എന്തിനാണ് ആളുകൾ സിനിമാ റിവ്യൂ ചെയ്യുന്നത്…. സിനിമയെ കുറിച്ച് അഗാധമായ അറിവുള്ളത് കൊണ്ടാണോ…? അതോ അറിവുണ്ടെന്ന് കാട്ടാനാണോ..? കൂടുതൽ വ്യൂസ് കിട്ടാനാണോ… സിനിമകളോടുള്ള അതിയായ ഇഷ്ടം കൊണ്ടാണോ… നല്ല സിനിമകൾ ഉണ്ടാവണം എന്നത് കൊണ്ടാണോ… സിനിമകളെ പ്രമോട്ട് ചെയ്യാൻ വേണ്ടിയാണോ… സിനിമാക്കാരുമായി ബന്ധപ്പെടാനും അവരോട് അടുക്കാൻ വേണ്ടിയാണോ… വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ… ഒരു ഫാനായത് കൊണ്ടാണോ… ജനങ്ങൾക്ക് അതാണ് വേണ്ടത് എന്ന് മനസ്സിലാക്കി വെറുമൊരു “Need Fulfillment” മാത്രമാണോ… ?
ഇതിൽ പലതും ചിലതും ഒക്കെയാവാം…. ഓരോർക്കും അവരവരുടെ കാരണങ്ങൾ ഉണ്ടാവാം. ചില കാരണങ്ങൾ നമ്മൾക്ക് ഇഷ്ടപ്പെട്ടേക്കാം ചിലത് ഇഷ്ടപ്പെടാതിരിക്കാം… പക്ഷെ കാരണങ്ങൾ ഉണ്ട്. ഇത് സമൂഹത്തിന് എന്ത് ഗുണം ചെയ്യുന്നു എന്നൊക്കെ ആളുകൾ ചോദിച്ചേക്കാം. അങ്ങനെ നോക്കിയാൽ ആ രീതിയിൽ ചോദ്യമുന്നയിക്കാവുന്ന എത്രയോ സംഭവങ്ങൾ ഉണ്ട് ഈ ലോകത്ത്.
ഞാൻ ചിലപ്പോൾ ചില സിനിമകൾ പരിചയപ്പെടുത്താറുണ്ട്… Malayalam Movie review എന്ന ഹാഷ്ടാഗൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും സത്യത്തിൽ അത് റിവ്യൂ ഒന്നുമല്ല. പല സമയത്തും പല വിഡിയോകളും പല കാരണങ്ങൾ കൊണ്ടാണ് ചെയ്തിട്ടുള്ളത്.
ഉദാഹരണത്തിന് ആദ്യമൊക്കെ സിനിമകളെ കുറിച്ച് വീഡിയോകളല്ല ഇംഗ്ലീഷിൽ ബ്ലോഗുകളായിരുന്നു… സിനിമകളെ കുറിച്ച് എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പറയുക.. അതെന്നെ സ്വാധീനിച്ച രീതി പറയുക എന്നതൊക്കെയായിരുന്നു രീതി. പിന്നെ വിഡിയോകൾ ചെയ്തു തുടങ്ങിയപ്പോൾ അതിന്റെ നേരെ വിപരീതമായി… സിനിമകളുടെ കുറ്റങ്ങൾ കണ്ടു പിടിക്കുക എന്നിട്ട് അത് പറയുക എന്നതായിരുന്നു പരിപാടി. കുറ്റങ്ങൾ കണ്ടെത്താനായി സിനിമ കാണുക എന്ന് വരെ പറയാം. എന്തിനാണ് എഴുത്തിൽ നിന്നും വിഡിയോകളിലേക്ക് മാറിയപ്പോൾ അങ്ങനെ നേരെ വിപരീതം ചെയ്തു തുടങ്ങിയത് എന്ന് പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട്.
ആദ്യത്തെ വീഡിയോ ചെയ്തത് പുലിമുരുഗനെ കുറിച്ചാണ്… പിന്നെ ആക്ഷൻ ഹീറോ ബിജു… പിന്നെ മധുര രാജ.. എല്ലാത്തിലും ആ സിനിമകളെ പറ്റിയുള്ള കുറ്റങ്ങൾ മാത്രമാണ് പറഞ്ഞത്. ഇഷ്ടപ്പെടാഞ്ഞിട്ടല്ല പക്ഷെ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മാത്രമാണ് വിഡിയോയിൽ പറഞ്ഞത്… അതിന് കാരണം പുലിമുരുഗൻ കുറിച്ച് മോശം അഭിപ്രായം കേട്ടിട്ടാണ് സിനിമ കാണാൻ പോയത്. പിന്നെ അതിൽ പിടിച്ച് തൂങ്ങി. അതിലെ സംഭാഷണങ്ങളുടെ ഡബിൾ മീനിംഗുകൾ സ്ത്രീവിരുദ്ധതാബ് എന്നങ്ങനെ പലതും പറഞ്ഞ് വീഡിയോ ചെയ്തു.
പിന്നെ 2019ൽ ഒരു സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടി ഒരു 30 ദിവസം ഷൂട്ടുമായി ബന്ധപ്പെട്ട് സെറ്റിൽ ഉണ്ടായി. ഒരു സിനിമയുണ്ടാക്കാനുള്ള ബുദ്ധിമുട്ട് നേരിട്ട് കണ്ടു മനസ്സിലാക്കി. അതിൽ എത്രയോ പേരുടെ പ്രയത്നമുണ്ട് എന്നും മനസ്സിലായി. നമ്മുടെ മുന്നിൽ ഒരു മിനുട്ടിന്റെ ഒരു സീൻ കൊണ്ട് വരാൻ എത്ര ആളുകളുടെ പ്രയത്നമാണ് എന്നത് നേരിട്ട് കണ്ടപ്പോൾ ഞാൻ ഇങ്ങനെ ഒരു ഫോണും വച്ച് ഓരോ സിനിമകളെ കുറിച്ച് മോശമായി പറയുന്നത് എത്ര അരോചകരമാണ് എന്ന് തോന്നി. ആ സിനിമാ ഷൂട്ടിങ് കഴിഞ്ഞിട്ടാണ് നാട്ടിൽ നിന്നും പേരമ്പ് എന്ന സിനിമ കാണുന്നത്. അതിനെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു കൊണ്ടൊരു വീഡിയോ ചെയ്തു. മോശമായി പറയാൻ ഒന്നുമുണ്ടായിരുന്നില്ല എന്നതും വാസ്തവമാണ്. അല്ലെങ്കിൽ സിനിമയിലെ നല്ലത് മാത്രം കാണാൻ തുടങ്ങിയതാവണം…
ഇതിന് ശേഷവും ചില സിനിമകളെ പറ്റി മോശം പറഞ്ഞിട്ടുണ്ട്… ഇല്ലെന്നല്ല… പക്ഷെ പിന്നീട് ആ ഏർപ്പാട് തന്നെ പൂർണ്ണമായും നിർത്തി. സിനിമ കാണാതെ തന്നെ എതിർക്കപ്പെടേണ്ട ചില സിനിമകൾ ഉണ്ടെന്നത് കൊണ്ട് മാത്രം അവയെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. കേരളാ ഫയൽസ് പോലുള്ള വർഗ്ഗീയ ചിത്രങ്ങൾ.
കാണുന്ന സിനിമകൾ എല്ലാം ഇഷ്ടപ്പെടുന്നത് കൊണ്ടാണോ ഇപ്പോൾ നല്ലത് പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. കാണുന്ന സിനിമകളിൽ ഇഷ്ടപ്പെടാത്ത ഒന്നും ഇല്ല എന്നതാണോ. രണ്ടുമല്ല… ഇഷ്ടപ്പെടാത്ത പല സിനിമകളും ഈയിടക്ക് കണ്ടിട്ടുണ്ട്… ഇഷ്ടപ്പെട്ട സിനിമകളിലും ഇഷ്ടപ്പെടാത്ത പലതും ഉണ്ടായിട്ടുമുണ്ട്. പക്ഷെ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറഞ്ഞ് എന്തിന് സമയം കളയണം എന്ന ചിന്തയായിരുന്നു.
കേരളാ ഫയൽസ് പോലുള്ള വർഗ്ഗീയ അജണ്ടയുള്ള സിനിമകളെ എതിർക്കേണ്ടത് ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.. അത് സിനിമയുടെ വിഷയമല്ല എന്നത് കൊണ്ടാണ് അത് കാണാത്തതും അതിനെ എതിർത്ത് വീഡിയോ ചെയ്തതും. അത് ഇനിയും തുടരും. വർഗ്ഗീയത വളർത്താൻ വേണ്ടി മാത്രം സിനിമ പിടിക്കുന്നവരുടെ സിനിമ കാണില്ല എന്ന് മാത്രമല്ല… അതിന്റെ പിന്നിലെ അജണ്ടയെ കുറിച്ച് പറയുകായും ചെയ്യും. പറഞ്ഞ പോലെ അവിടെ അഭിപ്രായം തികച്ചും രാഷ്ട്രീയമാണ്… സിനിമയല്ല.
അങ്ങനെയിരിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കി. മലയാളം സിനിമയെ കുറിച്ച് പറഞ്ഞാലാണ് കൂടുതൽ വ്യൂസ് കിട്ടുക എന്ന്. മാത്രമല്ല അതിനെ കുറിച്ച് നല്ലത് പറഞ്ഞാലും തെറി കേൾക്കും എന്നും മനസ്സിലായി. പലപ്പോഴും ഓരോ വിഡിയോക്കും വ്യൂസ് കൂടുന്നത് സിനിമാ പ്രേമികൾ കാരണമല്ല പകരം ഫാനുകൾ കാരണമാണ്. നമ്മളെ പൊക്കുന്നതും താഴ്ത്തുന്നതും പുകഴ്ത്തുന്നതും തെറി പറയുന്നതും ഒക്കെ ഈ ഫാനുകളിൽ ചിലരാണ്. ഒന്നെങ്കിൽ ഈ അഭിനേതാക്കളെ ഇഷ്ടപ്പെടാത്തവർ അല്ലെങ്കിൽ ഈ അഭിനേതാക്കളുടെ അടിമത്തം സ്വീകരിച്ചവർ.
ഈ ഫാനുകളെ ഉപയോഗിച്ച് വേണമെങ്കിൽ വീഡിയോ ചെയ്ത് ‘വ്യൂസ് കൂട്ടാം… പക്ഷെ എന്തിന് എന്ന ചോദ്യം മനസ്സിൽ വന്നു. അങ്ങനെ ഒരു തീരുമാനമെടുത്തു. വളരെ അപൂർവ്വമായേ മലയാളം സിനിമകളെ കുറിച്ച് പറയുകയുള്ളൂ. പകരം അന്യ ഭാഷാ ചിത്രങ്ങളെ കുറിച്ച് പറയാം എന്ന് തീരുമാനിച്ചു. അതും മറ്റുള്ളവർ കാണണം എന്ന് എനിക്ക് തോന്നുന്ന സിനിമകളെ കുറിച്ച് മാത്രം. അതാണ് യൂട്യുബിലും പോഡ്‌കാസ്റ്റിലുമുള്ള Movie Positive. സിനിമകളെ കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായങ്ങൾ…
സിനിമാ റിവ്യുകളല്ല… പകരം ഒരു പ്രേക്ഷകൻ എന്ന രീതിയിൽ മറ്റു പ്രേക്ഷകരും കാണുകയും ചർച്ച ചെയ്യുകയും വേണമെന്ന് തോന്നുന്ന സിനിമകൾ മാത്രം…
സ്നേഹം 🥰🙏
പഹയൻ

👌
LikeLike