ഞാൻ ഗാന്ധിയെ കൊന്നിട്ടില്ല… മേയ് നെ ഗാന്ധി കോ നഹി മാരാ…. 2005ൽ ഇറങ്ങിയ ഒരു ഹിന്ദി സിനിമയാണ്… പ്രായമായൊരു ഹിന്ദി പ്രഫസർ ബുദ്ധിഭ്രമം സംഭവിച്ച് താൻ മഹാത്മാ ഗാന്ധിയെ കൊന്നതിന് ജയിലിൽ അടക്കപ്പെട്ടതാണ് എന്ന് വിശ്വസിക്കാൻ തുടങ്ങുകയാണ്.
എന്ത് കൊണ്ടങ്ങിനെ തോന്നുന്നു എന്നതിലൂടെ സിനിമ നീങ്ങുമ്പോൾ പ്രഫസറുടെ ചെറുപ്പത്തിൽ അവർ കളിച്ചിരുന്നൊരു കഥയിലേക്കാണ് നമ്മളെ അത് കൊണ്ട് പോകുന്നത്. ചെറുപ്പത്തിൽ ഇവർ ആരുടെയെങ്കിലും ചിത്രത്തിന്റെ മേൽ ചുവപ്പു നിറം നിറച്ച ബലൂണുകൾ വച്ച് അതിനെ ഒരു കളിത്തോക്ക് കൊണ്ട് വെടിവച്ച് പൊട്ടിക്കും.
ഒരിക്കൽ ആ ചിത്രം ഗാന്ധിയുടേതായിരുന്നു. അച്ഛൻ അത് കാണുന്നു കുട്ടിയെ പൊതിരെ തല്ലുന്നു. അപ്പോൾ കുട്ടി കരഞ്ഞു കൊണ്ട് പറയുന്നതാണ് “മേയ് നെ ഗാന്ധി കോ നഹി മാരാ… മേയ് നെ ഗാന്ധി കോ നഹി മാരാ”… അനുപം ഖേർ എന്ന അതുല്യ നടന്റെ ഗംഭീര പ്രകടനമാണ്.
ഇന്നെന്തോ ജനുവരി മുപ്പത്തിനെ കുറിച്ച് ചിന്തിച്ചപ്പോൾ ഈ സിനിമ ഓർമ്മ വന്നു. ഇന്നത്തെ ഇന്ത്യയിലെ ചിലരുടെ ഗോഡ്‌സെ പ്രണയം അന്ന് സിനിമ കാണുമ്പോൾ ഞാൻ ചിന്തിച്ചില്ലായിരുന്നു. പ്രഫസറുടെ ബുദ്ധിഭ്രമം മാത്രമാണ് ആ സിനിമയിലെ മഹാത്മാ ഗാന്ധിയുടെ കൊലപാതകവുമായി ഉള്ള ഒരേയൊരു ബന്ധം.
പക്ഷെ 2005ൽ ആ സിനിമ കാണുമ്പൊൾ ഒരിക്കൽ ഇന്ത്യയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന്മേൽ പരസ്യമായി നിറയൊഴിച്ച് “മേം നെ ഗാന്ധി കോ മാരാ” എന്ന് അട്ടഹസിക്കുന്നവർ ആഘോഷിക്കപ്പെടും എന്ന് കരുതിയിരുന്നില്ല.
ഗാന്ധിയെ കൊന്നതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നവരും ഇന്ന് മറമാറ്റി പുറത്ത് വന്നിട്ടുണ്ട്. ഒന്ന് ചെറുതായി വേടി വച്ചു എന്നൊക്കെ ഒരു ഉളുപ്പുമില്ലാതെ പറയുന്നവരും അതിന് കൈകൊട്ടുന്നവരും നമ്മുടെയിടയിലുണ്ട്. കൊന്നതിനെ ന്യായീകരിക്കാതെ അതിന് കാരണമായ സംഭവങ്ങളെ കുറിച്ച് സംസാരിച്ച് അവസാനം ഗോഡ്‌സെയെ വെളുപ്പിക്കാൻ നോക്കുന്നവരും ഉണ്ട്.
“മേയ് നെ ഗാന്ധി കോ നഹി മാരാ” എന്ന് ഗോഡ്‌സെക്ക് വേണ്ടി ആവർത്തിച്ചാവർത്തിച്ച് പറയുന്ന നവഗോഡ്സേകൾ ആഗ്രഹിക്കുന്നത് “ഗോഡ്‌സെ പാവാടാ” എന്ന് വരുത്തി തീർക്കുകയാണ്.. ഗോഡ്‌സെയെ വെളുപ്പിച്ച് ഗാന്ധിയുടെ കൊലപാതകത്തിൽ നിർണ്ണായക പങ്ക് വഹിച്ചു എന്ന് തെളിയുന്ന സവർക്കറിനും കൂടിയൊരു മഹാത്മാ പട്ടം കൊടുക്കാനാണ് ഈ കളിയൊക്കെ എന്ന് തോന്നും ചിലപ്പോൾ.
ഒരു മഹാത്മാവിനെ ചെറുതായി ഒന്ന് വെടി വച്ചു കൊന്ന മതഭ്രാന്തനെ പിരി കേറ്റി വിട്ട വർഗ്ഗീയവാദിയുടെ കദന കഥ ങ്ങള് കേട്ടിക്ക്ണാ മക്കളെ… ഇല്ലാലെ…
സ്നേഹം 🥰
പഹയൻ
