കേരളത്തിൽ വളർന്നു വരുന്ന ആരുടെയും ജീവിതത്തിൽ അമ്പലങ്ങൾക്കൊരു സ്ഥാനമുണ്ട് എന്ന് തോന്നുന്നു. അതിന് ഹിന്ദുവാവണം എന്നൊന്നുമില്ല. അകത്തു കയറാൻ കഴിയില്ല എന്നറിഞ്ഞിട്ടും അമ്പലങ്ങൾ ആ നാടിന്റെ സംസ്കാരമാണെന്ന് കരുതുന്ന ധാരാളം അഹിന്ദുക്കളുടെ നാടും കൂടിയാണ് കേരളം. പക്ഷെ ഇതേ പോലെ തന്നെയാണ് പള്ളികളും… അത് മുസ്ലിം പള്ളിയായാലും ക്രിസ്ത്യാനി പള്ളിയായാലും… പള്ളികളും അമ്പലങ്ങളും ഒരു പോലെ നമ്മുടെ കേരളത്തിന്റെയും ഇന്ത്യയുടേയും സംസ്കാരത്തിന്റെ ഭാഗമാണ്…
അമ്പലത്തിലേക്കോ പള്ളിയിലേക്കോ പോകുന്നവർ വഴിയിൽ അന്യ മതസ്ഥരുടെ കൂടെ സൊറ പറഞ്ഞ് നടന്നു പോകുന്നത്. അന്നും ചിലപ്പോൾ ചിലരുടെയൊക്കെ മനസ്സിൽ വർഗ്ഗീയ ചിന്തകൾ ഉണ്ടായിരുന്നിരിക്കാം. എല്ലാവരും നല്ലവരായിരുന്ന ഒരു കാലമൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല.
പിന്നെ എന്താണ് മാറിയത്…? ഞാൻ പണ്ടേ ഒരു വിശ്വസിയല്ല എന്നാൽ നിരീശ്വരവാദിയുമായിരുന്നു എന്ന് പറയാൻ കഴിയില്ല.. ഒരുതരം അഴകൊഴ അങ്ങനെ. മതത്തിനും വിശ്വാസത്തിനും അതിന്റെ ഇല്ലായ്മക്കും ഒന്നും ജീവിതത്തിൽ വലിയ പ്രസക്തി ഇല്ലായിരുന്നു എന്ന ചിന്തയായിരുന്നു എപ്പോഴും.
പിന്നെ ജീവിതത്തിൽ ഒരു ഘട്ടത്തിൽ ലേശം വിശ്വാസം വേണം എന്ന് തോന്നി. സത്യത്തിൽ ഒരു ആശയക്കുഴപ്പത്തിൽ നിന്നും വന്നൊരു ചിന്തയാണ്. കുറച്ചങ്ങനെ പോയി. പിന്നെ ലേശം ജിദ്ദു വഴിയും വായിച്ചു പോയി. അതൊക്കെ കഴിഞ്ഞിട്ടാണ് നിരീശ്വരവാദത്തിലേക്ക് വരുന്നത്. ഹിച്ചിൻസും ഡെന്നെറ്റും ഡോക്കിൻസും വഴി…
ആയിടെയാണ് കേരളത്തിലും ഒരു നിരീശ്വരവാദി ഗ്രൂപ്പുള്ളതായി മനസ്സിലാവുന്നത്. ഇന്നത്തെ വെട്ടുകിളികളായ നവ യൂട്യൂബ് യുക്തിവാദികൾക്കൊക്കെ എത്രയോ മുൻപ്… ഇവരുടെയൊക്കെ ഇന്നത്തെ അപ്പോസ്തലന്മാർ know-it-all സാപ്പിയനുകളായി പരിണമിക്കുന്നതിന് മുൻപ് സദാ മനുഷ്യരായി യുക്തി ചർച്ചകൾ നടത്തിയിരുന്ന ഒരിടം. പിന്നെ അത് പിരിഞ്ഞു. ചിലർ വെട്ടുകിളി നിർമ്മാണ ഫാക്ടറി തുടങ്ങി അങ്ങനെ പോയി. എപ്പോഴോ ഒരു വെട്ടുകിളി എന്നെ അവർ എന്നോട് ചോദിക്കാതെ എന്നെ ചേർത്ത നാസ്തിക ഗ്രൂപ്പിൽ നിന്നും പുറത്താക്കി പിന്നെ ആ വെട്ടുകിളിയും പുറത്താക്കപ്പെട്ടു. അടിച്ചു പിരിഞ്ഞിട്ടും എല്ലാവരും അടി നിർത്താതെ തുടർന്നു. ഞാൻ രക്ഷപ്പെട്ടു എന്ന് വേണം പറയാൻ. അടി നിർത്തി എന്നല്ല.. യുക്തിവാദികളുമായും അടി തുടങ്ങി.
നിരീശ്വരവാദിയും യുക്തിവാദിയും ആവാൻ ഒരു ഗ്രൂപ്പിന്റെയും ആവശ്യമില്ല എന്ന് മനസ്സിലായി. വിശ്വാസിയാവാനും ഗ്രൂപ്പുകളുടെ ആവശ്യമില്ല… മനുഷ്യനാവാൻ സമൂഹം വേണം കൂട്ടായ്മകൾ വേണം എന്നെ ഉള്ളു. ഒറ്റക്കായി പിന്നങ്ങോട്ട്… പക്ഷെ ഗ്രൂപ്പുകളിൽ നിന്ന് മാറിയപ്പോൾ വിശ്വാസികളെയും മതത്തിനെയും കാണുന്ന രീതിയിലും മാറി. അതായത് മതം ശരിയല്ല വിശ്വാസികൾ മണ്ടന്മാരാണ് എന്നുള്ള സ്ഥിര ഇൻജക്ഷൻ എടുക്കൽ നിന്നു. യുക്തിയുടെ പേരിൽ വിദ്വെഷം പടർത്തുന്നവരുടെ കൂടെ നിൽക്കാതെ മാറി നിൽക്കുമ്പോൾ നമ്മുടെ കാഴ്ച്ചപ്പാടും മാറും.
സത്യത്തിൽ ഇന്നെനിക്ക് ഏറ്റവും അസഹ്യമായിട്ടുള്ളത് ഈ മതവിമർശനം മാത്രം ചെയ്ത് ജീവിക്കുന്ന യുക്തന്മാരെയാണ്. മതത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് സ്വതന്ത്രമാവുമ്പോൾ ഉണ്ടാവുന്ന അതെ സ്വാതന്ത്ര്യമാണ് ഈ യുക്തരുടെ ഗ്രൂപ്പിൽ നിന്നും മാറി നിൽകുമ്പോൾ. ലോകം കൂടുതൽ സഹാനുഭൂതിയുള്ള മനുഷ്യരുടെ ലോകമായി തോന്നും.
പറഞ്ഞു വന്നത് അമ്പലങ്ങളെയും പള്ളികളെയും കുറിച്ചാണ് പക്ഷെ എത്തിയത് യുക്തിവാദികളിലും. വിശ്വാസവും അതില്ലായ്മയും പുരോഗമനവും സമൂഹവും ഒക്കെ ഒരുമിച്ചു കഴിയേണ്ട ലോകമാണ് നമ്മുടേത്. എല്ലാ മതത്തിലും നിരീശ്വരവാദികൾക്കിടയിലും രാഷ്ട്രീയ പാർട്ടികൾക്കിടയിലും തീവ്രതക്ക് ആക്കം കൂടി വരുന്നു എന്നതാണ് പ്രശ്നം. എല്ലാവർക്കും എല്ലാം യുദ്ധങ്ങളാണ്. എന്റെ പല ഫേസ്‌ബുക്ക് പോസ്റ്റിലെ കമന്റ് ബോക്സ് വരെ യുദ്ധക്കളങ്ങളാണ്. പോസ്റ്റിനനുസരിച്ചിരിക്കും കമന്റ് ബോക്സിലെ ചേരി തിരിവ് എന്ന് മാത്രം..
എനിക്ക് ഇസ്ലാമിനോടും ക്രിസ്ത്യാനിറ്റിയോടും ഹിന്ദുപുരാണങ്ങളോടും ജൂതമതത്തിനോടും ഇതിനെ ഒക്കെ എതിർക്കുന്ന പ്രത്യശാസ്ത്രങ്ങളോടുമൊക്കെ ഒരേ സമീപനമാണ് ഇപ്പോൾ. ഏതൊരുത്തനെയും തീവ്രവാദിയാക്കാൻ ഇതിനൊക്കെ കഴിയും എന്ന തിരിച്ചറിവ്. അത് ഈ ചിന്തകളുടെ പ്രശ്നമാണോ ഈ ചിന്തകൾ ഉപയോഗിച്ച് മനുഷ്യരും മനുഷ്യക്കൂട്ടങ്ങളും കൂടി നടത്തുന്ന നാടകങ്ങളുടെ ഫലമാണോ…?
ആരാധനാലയങ്ങളിലേക്ക് പോകുന്നവരെ കുറിച്ച് ഞാൻ ചിന്തിയക്കാറുണ്ട്. അത് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ അവരുടെ മനസ്സിൽ സമാധാനമോ വിദ്വെഷമോ ഉണ്ടാവുക എന്നതിലാണ് കാര്യം. സമാധാനവും ഐക്യവും ആണെങ്കിൽ നല്ലത്.
പിന്നെ തുല്യത.. ജെണ്ടർ ഇക്വാലിറ്റി എന്ന വിഷയത്തിൽ എല്ലാ മതങ്ങളും അമ്പേ പരാജയമാണ്. അവർ മാറാൻ തയ്യാറാണോ എന്നതാണ് ചോദ്യം..? പക്ഷെ പലർക്കും അവരുടെ മതത്തിലെ നിയമങ്ങളാണ് വലുത്. നവ യുക്തന്മാരും ജെണ്ടർ ഇക്വാലിറ്റിയിൽ വമ്പൻ പരാജയങ്ങളാണ് എന്ന് ഇടയ്ക്കൊക്കെ ഇവന്മാരുടെ പോസ്റ്റുകൾ വായിക്കുമ്പോൾ തോന്നാറുണ്ട്..
ഞാൻ നല്ല വിശാലമനസ്സുള്ള മുസ്ലിമുകളെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും നിരീശ്വരവാദികളെയും കണ്ടിട്ടുണ്ട്. അവരുമായി സൗഹൃദവുമുണ്ട്. ഇതിനൊക്കെ വിപരീതമായി തീർത്തും അസഹ്യമായ കൂടെ കൊണ്ട് നടക്കാൻ പറ്റാത്ത നമ്മളെ അവരുടെ ചെളിക്കുണ്ടിലേക്ക് വലിച്ചു കൊണ്ട് പോകുന്ന നികൃഷ്ട ജീവികളായ മുസ്ലിമുകളെയും ഹിന്ദുക്കളെയും ക്രിസ്താനികളെയും ജൂതന്മാരെയും നിരീശ്വരവാദികളെയും കണ്ടിട്ടുണ്ട്.
ലോകത്തിൽ ഒരു തരത്തിലുള്ള മുസ്ലിമുകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും നിരീശ്വരവാദികളും മാത്രമേ പാടുള്ളു എന്നോ എല്ലാവരെയും അങ്ങനെ ആക്കി മാറ്റിയെടുക്കാനോ എനിക്ക് കഴിയില്ല… പക്ഷെ എന്റെ സൗഹൃദ വലയത്തിൽ വിശാലമനസ്സുള്ള മുസ്ലിമുകളെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും നിരീശ്വരവാദികളെയും മാത്രമേ ചേർക്കു എന്നെനിക്ക് തീരുമാനിക്കാം… നമ്മുടെ ബന്ധങ്ങൾ നന്നാക്കാനല്ലേ നമ്മൾക്ക് കഴിയു.. അത് വൃത്തിയായി ചെയ്യണം. ഒഴിവാക്കണം തീവ്ര ചിന്തകളുള്ളവന്മാരെ..
ഒരു കൂട്ടരേ വിമർശിക്കുമ്പോൾ മറുകൂട്ടർ ശരിയാണ് എന്നല്ല അർത്ഥം. ഇന്ന് അമ്പലമാവണം ചർച്ച എന്നാണ് കുറെ പേരുടെ ആഗ്രഹം. പക്ഷെ പള്ളിയെ കുറിച്ച് പറയാതെ ഈ അമ്പലത്തെ കുറിച്ച് പറയാൻ കഴിയില്ലല്ലോ. ഒരു പള്ളി പൊളിച്ചിട്ടല്ലേ അവിടെ അമ്പലം പണിയുന്നത്..? ഇതിനെ വിജയമായി കരുതുന്നവരും നിസ്സഹായതയായി കരുതുന്നവരും ഒക്കെ ഇവിടുണ്ട്. ഹിന്ദുത്വയുടെ വിജയമാവുമ്പോൾ ഹിന്ദുക്കളുടെ വൻ പരാജയമാണ് ഈ രാമക്ഷേത്രം…
ശ്രീരാമനെ വില്പന ചരക്കാക്കി രാഷ്ട്രീയം കളിച്ച് കുളിപ്പിച്ച് കിടത്തുന്ന ദൃശ്യമാണ് നമ്മൾ കാണുന്നത്. കാരണം ഗാന്ധിയുടെ രാമാനല്ല ഇവരുടെ രാമൻ. ഇത് വോട്ടുരാമൻ.. ഗാന്ധിയുടേത് ഹേ റാം… ഗോഡ്‌സെ എന്ന ഹിന്ദുത്വവാദി വെടിവച്ചു കൊന്നപ്പോൾ ഗാന്ധി ഉരുവിട്ട ആ ഹേ റാം
രാമക്ഷേത്രം വിജയമായി കരുതുന്ന ആരുടേയും കട ബാധ്യതകളോ അസുഖമോ തൊഴിലില്ലായ്മക്കോ ഒറ്റപ്പെടലോ വിഷമതകളോ പാർപ്പിടമില്ലായ്‌മയോ ഒന്നും ഈ സംഭവ വികാസങ്ങൾ പരിഹരിക്കില്ല എന്നതാണ് സത്യം.
വിശ്വാസങ്ങളും അവിശ്വാസങ്ങളും ശക്തിപ്രകടന വേളകളായി മാറുമ്പോൾ.. മാറി നിന്ന് ഞാനും എന്റെ കുടുംബവും ഇതിൽ പങ്കല്ലല്ലോ എന്ന സ്വാർത്ഥ ചിന്തയിൽ സമാധാനിക്കുകയാണ്. അത് ശരിയാണോ എന്നറിയില്ല. പക്ഷെ ഇതിന്റെയൊന്നും ഭാഗമല്ല എന്ന ചിന്ത ഒരു സ്വാർത്ഥ സമാധാനം നൽകുന്നുണ്ട്
രണ്ടു ലാർജ് അടിച്ച് കിടക്കും. ഇന്ന് നല്ല ബീഫും ഉണ്ടാക്കും…. നാളെ പോർക്കും… രാവിലെ എഴുന്നേറ്റ് എക്സർസൈസ് ചെയ്യും… സ്ഥിരമായി ചെയ്യാറുള്ള 15 മിനുട്ട് ഡാൻസ് ചെയ്യും. പിന്നെ ജോലിക്ക് പോവാൻ തയ്യാറെടുക്കും. പുസ്തകങ്ങൾ വായിക്കും.. സിനിമ കാണും… ഇഷ്ടമുള്ളവരുടെ കൂടെ ഇഷ്ടമുള്ള കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യും. എന്റെ മാനസിക സുഖത്തിന് വേണ്ടി ഒരു തികഞ്ഞ സ്വാർത്ഥനായി മാറും. ഒരു സ്വാർത്ഥനായ മനുഷ്യനായി മാറും…
എന്റെ നാട്ടിൽ എനിക്ക് പ്രിയപ്പെട്ട ആളുകൾ നൂറ്റാണ്ടുകൾ മുൻപുള്ള കാര്യത്തെ കുറിച്ച് പറഞ്ഞു തർക്കിക്കുമ്പോൾ അതിൽ വിജയവും വിഷമവും അനുഭവിക്കുമ്പോൾ, ഞാൻ അന്യ നാട്ടിൽ ജോലി തന്ന കമ്പനിയുടെ ഓഫീസിൽ പോയി എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ആളുകളുടെ പ്രവർത്തന മേഖലകൾ മെച്ചപ്പെടുത്താനുള്ള ചെറിയ മാറ്റങ്ങൾ വരുത്താൻ നോക്കും… ചിലപ്പോൾ ഞാൻ വിജയിക്കും ചിലപ്പോൾ ഞാൻ പരാജയപ്പെടും…
എനിക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങളിലേക്ക് ഞാൻ ചുരുങ്ങുമെങ്കിലും മനസ്സിന്റെ ഉള്ളിൽ ഞാൻ ലോകമെമ്പാടും സഹാനുഭൂതിയോടെ പടരാൻ ശ്രമിക്കും. ആ വിശാലമായ ചിന്തയിൽ ഇന്ന് എന്റെ നാട്ടിലെ ജനങ്ങളാണ്… അവർ മാത്രമാണ്…. അതിൽ എല്ലാ തരം വിശ്വാസികളും അവിശ്വാസികളും ഉണ്ട്… തീവ്ര ചിന്താഗതിക്കാർ ഒഴിച്ച്….
സ്നേഹം
പഹയൻ
