22/365 – ബീഫും മനുഷ്യനും

“എനിക്ക് ബീഫ് മതി” ചെക്കൻ തറപ്പിച്ചു പറഞ്ഞു. യാത്ര തുടങ്ങിയപ്പോൾ പറഞ്ഞതാണ് കൂട്ടത്തിൽ പലരുമുണ്ട് അതിൽ മാംസം കഴിക്കാത്ത ധാരാളം പേരുണ്ട്. ബീഫിന്റെ കാര്യം ചിന്തിക്കുക തന്നെ വേണ്ട.

അവൻ ചോദിച്ചു എന്താ ബീഫിന് ഇത്ര പ്രത്യേകത. പശുവിനെ അമ്മയുടെ സ്ഥാനത്ത് കരുതുന്നവർ ഉണ്ടെന്ന് പറയാണോ അതോ പശുവിനെ പൂജിക്കുന്നവർ ഉണ്ടെന്ന് പറയണോ. അത് പറഞ്ഞാൽ പിന്നെ അതെന്താ എന്നൊക്കെ ചോദിച്ചാൽ പിന്നെ ആ ചോദ്യങ്ങളിൽ കിടന്ന് ഉഴലുകയെ ഉള്ളു. 

“ഓരോരുത്തരുടെ രുചിയുടെയും ശീലത്തിന്റെയും കാര്യമല്ലേ… കൂടാതെ മതത്തിന്റെയും വിശ്വാസത്തിന്റെയും ചട്ടക്കൂടിൽ ജീവിക്കുന്നവർ അതിനനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ ഭക്ഷണവും വേഷവും ഒക്കെ അടങ്ങും”

“ചിലര് പന്നിയെ തിന്നാത്തത്‌ പോലെയാണോ..?” ചെക്കൻ ഇത്ര പെട്ടന്ന് പശൂന്റെ മേലൂന്ന് പന്നിടെ മണ്ടക്ക് ചാടും എന്ന് കരുതിയില്ല. 

“അതെ ഒരു വിഭാഗം പന്നി കഴിക്കരുത് എന്ന് പറയുന്നു മറ്റൊരു വിഭാഗം പശു കഴിക്കരുത് എന്ന് പറയുന്നു.. ചിലർ ഒരു മാംസവും കഴിക്കരുത് എന്നും. ഇതിനൊക്ക അതിന്റേതായ കാരണങ്ങൾ ഉണ്ട്… നമ്മൾക്ക് മതം ഇല്ലാത്തത് കൊണ്ട് നീ വിഷമിക്കണ്ട…”

“നമ്മൾക്ക് മതമില്ലെങ്കിൽ നമ്മൾക്ക് തിന്നൂടെ…?” എന്നായി ചെക്കൻ..

“തിന്നാം…. തിന്നാതിരിക്കുകയും ചെയ്യാം… ഈ യാത്രയിൽ നമ്മുടെ കൂടെയുള്ളവരുടെ വിശ്വാസങ്ങളെ ഒന്ന് മാനിച്ചാൽ നമ്മൾക്ക് ദോഷം ഒന്നും വരില്ലല്ലോ… അല്ലെ..?”

ചെക്കൻ അല്പനേരം മൗനമായി ഇരുന്നു. ബീഫ് തിന്നാതിരുന്നാൽ എന്തെങ്കിലും പ്രശനമുണ്ടോ എന്ന് അവനും ചിന്തിക്കുകയായിരുന്നു…

“എന്നാലും നമ്മുടെ ആഗ്രഹം അനുസരിച്ച് നമ്മൾക്ക് ജീവിച്ചു കൂടെ…? അച്ഛൻ കള്ള് കുടിക്കുന്നുണ്ടല്ലോ… അത് പാടില്ല എന്ന് പറയുന്നവരും ഇല്ലേ..? ”

കലക്കി… ഇതാണ് പ്രശ്നം… ഉത്തരം മുഴുവൻ തന്റെ ഉത്തരവാദിത്വം. അവൾക്ക് ദേഷ്യം വന്നു.. ‘ശരിയാണ് നമ്മൾക്ക് രാത്രി അച്ഛനോട് പറയാം.. കള്ള് കുടിക്കരുത് എന്ന്… ”

ചെക്കന് ചോദ്യം തീർന്നില്ല “ഈ ബീഫും പന്നിയും കഴിച്ചില്ലെങ്കിൽ പ്രശ്നങ്ങളുണ്ടോ..?”

“ആളുകളുടെ മതവും ശീലവും ഒക്കെ മാറ്റി വച്ചിട്ട് നമ്മൾക്ക് സംസാരിക്കാം… നമ്മൾ മതമില്ലാത്തവരല്ലേ.. നമ്മുടെ ആരോഗ്യത്തിന് പ്രോടീൻ ആവശ്യമാണ്. പ്രോടീൻ നന്നായി ലഭിക്കുന്ന വസ്തുക്കളാണ് മാംസവും മുട്ടയും.. പച്ചക്കറി മാത്രം കഴിക്കുന്ന ഒരാൾക്ക് അതേ അളവിന്റെ പ്രോടീൻ കിട്ടാൻ മറ്റു പലതും കഴിക്കണം. പച്ചക്കറികളിൽ പ്രൊടീന്റെ അളവ് കുറവാണ്”

ചെക്കന് ഒരു ഉഷാർ വന്നു.. “ഞാൻ പ്രോടീനിന്റെ ആളാണ്” അവൻ കൈ ഉയർത്തി കാട്ടി..

“തീർന്നില്ല… പ്രോടീൻ കൊണ്ട് മാത്രമായില്ല പച്ചക്കറികൾക്ക് നമ്മുടെ ആരോഗ്യത്തിന് ആവശ്യമുള്ള ധാരാളം പദാർത്ഥങ്ങളുണ്ട്… പിന്നെ പ്രോടീൻ കിട്ടാൻ ബീഫും പോർക്കും ചിക്കനും തന്നെ വേണമെന്നില്ല… മുട്ട.. മീൻ… അങ്ങനെ പലതുമുണ്ട്.. അപ്പോൾ ബീഫും പോർക്കും മട്ടനും ഒന്നും ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നില്ല”

“എല്ലാവരും ബീഫും പോർക്കും ഒക്കെ കഴിക്കുകയാണെങ്കിൽ എത്ര നന്നായിരുന്നു അല്ലെ..?” ചെക്കൻ ലോകം നന്നാക്കാനുള്ള ദൃഢ നിശ്ചയത്തിലാണ്… എല്ലാവരും തന്നെ പോലെ പ്രോടീൻ ബോയ്സ് ആവണം എന്ന ആഗ്രഹം..

അവൾ അവനെ നോക്കി പറഞ്ഞു “അടങ്ങ്… എല്ലാവരും നിന്നെ പോലെയായാൽ ലോകം നന്നാവും എന്നാരു പറഞ്ഞു. അപ്പോൾ നീയും അവരും തമ്മിൽ എന്താ വ്യത്യാസം…? അവർക്ക് അവരുടെ രീതിയും ചിന്തയുമാണ് ശരിയെന്നാണ് തോന്നുന്നത്.. അത് പോലെ നീയും വേണം എന്ന് പറഞ്ഞപ്പോൾ നിനക്ക് വിഷമമായില്ലേ..?”

ചെക്കൻ മിണ്ടിയില്ല..

“ആരെന്ത് കഴിക്കരുത് കഴിക്കണം എന്നത് അവരവരുടെ കാര്യമാണ്…. അതിൽ മതത്തിനും സർക്കാരിനും മറ്റൊരാൾക്കും കാര്യമില്ല… എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ ചെയ്ത് ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം”

“അപ്പോൾ മനുഷ്യനോ..?”
“ങേ..?”

“അപ്പോൾ മനുഷ്യനോ എന്ന്… ചില ആളുകൾക്ക് മനുഷ്യന്റെ ഇറച്ചി കഴിക്കണം എന്ന് തോന്നിയാലോ..?” ചെക്കൻ ഇറച്ചിയിൽ കടിച്ച കടി വിട്ടിട്ടില്ല..

അവൾ എന്താണ് പറയേണ്ടത് എന്നറിയാതെ അവനെ നോക്കി. ചെക്കന്റെ അച്ഛൻ അപ്പുറത്ത് വാചകമടിച്ച് ഇരിക്കുകയാണ്. അയാൾക്ക് ഇതൊന്നും അറിയേണ്ടല്ലോ. അവൾ ചെക്കനോട് പറഞ്ഞു.

“എനിക്ക് ബീഫും പോർക്കും മീനുമൊക്കെ മാത്രമേ അറിയു… മനുഷ്യന്റെ കാര്യം നമ്മൾക്ക് അച്ഛനോട് ചോദിക്കാം. എന്തായാലും വൈകീട്ട് കള്ളിന്റെ കാര്യം പറയണമല്ലോ.. അപ്പോൾ മനുഷ്യന്റെ കാര്യവും ചോദിക്കാം”

ചെക്കന് തൃപ്തിയായി… അവൻ ബസ്സിന്റെ പിന്നിലിരിക്കുന്ന അച്ഛനെ നോക്കി. അച്ഛന്റെ പല്ല് പുറത്തേക്ക് നീണ്ടു വരുന്നതും കണ്ണിന് ചോരയുടെ നിറമായി മാറുന്നതും അവനോർത്തു. മനുഷ്യന്റെ ഇറച്ചിയുടെ കാര്യം ചിന്തിക്കുമ്പോൾ മാത്രം എന്താ മനുഷ്യന് രാക്ഷസന്റെ രൂപം തോന്നുന്നത് എന്നും അവനോർത്തു. ഏതായാലും എല്ലാം വൈകീട്ട് അച്ഛനോട് ചോദിക്കാം…                         

അവൾ തന്റെ മടിയിൽ തല വച്ച് കിടന്ന ചെക്കന്റെ തലമുടിയിൽ തലോടി. ബസ്സിന്റെ ജനാലക്ക് അപ്പുറത്ത് മാറിവരുന്ന കാഴ്ച്ചകൾ നോക്കി…”മനുഷ്യന്റെ ഇറച്ചി..” അവൾ തന്റെ മകനെ നോക്കി….

സസ്യഭുക്കുകളും മനുഷ്യന്റെ ഇറച്ചി കഴിക്കാത്ത മാംസഭുക്കുകളും ഒക്കെ മനുഷ്യരെ കൊല്ലാറുണ്ട്… ഒരു വിഷമവുമില്ലാതെ… മനുഷ്യന്റെ ഇറച്ചി എന്ന് പറയുമ്പോൾ അറയ്ക്കുന്നവരും മനുഷ്യരെ കൊല്ലാൻ ഒരു മടിയും കാട്ടുന്നില്ല. 

ഇറച്ചിയാർക്കും വേണ്ട ജീവനും വിലയില്ല…. ലോകം ഭരിക്കുന്നതും അവർ തന്നെ… ഈ മനുഷ്യന്മാരുടെ ഒരു കാര്യം…

അവൾ ചെക്കനെ നോക്കി… അവൻ ഉറക്കമായിരുന്നു. എന്താണാവോ സ്വപ്നം ആവി പറക്കുന്ന ബീഫും ചൂടുള്ള പൊറോട്ടയും ആവാം….    

-പഹയൻ-  

Leave a comment