എല്ലാ തരം ഭക്ഷണവും പാകം ചെയ്യാൻ അറിയണം എന്നൊന്നുമില്ല.. പക്ഷെ ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാൻ അറിഞ്ഞിരിക്കുക എന്നത് ഒരു നല്ല കാര്യമാണ്. പിന്നെ വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന ചിലതും അത് അത്യാവശ്യം വായിൽ വയ്ക്കാൻ പറ്റുന്ന രുചിയോടെ ഉണ്ടാക്കാനും.. അത് കഴിക്കാനുള്ള മനസ്സും. ഇത്രയുമായാൽ മറ്റുള്ളോരാളെ ആശ്രയിക്കാതെ ഇരിക്കാം.
ദാൽ.. .മുട്ടക്കറി… എന്തെങ്കിലും ഒരു ചിക്കൻ കറി… ഉപ്പുമാവ്.. ഒരു മെഴുക്കുപുരട്ടി അങ്ങനെ ചിലതെല്ലാം… ഇടയ്ക്ക് ഇതൊന്നും ഉണ്ടാക്കാൻ തോന്നില്ല… സിമ്പിളായി എന്തെങ്കിലും മതിയെന്ന് തോന്നും.
ലേശം ചോറ്… അമൂലിന്റെ സ്‌പൈസ് ഒക്കെയുള്ള മോര്… ഒരു കഷ്ണം പച്ച ഉള്ളി… ഒരു പച്ചമുളക്… ലേശം അച്ചാറ്… വേപ്പിലക്കട്ടി ഉണ്ടെങ്കിൽ അത് ലേശം… കൂടെ ഒരു കുഞ്ഞി ഓംലെറ്റ്…സിമ്പിളായി പറഞ്ഞു പറഞ്ഞു കാര്യങ്ങൾ ലേശം കൂടി പോയോ…? സാരമില്ല… ചോറും മുട്ടയും ഒഴിച്ച് ഒക്കെ റെഡി മേഡ് ആണല്ലോ…
അവൻ തന്റെ പാചക വിരുത് അവളുടെ മുന്നിൽ വിളമ്പി.
“ഞാൻ വളരെ പെർഫെക്റ്റ് ആണെന്നല്ല… നമ്മൾക്ക് വേണ്ടത് നമ്മൾ തന്നെ ചെയ്യണം…. ഇയാൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കാം. എനിക്കങ്ങനെ നിർബന്ധങ്ങൾ ഒന്നുമില്ല..”
അവൾ അവനെ നോക്കി ചിരിച്ചു… “നിങ്ങൾ ഇത്ര ഭയങ്കരാണ് എന്ന് ഞാൻ കരുതിയില്ല. എനിക്ക് ഇതെല്ലാം ധാരാളം മതി. അല്ലെങ്കിലും എനിക്ക് നമ്മളോട് നിർബന്ധങ്ങൾ ഇല്ലാത്ത ഇത് പോലെ സിംപിൾ ഭക്ഷണം പാകം ചെയ്യുന്ന ആളുകളെയാണ് ഇഷ്ടം.”
അവൻ ബെയററെ വിളിച്ചു… എന്നിട്ട് അവളോട് ചോദിച്ചു “ഓർഡർ ചെയ്യാം അല്ലെ..”
“അതെ..” അവൾ ബെയററോട് പറഞ്ഞു… “ഒരു ബിരിയാണി.. ഒരു ചിക്കൻ ഫ്രൈ… ഒരു പ്ളേറ്റ് ബീഫ് ഉലർത്തിയത്… രണ്ട് പൊറോട്ട.. മൂന്ന് അപ്പം കൂടി കൊണ്ട് വന്നോളൂ…”
ബെയറർ കാര്യങ്ങൾ എഴുതിയെടുത്തു…
“ഇത്ര പോരെ…” അവൾ അവനോട് ചോദിച്ചു…
“പോരാ..” അവൻ പറഞ്ഞു… “സിമ്പിളായി ഒരു ഓംലെറ്റും രണ്ട് അയക്കൂറ ഫ്രൈയും പനീർ മട്ടർ മസാലയും കൊണ്ട് വരൂ..”
ബെയറർ എഴുതിയെടുത്തു… “ഭക്ഷണം ഇപ്പോൾ കൊണ്ട് വരണോ… അതോ ഇനിയും വേറെയാരെങ്കിലും വരുന്നുണ്ടോ…?”
അവർ ബെയററെ നോക്കി..” അതെന്താ ഇത്ര സിംപിൾ ഭക്ഷണങ്ങൾ രണ്ടു പേർക്ക് കഴിക്കാൻ പറ്റില്ലേ..?”
“പറ്റും പറ്റും… സോറി… സർ… മാഡം… അങ്ങനെ ഉദ്ദേശിച്ച് ചോദിച്ചതല്ല”
ബെയറർ ഓർഡറുമായി പോയി..
“ഈ ഓർഡർ ചെയ്തതിൽ ഇയാൾക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഏതാണ്..?” അവൻ ചോദിച്ചു..
“ബിരിയാണി…” അവൾ പറഞ്ഞു.. “പക്ഷെ ബിരിയാണി പലവിധമാണല്ലോ.. ഇവിടെയുള്ളത് എങ്ങനെയുണ്ടെന്ന് കഴിച്ച് കഴിഞ്ഞാലേ അറിയൂ… എനിക്ക് മതമില്ല… എന്നെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്നത് ബിരിയാണിയുടെ മണവും രുചിയുമാണ് എന്നൊരു കവി പറഞ്ഞത് ഓർക്കുന്നു”
“അതെ… ബിരിയാണി… പക്ഷെ എപ്പോൾ ബിരിയാണി എന്ന് കേൾക്കുമ്പോഴും സന്തോഷിന്റെ കഥയാണ് മനസ്സിൽ വരിക…” അവൻ പറഞ്ഞു…
അവർ രണ്ടു പേരും ആ കഥയിലേക്ക് പോയി. ഒന്നും മിണ്ടാതെ ഇരുന്നു… അവരുടെ ഉള്ളിൽ ബാസ്മതിയുടെ മുഖം തെളിഞ്ഞു വന്നിരിക്കണം… ഒരു കുരുന്നിന്റെ മുഖം…
മുൻപിൽ പ്ലെയ്റ്റുകൾ നിരത്തിയപ്പോഴാണ് അവർ അവരുടെ ചിന്തകളിൽ നിന്നും ഉണർന്നത്… മുൻപിലുള്ള വിഭവങ്ങൾ അവരെ നോക്കുന്നതായി അവർക്ക് തോന്നി. ആവി പറക്കുന്ന ബിരിയാണി തന്നെ അവർ ആദ്യം പ്ളേറ്റിലേക്ക് വിളമ്പി. കൂടെ മീനും. രണ്ടും കൂട്ടി കഴിച്ചു.
അവൾ അവനോട് തല കുലുക്കി… നന്നായിട്ടുണ്ട് എന്ന് തിരിച്ചും അവൻ തലയാട്ടി. അവർ മതിയാവോളം കഴിച്ചു. പൊറോട്ടയും അപ്പവും കറികളും എല്ലാം… കുറെ ഭക്ഷണം ബാക്കി വന്നു.
“നമ്മൾക്ക് പാക്ക് ചെയ്യാം.. നിനക്ക് എന്താണ് വേണ്ടത് അതെടുത്തോ… ഞാൻ ബാക്കിയുള്ളതെടുക്കാം… ഭക്ഷണം വെസ്റ്റ് ചെയ്യരുത്… നമ്മുടെ പ്രിവിലേജ് മനസ്സിലാക്കി കൊണ്ട് തന്നെ പാക്ക് ചെയ്തെടുക്കാം…”
ബെയറർ റ്റു ഗോ പാക്കുകൾ കൊണ്ട് വന്നു… അവർ എല്ലാം പാക്ക് ചെയ്തു. ഓരോരുത്തരും അവരവരുടെ പാക്കുകൾ അടുത്തെടുത്ത് വച്ചു… ബില്ല് വന്നപ്പോൾ അവർ രണ്ടു പേരും അവരുടെ ക്രെഡിറ്റ് കാർഡിട്ടു. ബില്ലിലെ സംഘ്യ പകുതിയിൽ വച്ച് മുറിച്ച് ബെയറർ തിരിച്ചു വന്നു. അവനവന്റെ ഭാഗം കൊടുത്തിട്ട് അവർ പിന്നെയും കാണാം എന്നും പറഞ്ഞു പിരിഞ്ഞു.
നടക്കുമ്പോൾ കൈയിൽ പിടിച്ചിരുന്ന ബാക്കി വന്ന ഭക്ഷണത്തിന്റെ വിലയേക്കാൾ ഭാരം അതിനുള്ളതായി അവർ രണ്ടു പേർക്കും അനുഭവപ്പെട്ടു. അന്ന് അവർ രണ്ടു പേരും തിന്നുന്നതിന്റെ മുൻപ് ഭക്ഷണത്തിന്റെ പടമെടുത്ത് ഇൻസ്റ്റയിൽ ഇടാനോ.. അതിനു മുൻപിൽ നിന്ന് സെൽഫി എടുക്കാനോ ഒക്കെ മറന്നു പോയിരുന്നു…
സ്നേഹം 🥰
പഹയൻ
