4/365 – നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ..

ആണോ..? എന്ന് ചിലരൊക്കെ പറയുന്നു… എന്റെ സാമൂഹ്യ മാധ്യമത്തിലെ കോപ്രായങ്ങൾ കണ്ടിട്ടാവണം… “നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ” എന്ന ചോദ്യം… 

അതൊക്കെ തോന്നും… പക്ഷെ അങ്ങനെയൊക്കെ ആളുകളെ കൊണ്ട് തോന്നിപ്പിക്കാൻ വേണ്ടി പെടുന്ന പാട് ചെറുതല്ല… എല്ലാം അടക്കി പിടിച്ച് പുറത്തേക്ക് കാട്ടുന്ന ആ ചിരിയുണ്ടല്ലോ… ഓഹ്… ഒരു ബല്ലാത്ത ഫീലാണ്..   

അല്ലെങ്കിലും നമ്മുടെ സന്തോഷവും അരിശവും മാത്രം കാണിക്കാനുള്ള ഇടമായിട്ടില്ലേ സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് മാറിയിരിക്കുന്നത്… ഒന്നുങ്കിൽ “എന്നെ കണ്ടോ ഞാനെത്ര കേമൻ.. ഞാനെത്ര മിടുക്കൻ” അല്ലെങ്കിൽ “നീയാരാടാ ഇതൊക്കെ പറയാൻ” ഈ രണ്ടു ലൈനാണ് എല്ലാം…

സന്തോഷം.. ഹാപ്പി എന്നതൊന്നും നമ്മൾ എത്തി പെടുന്ന സ്ഥലമല്ല… ചില സമയത്ത് തോന്നും അത്ര തന്നെ… എന്റെ കൂടെ ജീവിക്കുന്നവരോട് അല്ലെങ്കിൽ കൂടെ ജീവിച്ചവരോട് ചോദിക്കണം… എന്റെ മൂഡ് സ്വിങ്ങുകളുടെ കൂടിയാട്ടം…

സാമൂഹ്യ മാധ്യമത്തിൽ തന്നെ ഞാൻ ഒരു അരകിറുക്കനും ചൂടാനുമാണെന്നാണ് എന്റെ പക്ഷം… അതിന്റെ എത്രയോ കൂടുതലാണ് ശരിക്കുള്ള ജീവിതത്തിൽ… സംസാരിച്ചു നിൽകുമ്പോൾ പെട്ടന്ന് മിണ്ടാതാവും… ഒരു നേരം ചിരിക്കുമ്പോൾ പിന്നതാ ഉറഞ്ഞു തുള്ളുന്നു. ഇങ്ങനെയും ഉണ്ടോ മനുഷ്യർ. കൂടെ ജീവിക്കുന്നവരെ സമ്മതിക്കണം എന്നിടക്ക് തോന്നാറുണ്ട്… പക്ഷെ എന്നെ തന്നെ സഹിക്കുന്ന എന്നെ വേണ്ടേ ആദ്യം സമ്മതിക്കാൻ എന്ന് പിന്നെ വിചാരിക്കും..      

ആളുകളുടെ നല്ല നിമിഷങ്ങൾ മാത്രം പങ്കു വയ്ക്കാനുള്ളൊരിടമാണല്ലോ സാമൂഹ്യ മാധ്യമം… എന്നും ഓൺലൈൻ ജീവിതത്തിൽ ആഘോഷമാണ് എല്ലാവർക്കും… ശരിക്കുള്ള ജീവിതത്തിൽ അങ്ങനെയാവുമോ..?

എന്തൊക്കെ അങ്കൽപ്പുകളാണ് മനുഷ്യന്… അവനെ കുറിച്ചും പിന്നെ അന്യനെ കുറിച്ചും…. എപ്പോഴെങ്കിലും വീണു കിട്ടുന്ന ഈ ഹാപ്പി നിമിഷങ്ങൾ അനുഭവിച്ചങ്ങ് രസം പിടിക്കുമ്പോഴേക്കും ഇന്റർവലായി… പിന്നെ രണ്ടാം ഭാഗം ലേശം ഡാർക്കാവും… അത് കഴിയുമ്പം അടുത്ത സിനിമയുടെ ഒരുക്കമായി…

ഹാപ്പിയോക്കെയാണ് ഇടയ്ക്ക്.. അത് നല്ലവണ്ണം പൊടിപ്പും തൊങ്ങലും ചേർത്ത് ഇവിടെയൊക്കെ പോസ്റ്റും…. കാണുന്നവർ പറയും നിങ്ങൾ കൂളാണ്… സന്തോഷവാനാണ്.. അങ്കലാപ്പുകൾ ഇല്ലാത്ത ജീവിതമാണ്… ആഹാ… കേൾക്കുമ്പോൾ എന്നോട് തന്നെ ഒരു ബഹുമാനം തോന്നും…. ഇങ്ങനെയും ആളുകളെ പറ്റിക്കാൻ പാടുമോ പഹയാ… നീ സന്തോഷിക്കുന്നു എന്ന് കരുതി വിഷമിക്കുന്ന എത്ര പേരുണ്ട് ഈ ലോകത്ത് എന്ന് നിനക്കറിയില്ലേ..?

സന്തോഷമുണ്ട് പക്ഷെ അത് ഞാനായി ദിവസവും മരുന്ന് പോലെ സേവിക്കുന്നതല്ല. രാവിലെ ഓഫീസിലേക്ക് ഡ്രസ്സും ചെയ്ത് പോകുമ്പോൾ സന്തോഷം ഉണ്ടാവാറുണ്ട്… ജോലിയുണ്ട് എന്നത് കൊണ്ട് തന്നെ. ജോലിയില്ലാതെ ഇരുന്ന കാലങ്ങൾ ഓർമ്മ വരും….വണ്ടി നിർത്തി ഓഫീസിന്റെ മുൻവശത്ത് കൂടി നടന്നു കയറുമ്പോൾ… അതേത് കമ്പനിയായാലും ഒരു സന്തോഷം തോന്നാറുണ്ട്. പല കമ്പനികളിൽ നിന്നും പടിയിറങ്ങിയിട്ടും ഉണ്ടല്ലോ..

അത് ഒരു സന്തോഷം… പിന്നെ ചിലപ്പോൾ എന്തെങ്കിലും പാചകം ചെയ്തതിന് ശേഷം അത് വായിൽ വയ്ക്കാൻ കൊള്ളുന്നു എന്ന് മാത്രമല്ല നല്ല ടേസ്റ്റും ഉണ്ടെങ്കിൽ വീണ്ടും സന്തോഷം… 

അങ്ങനെ അങ്ങനെ പല പല കാര്യങ്ങളിൽ സന്തോഷം തോന്നാറുണ്ട്… പക്ഷെ അത് പിന്നെ മാറി വേറെ ചിന്തകൾ വരും…. എല്ലായ്പ്പോഴും ഹാപ്പിയല്ല.. പക്ഷെ ഹാപ്പിയുള്ള സമയങ്ങളിൽ അത് ആസ്വദിച്ചങ്ങ് ജീവിക്കും. കിട്ടുമ്പോൾ ആസ്വദിക്കുക… അത്രേ പറ്റു… 

ഇത് മോട്ടിവേഷനല്ല…. വെറും വേഷം കെട്ട്… വെറും വേഷം കെട്ട്… 

സ്നേഹം
-പഹയൻ-         

Leave a comment