൻ വരുന്ന മീശക്കാരൻ ചേട്ടന്റെ പക്കലാണ് എപ്പോഴും ഏറ്റവും ഒടിവലത്തെ വാർത്തകൾ..
ഇത് വരെ മീശക്കാരൻ ചേട്ടന്റെ നിഗമനങ്ങൾ തെറ്റിയിട്ടില്ല…ഇത്തവണയും അതാവും സ്ഥിതി….
പുറത്ത് പ്രക്ഷോഭങ്ങൾ തുടങ്ങി കാണുമോ..? എന്തായിരിക്കും മണ്ടന്മാരുടെ പ്ലാൻ…
സീത തന്നെ കുറിച്ച് ലേശം പോസസീവ് ആണെന്ന് അറിയാം… ഈ വാർത്ത സീതയെങ്ങനെ എടുക്കുമെന്നും അറിയില്ല…
കഴിഞ്ഞ തവണ കണ്ടപ്പോൾ സീത പറഞ്ഞിരുന്നു… നമ്മുടെ പേരുകൾ ഒരു പ്രശ്നമാവുമോ അക്ബറേട്ടക്കാ എന്ന്.. പേടിക്കണ്ട എന്ന് താനും പറഞ്ഞിരുന്നു….
അക്ബറേട്ടക്ക… അങ്ങനെ വിളിച്ചു കളിയാക്കാനാണ് സീതക്ക് എപ്പോഴും ഇഷ്ടം… “സീത…. എന്റെ സീത…”
അല്ലെങ്കിലും നമ്മൾക്ക് എന്ത് മതവും ജാതിയും… ഈ പേര് തന്നെ ഞങ്ങൾക്ക് അന്യമല്ലേ…
വേണമെങ്കിൽ അവർ എന്റെ പേര് മാറ്റട്ടെ… രാമനെന്നാക്കാമല്ലോ… അല്ലെങ്കിൽ സീതയുടെ പേര് മാറ്റാമല്ലോ… സലീമാ എന്നോ റൂഖിയാ അങ്ങനെ എന്തെങ്കിലും ആക്കി കൂടെ….
“സീതേ….“
”സലീമേ…”
”റൂഖിയേ…“
ആ വിളിയിൽ അക്ബറും രാമനും എല്ലാം ഒന്നായി തീരുകയാണ് പതിവ്… പേരുകൾക്ക് അതീതമായ എന്തോ ഒന്ന് ആ വിളിയുടെ കൂടെ കൂടിന്റെ കമ്പികൾ തട്ടി ആരെയോ തേടി പുറത്തേക്ക് നീങ്ങി…
മീശക്കാരൻ ചേട്ടൻ പതിവ് റൗണ്ടിന് വന്നു… മുഖത്ത് ദിവസവും കാണാറുള്ള പ്രസന്നത ഇല്ല… ഒരു പറഞ്ഞറിക്കനാവാത്ത ഭാവം… അത്ഭുതമോ.. ആശ്ചര്യമോ… ഞെട്ടാലോ എന്താ എന്നറിയില്ല… കൈയിൽ ഒരു പത്രവും… അക്ബർ പത്രത്തിലെ തലക്കെട്ടിലേക്ക് കണ്ണോടിച്ചു…
‘അക്ബർ സിംഹവും സീത സിംഹവും ഒരു കൂട്ടിൽ വേണ്ട’; മതനിന്ദ ആരോപിച്ച് വിഎച്ച്പി കോടതിയില്‍…
“സീതേ….“
”സലീമേ…”
”റൂഖിയേ…“
കോടതി ഉചിതം പോലെ ഒരു തീരുമാനത്തിൽ എത്തട്ടെ… സീതക്ക് ഇനി ഇറച്ചി നൽകില്ല എന്ന തീരുമാനം എടുക്കില്ല എന്ന് കരുതാം…
തന്റെ പേര് മാറ്റി തനിക്കും കൂടി ഇറച്ചി നിഷേധിക്കുക എന്നൊരു വിധിയുടെ സാധ്യത അപ്പോൾ അക്ബറിന്റെ മനസ്സിൽ വന്നില്ല…
മീശക്കാരൻ ചേട്ടന്റെ കുനിഞ്ഞ ശിരസ്സ് കൂടുകൾക്കപ്പുറം മറഞ്ഞു പോയി… അക്ബറിന് അത് വരെ മീശക്കാരൻ ചേട്ടന്റെ പേരറിയില്ലായിരുന്നു… അക്ബറിന്റെ സീതാ ലോകത്ത് അത് വരെ പേരിന് പ്രസക്തിയില്ലായിരുന്നു….
സ്നേഹം 🥰🙏
പഹയൻ
