“ഇന്ന് വാലന്റൈനാണ് എന്ന് പാശ്ചാത്യ സമൂഹം പറയുന്നു എന്ന് കരുതി നമ്മൾ നമ്മുടെ സംസ്കാരം മറന്നു കൂട…” ഒരുത്തൻ മൈക്കിൽ കൂടി വിളിച്ചു പറഞ്ഞു..
അവൻ ടീവി ചാനൽ മാറ്റി… “സായിപ്പന്മാരുടെ സമൂഹത്തിന്റെ വൃത്തികെട്ട കെണിയിൽ പെടാതെ നമ്മുടെ മതം നിർദേശിക്കുന്ന വഴിയിൽ കൂടി നടക്കണം…. എന്നാൽ സ്വർഗ്ഗം ലഭിക്കും” അവിടെയും വേറൊരുത്തന്റെ അലറൽ…
“കണ്ടവരുടെ കൂടെ കറങ്ങി നടക്കണ്ട… അപ്പൂപ്പനെയും നോക്കി ഇവിടെയിരിക്കണം“ അവളും മോനോട് പറഞ്ഞു…
അവൻ മൂളി…
അവൾ കതകടച്ചതിന്റെ ശബ്ദം കെട്ട് അപ്പൂപ്പൻ ഉണർന്നു… അവനെ നോക്കി ചിരിച്ചു… അവനും ചിരിച്ചു…
അവൻ വാട്ട്സാപ്പ് മെസേജ് അയച്ചു…
”നീ റെഡിയാണോ..?
“അതേ നീയോ…?”
“റെഡി..”
“ടിക്കറ്റ് എന്റെ കൈയ്യിലുണ്ട്”
“ശരി അവിടെ കാണാം”
അവൻ എഴുന്നേറ്റപ്പോൾ അപ്പൂപ്പൻ പുതപ്പ് മാറ്റി… അതിനുള്ളിൽ പാന്റും ഷർട്ടുമിട്ട് ആശാൻ റെഡിയാണ്… അപ്പൂപ്പൻ ചിരിച്ചു…
“കമലത്തിന്റെ കൂടെ പ്രേമലു കാണുന്നത് ഇന്നലെയും ഞാൻ സ്വപ്നം കണ്ടതാണ്”
അവൻ ചരിച്ചു… “അവളുടെ അമ്മൂമ്മയും വലിയ ഉത്സാഹത്തിലാണ് എന്നവൾ പറഞ്ഞു”
“പ്രണയം അതൊരു രസമാണ്” അവർ വാതിൽ തുറന്നു പുറത്തേക്ക് കടന്നു… അപ്പൂപ്പൻ ഒരു റഫി പാട്ട് മൂളി.. ആജ് മോസം ബഡാ ബെയമാന് ഹേ ബഡാ..“
ഇങ്ങനെ മതമനുസരിച്ചു ജീവിക്കാത്ത സംസ്കാരം തീരെയുള്ളത്ത റഫിയുടെയും മുകേഷിന്റെയും പാട്ടുകൾ മൂളുന്ന എപ്പോഴും പ്രണയിക്കുന്ന ഒരു അപ്പൂപ്പനെ തന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയണം… അവൻ മനസ്സിലോർത്തു ചിരിച്ചു….
സ്നേഹം 🥰🙏
പഹയൻ
