18/365 ഫേസ്‌ബുക്കിന്റെ പിറന്നാളാണത്രെ 

ആരുടേയും പിറന്നാൾ ഓർമ്മിക്കേണ്ട ആവശ്യമില്ല എന്ന് വരുത്തി തീർത്ത ഫേസ്ബുക്കിനും പിറന്നാളോ..? അതെ ഫെബ്രുവരി നാല്.. ലോകത്തിനോട് വിട പറഞ്ഞിട്ടും ഫേസ്‌ബുക്കിൽ തന്റെ മരണമറിയാത്തവരിൽ നിന്നും ജന്മദിനാശംസകളും ടാഗുകളും ലഭിക്കുന്നവരും ഫേസ്‌ബുക്കിലൂടെ ജീവിക്കുന്നു.

ഫേസ്ബുക്ക് ഐഡിയാണ് ശരിക്കുമുള്ള മനുഷ്യൻ എന്ന് കരുതുന്നവരും ഉണ്ടാവാം. ഫേസ്‌ബുക്കിലെ പോലെയല്ലല്ലോ ഇയാൾ നേരിട്ട് കാണുമ്പോൾ എന്നുള്ള പ്രയോഗം പലരും കേട്ട് കാണും.

ഞാൻ 2009-2010ലാവണം ഫേസ്‌ബുക്ക് എന്ന സംഭവത്തെ കുറിച്ചറിയുന്നത്. ഓർക്കൂട്ടിൽ നീന്തി തുടിക്കുന്ന കാലം “നീ ഇപ്പോഴും ഓർക്കൂട്ടിലാണോ… ഇപ്പോൾ ഫേസ്ബുക്കാണ് താരം” എന്നൊരുത്തൻ പറഞ്ഞത് ഓർക്കുന്നു. ആ തീയതി ഓർമ്മയില്ല. ഉണ്ടെങ്കിൽ ഒന്ന് ആഘോഷിക്കാമായിരുന്നു.                

14 വർഷം ഫേസ്‌ബുക്കിൽ പയറ്റിയിട്ടുണ്ട്. എത്ര സമയം അതിനായി ചിലവാക്കിയിട്ടുണ്ട് എന്നും അറിയില്ല. അനേകം പേരെ ഇവിടെ വച്ചാണ് പരിചയപ്പെട്ടത്. അതിൽ പലരും അടുത്ത സുഹൃത്തുക്കളുമായിട്ടുണ്ട്. എന്തൊക്കെ കുറ്റം പറഞ്ഞാലും അതിന് എന്റെ ജീവിതത്തിൽ വലിയ പങ്കുണ്ട്. 

ഫേസ്‌ബുക്ക് ശത്രുക്കളെയും ഉണ്ടാക്കി തന്നിട്ടില്ലേ എന്ന ചോദ്യത്തിന് ഉണ്ടാവാം പക്ഷെ ശത്രുക്കളുടെ കണക്കെടുക്കേണ്ട ആവശ്യമുണ്ടോ എന്നാവും എന്റെ മറു ചോദ്യം. 

എത്ര തവണ ഫേസ്‌ബുക്ക് നിർത്തണം എന്ന് തോന്നിയിട്ടുണ്ടോ അത്രയും ശത്രുക്കൾ ഉണ്ടാവണം. ഇതാ ഇന്നലെ പോലും ഫേസ്‌ബുക്ക് നിർത്തണം എന്ന് തോന്നിയിട്ടേ ഉള്ളു. പക്ഷെ ഇപ്പോഴും ഇങ്ങനെ പോസ്റ്റുമായി വരുന്നു.

ഫേസ്‌ബുക്ക് പലപ്പോഴും ടോക്സിക്ക് ആയിട്ടുണ്ട് എന്നറിയാം. ഫേസ്‌ബുക്ക് വഴി ഞാനും ടോക്സിക്കായി പെരുമാറാറുണ്ട്. എല്ലാം ഫേസ്‌ബുക്കിന്റെ മേൽ പഴി ചാരി എനിക്ക് നന്നാവാനും പറ്റില്ല. ഞാൻ പാതി ഫേസ്‌ബുക്ക് പാതി എന്ന് വേണമെങ്കിൽ പറയാം.

ഏതായാലും ഫേസ്‌ബുക്കിന്റെ ജന്മദിനത്തിൽ ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്ക് ഒരു ആശംസയാവാം 🙏

സ്നേഹം🥰
പഹയൻ

Leave a comment