“ചെറുകഥകളാണ് നല്ലത്… അതാവുമ്പോൾ പെട്ടന്ന് വായിച്ചു തീർക്കാം. കിടക്കുമ്പോൾ ഒരു കഥ. ഒരു തുടക്കവും അവസാനവും ഉണ്ടാവും. മാത്രമല്ല ദിവസം അവസാനിക്കുമ്പോൾ എന്തെങ്കിലും ഒന്ന് സാധിച്ച പോലൊരു പ്രതീതിയും ഉണ്ടാവും” പുസ്തകം മറച്ചു കൊണ്ട് തന്നോട് തന്നെ പറഞ്ഞു.
“സെല്ഫ് മോട്ടിവേഷനായിരിക്കും അല്ലെ…”
ചുറ്റും നോക്കി. കയറുമ്പോൾ പുസ്തക കടയിൽ ഒരാളും ഉണ്ടായിരുന്നില്ല. ആരെയും കാണുന്നുമില്ല. “മോട്ടിവേഷൻ പോലും…” തോന്നിയതായിരിക്കും.
“നോവലുകളാണ് ചെറുകഥകളേക്കാൾ നല്ലത്.” പിന്നെയും അതാ…
ഇപ്പോഴാണ് ആളെ പിടി കിട്ടിയത് ഷെൽഫിന്റെ അറ്റത്ത് നിന്നു കൊണ്ടാണ് അവൾ ചോദിക്കുന്നത്…. അവളെ നോക്കി ചിരിച്ചു. അതാണല്ലോ മാന്യത.
“എന്താ അങ്ങനെ പറഞ്ഞത്.. നോവലുകൾ തീരാൻ കുറെ സമയമെടുക്കും ”
“അതിന് തീർക്കാനല്ലല്ലോ വായിക്കുന്നത്… അതൊരു അനുഭവമല്ലേ..?”
“അല്ല അതെ… അനുഭവമാണ്… പക്ഷെ ലേശം നീളം കൂടിയ അനുഭവമാണ് എന്ന് മാത്രം… ഒരു വലിയ പുസ്തക വായനക്കാരനൊന്നുമല്ല ഞാൻ.. അത് കൊണ്ടാണ്” എന്തിനാണ് അത് പറഞ്ഞപ്പോൾ അതിനൊരു ക്ഷമാപണത്തിന്റെ സ്വരം. വായിച്ചാലേ മനുഷ്യന് വിലയുള്ളൂ എന്നുണ്ടോ. ഇല്ല.. സത്യം പറയുന്നതിൽ ഒരിക്കലും വിഷമിക്കേണ്ടതില്ല.. ക്ഷമാപണത്തിന്റെയും ആവശ്യമില്ല.
അവൾ ഒരു പുസ്തകം നീട്ടി “ഇത് വായിക്കു.. ചെറുകഥകൾ മോശമാണ് എന്നല്ല…. വായിച്ച പല ചെറുകഥകളും വായിച്ചു കഴിഞ്ഞാൽ ഉള്ളിൽ കിടന്ന് വളരും… പക്ഷെ നോവലുകൾ.. നമ്മൾക്കും അതിന്റെ ഒരു ഭാഗമാവാം”
“മനസ്സിലായില്ല..”
അവൾ ചിരിച്ചു “അങ്ങനൊന്നുമില്ല… നോവലുകൾ വായിക്കുമ്പോൾ നോവലിസ്റ്റ് പരിചയപ്പെടുത്താതെ പോയ കഥാപാത്രമാണ് നമ്മളെന്ന് തോന്നും… അതൊരു രസമാണ്..”
“എന്താ ഈ നോവലിന്റെ പ്രത്യേകത..?”
“അത് അപൂർണ്ണമാണ്”
“അതെന്താ..?”
“അതെഴുതുന്നതിന്റെ ഇടയ്ക്കാണ് നോവലിസ്റ്റ് മരിച്ചത്.. മുഴുമിക്കാതെ അതങ്ങനെ കുറെ കാലം കിടന്നു കാണും… പിന്നെ ആരോ കണ്ടെത്തി പ്രസിദ്ധീകരിച്ചതാണ്..”
“അതാണോ നോവലിന്റെ പ്രത്യേകത…”
“അല്ല” അവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോകാനുള്ള വാതിലിന്റെ അടുത്തേക്ക് നടന്നു. “അതെഴുതിയത് എന്റെ അച്ഛനാണ്.. അതെഴുതുമ്പോഴാണ് അച്ഛന് വെടിയേറ്റത്…”
പുസ്തകം കൈയ്യിൽ നിന്നും വീഴാതിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. താഴെ വീണ പുസ്തകമെടുത്തു. അവൾ വാതിൽ തുറന്ന് പുറത്തേക്ക് കടന്നു കഴിഞ്ഞിരുന്നു. പുസ്തകത്തിന് എന്തോ മുൻപ് തോന്നിയതിനേക്കാൾ ഭാരം. അവളുടെ അച്ഛൻ എഴുതാതെ പോയ എല്ലാ കഥാപാത്രങ്ങളും ഒരുമിച്ച് വന്ന് ആ പുസ്തകത്തിന്റെ ഭാരം കൂട്ടിയത് പോലെ.
പുസ്തകം തുറന്നു… ആദ്യ പേജ് വായിച്ചു..
”ഇതിൽ എഴുതിയതൊന്നും ശരിക്ക് നടന്നതല്ല എന്ന് പറഞ്ഞാൽ അതൊരു കള്ളമാവും… ഇതെഴുതി തീരാൻ എനിക്ക് കഴിയുകയില്ല എന്ന് പറഞ്ഞാൽ അതായിരിക്കും സത്യം…. ആ കള്ളത്തിനും സത്യത്തിനും ഇടയ്ക്ക് എനിക്ക് നിങ്ങോളോട് പറയാൻ ഏറെയുണ്ട്… ഞാൻ എഴുതാൻ തയ്യാറാവാത്തത് കൂടി വായിച്ചു മനസ്സിലാക്കാൻ കഴിയുമെന്ന് തോന്നുന്നെങ്കിൽ മാത്രം തുടരുക…”
താഴെയിരുന്നു വായിക്കാൻ തുടങ്ങി. ചുറ്റുമുള്ള പുസ്തകത്തിന്റെ ഷെൽഫുകൾ ഇല്ലാതായി. പുസ്തകക്കടയിൽ നിന്നും വേറെയെങ്ങോട്ടോ പോകുന്നതായി തോന്നി. എത്രയോ വർഷം പിന്നിലേക്കും എത്രയോ ദൂരം എങ്ങോട്ടോ… പുസ്തകം അടയ്ക്കാൻ ശ്രമിച്ചു… കഴിയുന്നില്ല. വിരലുകളുടെ ഭാഗത്ത് പേനകൾ മാത്രം കാണുന്നു. പേനകൾ… പേനകൾ.
സ്നേഹം
പഹയൻ
