10/365 | റീലുകളിൽ കുടുങ്ങി കിടക്കുന്ന  മനുഷ്യർ 

ഞാൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചില ഇന്റർവ്യൂകൾ കാണുകയായിരുന്നു. സ്വതവേ പതിവില്ല പക്ഷെ എന്തോ ലിജോയുടെ അഭിമുഖം കാണണം എന്ന് തോന്നി. ഒരു സിനിമയോട് എന്തിനാണ് ഇത്ര വൈരാഗ്യം എന്ന് മനസ്സിലാവുന്നില്ല എന്നാണ് ലിജോ പറയുന്നത്.

ശരിയാണ്… ലിജോയുടെ സിനിമ ഇഷ്ടമായി എന്ന് പറയുന്നവരിലേക്ക് പോലും നീങ്ങുന്ന വൈരാഗ്യമാണ് എനിക്ക് അനുഭവപ്പെട്ടത്. അത് മോഹൻലാൽ കാരണമാണോ അതോ ലിജോ ആണോ അതോ മറ്റെന്തെങ്കിലുമാണോ.. അറിയില്ല. 

ആരാണ് എന്തിനാണ് എന്നൊക്കെ മാറ്റി നിർത്തുമ്പോഴും നെഗറ്റീവ് വാർത്തകൾ കൊണ്ട് മാത്രം വിശപ്പടക്കുന്നൊരു വലിയ കൂട്ടം മലയാളികൾ നമുക്കിടയിലുണ്ട് എന്ന് തോന്നി പോകുന്നു. സോറി നെഗറ്റീവ് മാത്രമല്ല നെഗറ്റീവ് അല്ലെങ്കിൽ മോട്ടിവേഷൻ ഈ രണ്ടു കാര്യങ്ങൾ കണ്ട് ഓർഗാസം ഉണ്ടാവുന്ന ഒരു കൂട്ടം. 

ഈ രണ്ടിലും ഒരു ആക്ഷൻ അല്ലെങ്കിൽ ഉത്തരവാദിത്വം എടുക്കേണ്ട ആവശ്യമില്ല എന്നത് കൊണ്ടാണ് അത് ആളുകൾക്ക് പ്രിയങ്കരമാവുന്നത് എന്ന് തോന്നുന്നു. മാത്രമല്ല ലേശം മയക്കു മരുന്ന് കുത്തിവയ്ക്കുകയോ രണ്ടു നീട്ടിയുള്ള സിഗരറ്റിന്റെ പുക വലിക്കുകയോ ചെയ്യുന്ന പോലൊരനുഭവമുണ്ട് താനും… ഒരു സുഖിപ്പിക്കൽ… 

ലിജോ പറയുന്ന പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. റീലുകൾ ഇഷ്ടപ്പെടുന്ന പുതിയ ലോകത്തിന് വളരെ വേഗത കൂടും എന്ന് മാത്രമല്ല അറ്റെൻഷൻ സ്പാൻ വളരെ കുറവുമാണ്. ഇത് ധാരാളം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതാണ്. നമ്മുടെയൊക്കെ അറ്റെൻഷൻ സ്പാൻ ഇന്ന് മുമ്പത്തേക്കാൾ വളരെ കുറവാണ്. എല്ലാം വേഗം വേണം. സമയമെടുത്ത് ആസ്വദിക്കാൻ സമയമില്ല.     

30 സെക്കൻഡ് മുതൽ 1 മിനുട്ട് വരെ നീളമുള്ള വീഡിയോകളിലും ക്ലിപ്പുകളിലും ശീഘ്രസ്ഖലനം തേടി പോകുന്നവരായി മാറുന്നു എന്ന് തന്നെ…

ലോകം മാറുന്നുണ്ട്… ശരിയാണ്… ആ സമയത്ത് ശ്രദ്ധയുടെയും അറ്റെൻഷനിന്റെയും ശീഘ്രസ്ഖലനങ്ങൾ പുതിയ ട്രെൻഡായി കൂടാ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ലല്ലോ… നല്ല ഫോർപ്ളേ ഒക്കെയായി മെല്ലെ…. കഥാപാത്രങ്ങൾ ഉണ്ടായി പശ്ചാത്തലങ്ങൾ രൂപപ്പെട്ട്  രസകരമായി നീണ്ടു നിൽക്കുന്ന രതിമൂർച്ചക്ക് തുല്യമായ അനുഭവം ഉൾകൊള്ളാൻ നമ്മൾക്കും മറ്റുള്ളവർക്കും കഴിയാതെ പോകുന്നതിന് ആരെ കുറ്റപ്പെടുത്താൻ കഴിയും.’

ഇത് സിനിമയുടെ കാര്യം മാത്രമല്ല.. എല്ലാവനും തിരക്കാണ് അടുത്ത റീല് കാണാൻ അടുത്ത വാട്ട്സ്ആപ്പ് ഫോർവേഡ്‌ ചെയ്യാൻ. അടുത്ത പോസ്റ്റ് ചെയ്യാൻ. നിങ്ങൾ മാത്രമല്ല ഞാനും അടങ്ങുന്ന അവസ്ഥയാണ് ഇത്. പക്ഷെ ഇതിനുള്ള പ്രതിവിധി നമ്മൾ തന്നെ കണ്ടെത്ത.ണം   

കഴിഞ്ഞ ദിവസം രണ്ടാഴ്ച്ചയെടുത്ത് ഞാൻ മഡോണയുടെ ജീവചരിത്രം കേട്ടു. 42 മണിക്കൂർ നീണ്ടു നീൽക്കുന്ന ഓഡിയോ ബുക്ക്… സി രാധാകൃഷ്ണന്റെ 400ൽ പരം പേജുകളുള്ള ഒരു പഴയ നോവൽ ഇപ്പോൾ സമയമെടുത്ത് വായിച്ചു തീർക്കുന്നു. സമയമെടുക്കും…. അതിടക്ക് ഞാൻ ഒരു മരുന്ന് പോലെ ഉപയോഗിക്കുക കൂടിയാണ്.. 

നമ്മളെ പലപല ദേശങ്ങളിലേക്കും കാലങ്ങളിലേക്കും ജീവിതങ്ങളിലേക്കും ദൃശ്യങ്ങളിലേക്കും കൊണ്ട് പോകാൻ സമയമെടുക്കും… പതിനായിരം ഓർമ്മയില്ലാത്ത റീലുകളെക്കാൾ നംമടുത്തെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ ഈ പുസ്തകങ്ങൾക്ക് കഴിയും… 

പുസ്തകങ്ങൾ വായിച്ചില്ലെങ്കിൽ മോശമാണ് എന്നല്ല അതിനർത്ഥം… അങ്ങനെയൊരു  അഭിപ്രായം എനിക്കില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. ഇന്ന് കേൾക്കുകയും ആവാം എന്നതാണ് സാങ്കേതിക വിദ്യ നമ്മുടെ മുന്നിൽ തുറന്നു തരുന്ന സാധ്യത. 

ഞാൻ വായിക്കുന്നതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ കേൾക്കാറുണ്ട്. ഇപ്പോൾ കേൾക്കുന്നത് 1995ൽ 1100 മൈൽ നീളമുള്ള അമേരിക്കയിലെ പസിഫിക്ക് ക്രെസ്റ്റ് ട്രെയിൽ ഒറ്റക്ക് നടന്നു പോകുന്ന ഒരു പെൺകുട്ടിയുടെ ഓർമ്മക്കുറിപ്പാണ്. ഷെറിൽ സ്ട്രെയ്ഡ് എഴുതിയ ‘Wild’… ഏതാണ്ട് 12 മണിക്കൂർ ദൈർഖ്യമുള്ള ഓഡിയോബുക്ക്… ഇങ്ങനെ പലതും ഈയടുത്ത് കേട്ടിരുന്നു. എന്റെ ഓഫീസിലേക്കുള്ള യാത്ര ഇങ്ങനെ പല കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയാണ്.            

സമയമില്ലാത്തവർക്ക് റീലുകൾ സഹായമായേക്കാം… തെറ്റില്ല… അതും ഒരു ജീവിത രീതിയാണ് എന്ന് ഞാൻ മനസിലാക്കുന്നു. ഞാനും പതിവുണ്ട്. എന്നെ അതിൽ കുടുക്കി കിടത്തുക എന്നതാണ് ഈ ആപ്പുകളുടെ ലക്ഷ്യം എന്ന് വീണ്ടും വീണ്ടും എന്നെ എനിക്ക് ഓർമ്മിപ്പിക്കേണ്ടതുണ്ട്. 

ഞാനും മനുഷ്യനാണ്… ഈ അഡിക്ഷന് അതീതനല്ല… ഒരു റീല് കാണാം എന്ന് കരുതി എത്രയോ എണ്ണം കണ്ട് ഒന്നും ഓർമ്മയിൽ നിൽക്കാതെ 10 മിനുട്ട് കഴിയുമ്പോഴാണ് അറിയുന്നത്. നഷ്ടപ്പെട്ടത് എന്റെ ജീവിതത്തിലെ പത്ത് നിമിഷം.. അതും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കി നഷ്ടപ്പെടുത്തിയത്…        

സ്വന്തം ജീവിതം അന്യരുടെ 30 സെക്കൻഡ് റീലുകളുടെ ഒരു അനുഭവമാക്കാണോ അതോ അഞ്ഞൂറ് പേജിന്റെ വായിക്കാനും പഠിക്കാനും മാനസ്സിലാക്കാനും കഴിയുന്ന പുസ്തകമാക്കാണോ എന്നതൊക്കെ നമ്മൾ ഓരോരുത്തരുടെ തീരുമാനമാണ്. വായിക്കണം എന്നില്ല സമയമെടുത്ത് കാണുകയും കേൾക്കുകയും ചെയ്യാൻ നമ്മൾ ശ്രമിക്കണം. സിനിമയെന്നല്ല. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്നൊരു പ്രഭാഷണം ഞാൻ കേട്ടു.    

ഒന്ന് ശരിയാണ് മറ്റേത് ശരിയല്ല എന്നൊന്നുമല്ല… ഈ രണ്ട് ഓപ്‌ഷനുകളും നമ്മൾക്ക് ലഭ്യമാണ് എന്ന് തന്നെ… വളരെ എളുപ്പത്തിൽ ഒന്നും ലഭ്യമല്ല എന്നും.. ആപ്പുകൾക്ക് അടിയറ വച്ച നമ്മുടെ ശ്രദ്ധ നമ്മൾക്ക് തിരിച്ചു പിടിക്കണം.  

സ്നേഹം 
-പഹയൻ-      

One thought on “10/365 | റീലുകളിൽ കുടുങ്ങി കിടക്കുന്ന  മനുഷ്യർ 

Leave a comment