20/365 പരിഗണനയുടെ വലയം

“എന്താ ആ ഒരു മണം” അവർ മുൻപിൽ വച്ച ഭക്ഷണം ഒന്ന് കൂടി മണത്തു നോക്കി എന്നിട്ട് മകളുടെ മുഖത്തേക്ക് നോക്കി. ഭക്ഷണം പാകം ചെയ്ത സ്ത്രീ ഒരു ചുവട് പിന്നോട്ട് വച്ചു. ഭക്ഷണം തീന്മേശയിൽ കൊണ്ടു വച്ച സ്ത്രീ രണ്ടു ചുവട് പിന്നോട്ട് വച്ചു.

അവിടെ ഇരുന്ന് കളിച്ചിരുന്ന കുട്ടികൾ ജനാലയുടെ ഭാഗത്തേക്ക് നോക്കി. അവർ നോക്കുന്നത് കണ്ടപ്പോൾ അവരുടെ അമ്മയും അങ്ങോട്ട് നോക്കി. കുട്ടികൾ അവരുടെ അമ്മമ്മയുടെ അടുത്തേക്ക് വന്ന് അവരെ കെട്ടിപ്പിടിച്ചു. അമ്മമ്മ കുട്ടികളെ കളിപ്പിച്ചു.

ഇത് കണ്ടു കൊണ്ടാണ് അച്ഛൻ അകത്തേക്ക് വരുന്നത്. അമ്മയെ സ്നേഹത്തോടെ വന്ദിച്ച് തന്റെ ഓഫീസ് മുറിയിലേക്ക് പോയി. പുറത്ത് നിന്നും വെടിയൊച്ചകളുടെ ശബ്ദം കേൾക്കാം. അത് തുടർന്നു കൊണ്ടേയിരുന്നു. അമ്മയും മകളും ചിരിച്ച് സ്നേഹത്തോടെ കൂടുതൽ സംസാരിക്കാൻ അകത്തുള്ള മുറിയിലേക്ക് നീങ്ങി. കണ്ടിട്ട് നാല് വർഷമായി. ‘അമ്മ വന്നത് അവർക്ക് വളരെ സന്തോഷമായി തോന്നി.

‘അമ്മ ജനാലയുടെ അപ്പുറത്ത് ഉയരുന്ന ചിമ്മിനി നോക്കി പറഞ്ഞു “ഇത് ഇപ്പോഴും ഇങ്ങനെ കത്തുമോ”…. ഭർത്താവാണ് അതിന്റെ പണി നോക്കിനടത്തിയത് എന്ന അഭിമാനത്തോടെ മകൾ അതെ എന്ന് തല കുലുക്കി.

ഭർത്താവ് അയാളുടെ ഓഫീസ് മുറിയിൽ ആരോടോ സംസാരിക്കുന്നു “നമ്മുടെ നമ്പർ കുറവാണ് കൂടുതൽ പേരെ ഉൾക്കൊള്ളിക്കാൻ കഴിയണം.. അതിന്റെ പ്രവര്തതിക്ഷമത കൂട്ടാൻ ശ്രമിക്കണം” അയാൾ പുറത്ത് ചിമ്മിനി നോക്കി. വെടിയൊച്ചകളുടെ കൂടെ ആ ഉയരുന്ന പുകക്ക് മനുഷ്യന്റെ മുഖമായിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷൻമാരുടെയും.. മുതിർന്നവരും ചെറുപ്പക്കാരും… ആരുടെയൊക്കെയോ രൂപം ആ പുകക്ക് തോന്നിയോ എന്നറിയില്ല. അയാൾ കർട്ടൻ കൊണ്ട് ജനാല മറച്ചു… ലൈറ്റണച്ചു മുറിക്ക് പുറത്തു കടന്നു..            

‘അമ്മ സ്നേഹത്തോടെ മകളുടെ തലയിൽ തലോടി… “നീ രക്ഷപ്പെട്ടു അല്ലെ മോളെ” അവൾ ചോദിച്ചു… അവൾ ചിരിച്ചു… അതെ അമ്മെ… ഇദ്ദേഹം പ്രമോട്ട് ചെയ്യപ്പെടും എന്നാണ് പറയുന്നത്… എന്നെ ഓഷ്വിറ്റ്സിലെ രാജ്ഞിയെന്നാണ് ഇവിടെ ജോലിയെടുക്കുന്നവർ പറയുന്നത്.

അമ്മ ചിരിച്ചു… “ഹെയിൽ ഹിറ്റ്ലർ”…. മകളും ശരി വച്ചു “ഹെയിൽ ഹിറ്റ്ലർ”

-പഹയൻ-              

Note: ഈയടുത്ത് കണ്ട എന്നെ ഏറെ പേടിപ്പിച്ച വിഷമിപ്പിച്ചു സിനിമയാണ് “Zone of Interest” എന്ന ജർമ്മൻ സിനിമ. ജൂതരെ കൊന്നൊടുക്കിയ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലെ ഒരു നാസി ഓഫീസറുടെ കുടുംബ ജീവിതമാണ്. പുറത്ത് ജൂതരെ കൊന്ന് കത്തിച്ച് കളയുമ്പോൾ വളരെ സാധാരണമായ ജീവിതം നയിക്കുന്ന ഒരു നാസി കുടുംബം. കണ്ടിരിക്കാൻ ബുദ്ധിമുട്ടാണ്.   

Leave a comment