6/365 – കംഫർട്ട് സോണുകളും നമ്മുടെ അസ്വസ്ഥതകളും 

ഞാൻ കഴിഞ്ഞാഴ്ച്ച ഒരു പുസ്തകത്തിൽ uncomfortable അഥവാ നമ്മളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളെ കുറിച്ച് വായിച്ചിരുന്നു. നമ്മൾക്ക് അറിയാത്തൊരു കാര്യം ചെയ്യേണ്ടി വരുമ്പോൾ. നമ്മൾ ഇത് വരെ ചെയ്യാത്തൊരു കാര്യം ചെയ്ത് അതിന്റെ ഫലം ആരെനയെങ്കിലും അറിയിക്കണം എന്ന് വരുമ്പോൾ. ഇതൊക്കെ ചിലരെ അസ്വസ്ഥമാക്കും.

ഇംഗ്ലീഷിൽ “Push yourself out of your comfort zone” എന്ന് പറയും. നമ്മുടെ ആശങ്കകളില്ലാത്ത സൗകര്യമായി കഴിയുന്നിടത്തു നിന്നും മാറി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം എന്ന് തന്നെ. അങ്ങനെയാണത്രെ നമ്മൾ “learning zone” എന്നിടത്തെത്തുന്നത്. ഇത് രസകരമായൊരു ചിന്തയാണെന്ന് വായിച്ചപ്പോൾ തോന്നി. 

ഇത് കഴിഞ്ഞ് അടുത്ത ആഴ്ച്ച ഓഫീസിൽ ഒരു ജോലി തിരക്കു പിടിച്ച് ചെയ്യേണ്ടതായി വന്നു. തീരെ തയ്യാറെടുപ്പില്ലാതെ സംഭവം എന്റെ തലയിൽ വീണു. കുടഞ്ഞ് മാറ്റാൻ ശ്രമിച്ചു കഴിഞ്ഞില്ല. പിന്നെ അതും തലയിൽ വച്ച് ഓടുക തന്നെ. ഉറക്കം പോയി, സ്ട്രെസ് വന്നു ദേഷ്യം പിടിച്ചു എന്തിന് പറയുന്ന ഞാൻ ഇത്ര കഴിവുകെട്ടവനാണോ എന്നടക്കം തോന്നി.

അങ്ങനെ ചൊവ്വ ബുധൻ വ്യാഴം ഒക്കെ അതിന്റെ ഓരോ ഭാഗങ്ങളായി ചെയ്തു തീർത്തു. മെല്ലെ കാര്യങ്ങൾ എളുപ്പമായി. വെള്ളിയാഴ്ച്ചയാവുമ്പോഴേക്കും കാര്യം ഭംഗിയായി കഴിഞ്ഞു. ഒരു സമാധാനവും. അങ്ങനെ ഈ അസ്വസ്ഥമായ അനുഭവത്തിൽ നിന്നും എന്ത് പഠിച്ചു എന്ന് എഴുതി. 

അത് വായിച്ചപ്പോൾ എന്നോട് ചെറിയൊരു മതിപ്പും തോന്നി. വലിയ സംഭവമൊന്നുമല്ല എങ്കിലും ഒരു ചെറിയ സന്തോഷം. എന്നെ കുറിച്ച് മറ്റൊരു കാര്യം കൂടി മനസ്സിലായി. 

That I am a product of my comforts…               

എപ്പോഴും ബുദ്ധിമുട്ടില്ലാത്ത ഈസിയായി കാര്യങ്ങൾ മാത്രം ചെയ്തു പോകുന്ന ഒരു സ്വഭാവമുണ്ട് എനിക്കെന്ന് മനസ്സിലായി. അങ്ങനെയാണെങ്കിൽ എന്തൊക്കെ സാദ്ധ്യതകൾ ഞാൻ ജീവിതത്തിൽ നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നും ചിന്തിച്ചു. വീണ്ടും എന്നോട് തന്നെ ഒരു പുച്ഛം തോന്നി.. ലേശം സങ്കടവും. 

ഇപ്പോൾ സങ്കടപ്പെട്ടിട്ട് എന്ത് കാര്യം. മുന്നോട്ടുള്ള സമയം മാത്രമല്ലേ നമ്മൾക്ക് നമ്മുടെ കൺട്രോളിൽ ഉള്ളു. ആ സമയം ഈ അൺകംഫർട്ടബിളിറ്റിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കണം എന്ന് തീരുമാനിക്കാം.

നമ്മളെ പേടിപ്പെടുത്തുന്ന നമ്മൾക്ക് അസൗകര്യമുണ്ടാക്കുന്ന നമ്മൾക്ക് പരിചയമില്ലാത്ത കൂടുതൽ കാര്യങ്ങൾ ചെയ്തു നോക്കണം. നമ്മൾക്ക് ആവശ്യമുള്ള ലോകം ആ പേടിയുടെയും അസ്വസ്ഥതയുടെയും അസൗകര്യത്തിന്റെയും അപ്പുറത്താണ്. അത് കടന്ന് പോയി നോക്കണം. 

ഇനി പുതിയ കാര്യങ്ങൾ കാണുമ്പോൾ മടിച്ചു നിൽക്കാതെ എടുത്തിട്ട് പയറ്റി നോക്കണം. നമ്മൾക്ക് കഴിവുണ്ടോ എന്നല്ല… നമ്മളെ നമ്മുടെ കംഫോര്ട്ട് സോണിൽ നിന്നും ഉന്തി പുറത്തിടാൻ കഴിയുന്ന കാര്യമാണോ എന്നതാണ് വിഷയം.          

അതിനപ്പുറം മറ്റൊരു കാര്യം കൂടി മനസ്സിലായി. പലപ്പോഴും ഞാൻ എന്നെ തന്നെ ഒബ്സർവ് ചെയ്യാൻ മറന്നു പോകാറുണ്ട് എന്ന്. സൂക്ഷ്മമായി സ്വയം നിരീക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ച്ച അസ്വസ്ഥകളുടെ ആഴ്ചയല്ല.. പലതും പഠിക്കാനുള്ള ആഴ്ച്ച കൂടിയായിരുന്നു. 

Try to make myself uncomfortable at least once every week        

സ്നേഹം
-പഹയൻ-

Leave a comment