നിങ്ങൾ ഇന്ത്യൻ ഭരണഘടന വായിച്ചിട്ടുണ്ടോ…? ഞാൻ വായിച്ചിട്ടില്ല. അത് പറയുന്നതിൽ എനിക്ക് മടിയില്ല. എന്റെ കാര്യങ്ങൾ ചെയ്യാൻ അത് വായിക്കേണ്ട ആവശ്യം ഉണ്ടെന്ന് ഇത് വരെ തോന്നിയിരുന്നില്ല എന്നതാണ് സത്യം. കൂടാതെ അത് വായിച്ച് ഒരു പൗരനെന്ന രീതിയിൽ എന്റെ അവകാശങ്ങൾ ആവശ്യപ്പെടേണ്ടി വരും എന്നും കരുതിയിട്ടില്ല. വിവരമുള്ളവർക്ക് വിട്ട് കൊടുക്കുക എന്നെ ഉള്ളു. ആവശ്യം വരുമ്പോൾ അവരെ സമീപിക്കാമല്ലോ.
ഇന്ന് എല്ലാവരും ഭരണഘടനയെ കുറിച്ച് ആധികാരികമായി തന്നെ സംസാരിക്കാറുണ്ട്. പറയുന്നവരൊക്കെ അത് വായിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുണ്ടോ എന്നറിയില്ല. അവിടുന്നും ഇവിടുന്നും അവർക്ക് വേണ്ടത് എടുത്ത് നിരത്തുകയാണോ എന്നറിയില്ല. അവരൊക്കെ വായിച്ചിട്ടുണ്ടോ ഇല്ലയോ എന്നെനിക്ക് തെളിയിക്കാനും കഴിയില്ല. തെളിയിക്കണം എന്നുമില്ല. ഞാൻ വായിച്ചിട്ടില്ല എന്ന് മാത്രം.
വായിച്ചവർ ധാരാളം ഈ ലോകത്ത് ഉണ്ടെന്നറിയാം. എനിക്കും ഇത് വായിക്കുന്ന ഭരണഘടന വായിക്കാത്ത ഏതൊരാൾക്കും സമയം എടുത്താൽ വായിക്കാവുന്നതേ ഉള്ളു. വായിക്കാം എന്ന് മാത്രമല്ല നമ്മൾക്കൊക്കെ അത് നന്നായി പഠിക്കുകയും ചെയ്യാം. It is not rocket science…. എന്ന് കേട്ടിട്ടില്ലേ…. ഏതായാലും ഞാൻ അതൊന്ന് വായിക്കാൻ തീരുമാനിച്ചു… PDF ഓൺലൈനായി കിട്ടും. മലയാളത്തിലും ഇംഗ്ലീഷിലും മറ്റു പല ഭാഷകളിലും ഉണ്ട്. സമയമെടുക്കും പക്ഷെ ഒന്ന് വായിക്കാൻ ശ്രമിക്കട്ടെ.
ഒരു രാജ്യത്തിൽ ജനങ്ങൾ ചർച്ചകളിൽ ഭരണഘടന കൊണ്ടു വരുന്നത് എന്ത് കൊണ്ടാവാം എന്ന് ഞാൻ ചിന്തിക്കുകയാണ്. പൗരന്മാർക്ക് ഭരണഘടനയിൽ എഴുതിയ കാര്യങ്ങളെ കുറിച്ച് അറിവുള്ളത് കൊണ്ടാണോ അതോ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാരണമാവുന്ന ഒന്നാണ് ഭരണഘടന എന്ന ബോധം വരുന്നത് കൊണ്ടോ അതോ വെറുതെയിട്ട് അലക്കുന്നതാണോ…? ഇതിനുത്തരം എന്റെ പക്കലില്ല.
ഇനി ഭരണഘടനയിലെ ഉള്ളടക്കം അറിഞ്ഞില്ലെങ്കിൽ എന്റെ അവകാശങ്ങൾ നിഷേധിക്കപെടുമോ എന്ന ഭയമാണോ..? അതാണെങ്കിൽ അതൊരു പ്രശ്നമല്ലേ…?
ഭരണഘടനയാണ് പരമമായ സംവിധാനം എന്ന് കരുതുമ്പോഴും തിരഞ്ഞെടുത്തത് അധികാരത്തിൽ കയറിയവർ അതിനനുസരിച്ച് പ്രവർത്തിക്കും എന്ന വിശ്വാസം വേണം. Trust… അത് നഷ്ടമാവുന്നത് കൊണ്ടാണോ ആളുകൾക്ക് ഭരണഘടനയെ കുറിച്ച് പലപ്പോഴും പരാമർശിക്കേണ്ടി വരുന്നത്..?
ഞാൻ ഭരണഘടന വായിക്കാത്ത ആളായത് കൊണ്ട് എനിക്ക് ഇതൊന്നും അറിയില്ലാ. അറിയുന്നവർ പറയുക എന്ത് കൊണ്ടാണ് ഈ അടുത്ത കാലത്ത് എല്ലാവരും മുമ്പത്തേക്കാൾ കൂടുതൽ ഭരണഘടനയെ കുറിച്ച് പരാമർശിക്കുന്നത്.
ഇനി ഞാൻ പോയി വായിക്കട്ടെ
സ്നേഹം
-പഹയൻ-
