ഈയിടെ കണ്ട രണ്ടു ഇംഗ്ലീഷ് സിനിമകൾ. സ്റ്റീരിയോടൈപ്പിങ്ങും ക്യാൻസൽ കൾച്ചറും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
സ്റ്റീരിയോടൈപിങ് വിഷയമാക്കിയ സിനിമയാണ് അമേരിക്കൻ ഫിക്ഷൻ. ജെഫ്‌റി വൈറ്റ് അഭിനയിക്കുന്ന സിനിമ. കറുത്ത വർഗ്ഗക്കാരനായൊരു എഴുത്തുകാരനായ പ്രഫസർ. ഒരു പുസ്തകമെഴുതുക എന്നതാണ് താല്പര്യം.
എഴുതുന്ന പുസ്തകം ഏജന്റ് എത്ര പബ്ലിഷറുടെ അടുത്തേക്ക് അയച്ചാലും അത് തിരിച്ചയക്കപ്പെടുന്നു. എഴുത്ത് നല്ലതാണ് പക്ഷെ അതിന് “We need a Black Book”. അതായത് പുസ്തകം വായിച്ചാൽ അതിലുള്ള ഭാഷാ പ്രയോഗങ്ങൾ ഒന്നും തന്നെ എഴുത്തുകാരൻ കറുത്ത വർഗ്ഗക്കാരനാണെന്ന് മനസ്സിലാവില്ല എന്നാണ് പബ്ലിഷർമാരുടെ പരാതി.
ഇതിന് അയാൾ രസകരമായൊരു ഉത്തരം പറയുന്നുണ്ട്. “ഇതെന്റെ പുസ്തകമാണ് ഞാൻ കറുത്ത വർഗ്ഗക്കാരനാണ്, അത് കൊണ്ട് തന്നെ ഇതൊരു കറുത്ത പുസ്തകമാണ്”…
വംശീയതയും സ്റ്റീരിയോടൈപ്പിങ്ങും അതിന്റെ കൊമ്പിൽ പിടിച്ചു തന്നെ അവതരിപ്പിച്ചുട്ടുണ്ട്. അവസാനം പണം കിട്ടാൻ അയാൾ അയാളുടെ ഭാഷ മാറ്റി പബ്ലിഷർമാർക്ക് വേണ്ടി പുസ്തകമെഴുതുകയാണ.
തീയറ്ററിൽ പലരും വ്യത്യസ്ത സിനിമ കാണുന്ന ഒരു പ്രതീതി തോന്നി. ഒരു തമാശക്ക് എല്ലാവരും ചിരിക്കുന്നുണ്ടെങ്കിൽ മറ്റൊരു സമയത്ത് ചിലർ ചിരിക്കാതിരിക്കുന്നു. അത് തമാശ മനസ്സിലാവാഞ്ഞിട്ടല്ല, ചിരിച്ചാൽ മോശമാവുമോ എന്ന ചിന്തയാവാം. എന്റെ തൊട്ടടുത്ത് ഒരു കറുത്ത വർഗ്ഗക്കാരനായിരുന്നു. അപ്പുറത്ത് ഒരു വെള്ളക്കാരനും.
എന്റെ ഇരുവശവും ഉയരുന്ന ചിരികളിൽ പല സമയങ്ങളിൽ വരുന്ന മാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കുകയുണ്ടായി. സിനിമ കാണു…. നമ്മളെ ഏറെ ചിന്തിപ്പിക്കും.
അടുത്ത സിനിമ നിക്കളസ് കേജ് അഭിനയിക്കുന്ന സിനിമയാണ്. പേര് ഡ്രീം സെനാറിയോ… ഇതിൽ നിക്കളസും ഒരു പ്രഫസറാണ്. പക്ഷെ കക്ഷിയുടെ പ്രശ്നം വേറെയാണ്.
ഒരു സുപ്രഭാതം കക്ഷി എഴുന്നേറ്റ് പുറത്ത് ഒരു റസ്റ്ററന്റിൽ പോകുമ്പോൾ അവിടെയുള്ള ഒരാൾ ചോദിക്കുന്നു “നമ്മൾ മുൻപ് കണ്ടിട്ടുണ്ടോ”… പിന്നെ ഇത് പോലെ പലരും ചോദിക്കുന്നു. മുൻപ് പരിചയമില്ലാത്ത പലരും കക്ഷിയെ മുൻപ് പരിചയമുണ്ടോ എന്ന് ചോദിക്കുന്നു.
സംഭവം രസമായി മുന്നോട്ട് പോകുന്നു. ലോകത്ത് പലയിടത്തായി ആളുകൾ നിക്കോളാസ് കേജിനെ അവരുടെ സ്വപ്നത്തിൽ കാണുന്നു. അയാൾ അവരുടെ സ്വപ്നത്തിൽ വരും… എന്നിട്ട് വെറുതെ അവിടെ നിൽക്കും ഒന്നും പറയില്ല ചെയ്യുകയുമില്ല. കൗതുകം പൂണ്ട ജനങ്ങളും മാധ്യമ പ്രവർത്തകരും യൂട്യൂബർമാരും കക്ഷിയെ ഒരു സെലിബ്രിറ്റിയാക്കുന്നു…
അങ്ങനെ എല്ലാം രസകരമാവുമ്പോൾ ഇയാൾ ഇവരുടെ സ്വപ്നങ്ങളിൽ വെറുതെയിരിക്കാതെ ചില കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നു. സംഗതി പ്രശ്നമാവുന്നു. ഇയാളെ സ്വപ്നം കണ്ട അതെ വ്യക്തികൾ ഇയാളെ കുറിച്ച് പേടിസ്വപ്നങ്ങൾ കാണുന്നു…
പിന്നെയങ്ങോട്ട് എങ്ങനെ ഇയാളെ ഫോളോ ചെയ്യുന്നവരും മാധ്യമപ്രവർത്തകരും യൂട്യൂബർമാരും ഇൻഫ്ളുവൻസർമാരും കയറി കക്ഷിയെ ക്യാൻസൽ ചെയ്യാൻ തുടങ്ങുന്നു.
രണ്ടു സിനിമകളും സമൂഹവും ഹൈപ്പർ സെൻസിറ്റീവ് സാമൂഹ്യ മാധ്യമ സംസ്കാരവും നമ്മളെ അസ്വസ്ഥമാക്കുമാറ് വിധം മുൻപിൽ അവതരിപ്പിക്കുന്നുണ്ട്.
ഞാൻ തീയറ്ററിൽ പോയി കണ്ടതാണ്. നിങ്ങളും കാണു. അല്ലെങ്കിൽ ottയിൽ വരുമ്പോൾ കാണു.
സ്നേഹം
പഹയൻ
