3/365 – കാതൽ സിനിമ കണ്ടിട്ട് പറഞ്ഞതും കേട്ടതും

കാതൽ സിനിമ റിലീസ് ചെയ്ത് ഏറെ കഴിഞ്ഞാണ് കണ്ടത്. ഇവിടെ അമേരിക്കയിൽ ഞങ്ങൾ താമസിക്കുന്നതിനടുത്തുള്ള തീയറ്ററിൽ സിനിമ വന്നില്ല. പല തവണ ജിയോയെ മെസേജ് ചെയ്തും ചോദിച്ചു… നോക്കുന്നു എന്നണ് ജിയോ പറഞ്ഞത്… പിന്നെ ഇവിടെ മലയാളം സിനിമകൾ കൊണ്ട് വരുന്ന ആളെ ഒരു പരിപാടിക്ക് കണ്ടപ്പോൾ ചോദിച്ചു “എന്താ ചങ്ങായി കാതൽ ഒന്ന് കൊണ്ട് വന്നു കൂടെ”

ആള് വളരെ സത്യസന്ധമായി പറഞ്ഞു “അതിന്റെ തീം ഒക്കെ കാരണം ഇവിടെ ആളുകൾ കാണുമോ എന്നറിയില്ല.. പക്ഷെ ഇപ്പോൾ അത് നാട്ടിൽ ആളുകൾ കുറെ കാണുന്നുണ്ട് എന്നറിഞ്ഞു… നോക്കട്ടെ”

ശരിയാണ് ഞാൻ എത്രയോ സിനിമ തീയറ്ററിൽ ഒറ്റക്കിരുന്ന് കണ്ടിട്ടുണ്ട്. അടിസ്ഥാനമായി സിനിമ ഒരു വ്യവസായമാണ്… ലാഭ നഷ്ട സംഭവമാണ്.. അതിൽ ഓരോ ഘട്ടത്തിലും പ്രവർത്തിക്കുന്നവർക്ക് ലാഭം വേണം. 

ഏതായാലും സിനിമ വന്നു, പോയി കണ്ടു, വീഡിയോ ഇട്ടു എല്ലാം ഓക്കേ. അത് കഴിഞ്ഞ് ഒരു ന്യൂ ഇയർ പാർട്ടിക്ക് പോയപ്പോൾ പരിചയമുള്ളൊരാൾ അതിനെ കുറിച്ച് സംസാരിച്ചു.. “നിങ്ങളുടെ കാതലിനെ കുറിച്ചുള്ള വീഡിയോ കണ്ടു.. വളരെ നന്നായിരുന്നു, very considerate… മനസ്സിൽ തട്ടി പറഞ്ഞതാണെന്ന് മനസ്സിലാവും..” അത് കഴിഞ്ഞു അദ്ദേഹം പറഞ്ഞതാണ് എനിക്ക് ശരിക്കും ചിന്തിക്കാൻ വക തന്നത്..

“നിങ്ങളുടെ ചില വിഡിയോകൾ ഒരു ഉപദേശി ലൈനായി തോന്നാറുണ്ട്… ഇതങ്ങനെയായിരുന്നില്ല..” എല്ലാ വിഡിയോകളും എന്നത് എനിക്ക് വിഷമം തോന്നേണ്ട എന്ന് കരുതി ചില വിഡിയോകൾ എന്നാക്കിയതാണോ എന്നറിയില്ല.. അപ്പോൾ തോന്നിയ ഒരുത്തരം ഞാൻ കൊടുത്തു 

“നമ്മൾ മലയാളികളല്ലേ പുച്ഛവും കൂട്ടത്തിൽ നമ്മൾക്ക് മറ്റുള്ളവരെയൊക്കെ ഉപദേശികകനുള്ള അറിവും കഴിവും അവകാശവും ഉണ്ടെന്നത് നമ്മുടെ DNA അല്ലെ..? അപ്പോൾ സ്വാഭാവികമായി ആ സ്വഭാവം എന്റെ വിഡിയോയിൽ കാണുമല്ലോ… എന്റെ പ്രശ്നമല്ല ഞാൻ മലയാളിയായത് കൊണ്ടാണ്”

ഉത്തരമൊക്കെ ജോറായി കൊടുത്തെങ്കിലും ചോദ്യം മനസ്സിൽ കടന്നു… വിജയൻ മാഷ് പറഞ്ഞ പോലെ… ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്റൂമിൽ നിന്നും പുറത്താക്കിയാലും ചോദ്യം ക്ലാസ് റൂമിൽ തന്നെ നിൽക്കും എന്ന്… ഇങ്ങനെയുള്ള സംഭവങ്ങളാണ് മനുഷ്യനെ അസ്വസ്ഥമാക്കുന്നത്.. ഞാൻ ഒരു ബ്ലഡി ഉപദേശിയാണോ..? എന്റെ വിഡിയോകൾക്ക് ഉപദേശ സ്വഭാവം ഉണ്ടോ…?

അറിയില്ല… ഏറ്റവും എളുപ്പം കിട്ടാനും കൊടുക്കാനും കഴിയുന്നൊരു കാര്യമാണ് ഉപദേശം… ഉപദേശിക്കുന്നവർക്ക് മറ്റുള്ളവരെക്കാൾ വിവരവും അറിവുമുണ്ട് എന്നവർക്ക് തന്നെ തോന്നാറുണ്ടോ..? എപ്പോഴും ആശയക്കുഴപ്പവും പറഞ്ഞത് ശരിയായോ എന്നും ചിന്തിക്കുന്ന ഞാനടക്കം സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് അത്  ഉപദേശമായി തോന്നുന്നത് എന്ത് കൊണ്ടാവും..?

ഒന്നാഞ്ഞ് ചിന്തിച്ചപ്പോൾ ശരിയാണ്… ഒരു ടീച്ചർ പറയുന്ന പോലെ ആവാറുണ്ട് ചില വീഡിയോകൾ…  സത്യത്തിൽ അങ്ങനെ പറയുമ്പോൾ ഞാൻ മറ്റുള്ളവരോടല്ല എന്നോട് തന്നെയാണ് കാര്യങ്ങൾ പറയുന്നത്. ഞാനും കേൾക്കുന്നവരുടെ കൂടെ അത് തന്നെ കേൾക്കുന്നു എന്ന്. പിന്നെ വീഡിയോ ചെയ്തിട്ട് ഒന്ന് ചിന്തിക്കുമ്പോഴാണ് തെറ്റിയെന്നും.. അതിനപ്പുറത്തും ചില ശരികളുണ്ട് എന്നൊക്കെ തോന്നി തുടങ്ങുന്നത്. പക്ഷെ അത് സ്വാഭാവികമാണ്. ഇന്നത്തെ ചിന്ത ഒരിക്കലും മാറ്റില്ല എന്ന മരണമണി മുഴക്കി ജീവിക്കുന്നത് ബുദ്ധിമുട്ടാണ്….

പക്ഷെ ചിലപ്പോൾ ചില വിഡിയോകൾ ചെയ്താൽ അത് കാണുന്നവർ നമ്മുടെ കഴിവിന് അപ്പുറം ചില പരിവേഷം നമ്മൾക്ക് ചാർത്തി തരും… അത് പിന്നീട് ഭാരവുമാവും… ഒരു വീഡിയോ ചെയ്യാനും ഒരു കാര്യത്തെ പറ്റി പറയാനും അതിനെ കുറിച്ച് കുറെ കാര്യങ്ങൾ അറിയണം എന്നൊരു ചിന്ത ഇന്നും സമൂഹത്തിൽ നിലനിക്കുന്നുണ്ട് എന്ന് തോന്നുന്നു.

ടീച്ചർമാർക്കും മാതാപിതാക്കൾക്കും എല്ലാം അറിയാം അല്ലെങ്കിൽ അറിഞ്ഞിരിക്കണം എന്ന ചിന്ത പോലും ഉപേക്ഷിച്ച നമ്മളാണ് ഇന്ന് ഇൻഫ്ലുവസർമാർക്കും സിനിമാ നടീനടന്മാർക്കും യൂട്യുബർമാർക്കും മാധ്യമപ്രവർത്തകർക്കും സകലമാന സാമൂഹ്യ മാധ്യമ ജീവികൾക്കും എല്ലാ അറിവുമുണ്ട് അല്ലെങ്കിൽ അറിവുമുണ്ടാവണം എന്ന തെറ്റിദ്ധാരണയിൽ കിടന്ന് അഭിരമിക്കുന്നത്. എന്നെ അതിൽ പെടുത്തരുത്.. എല്ലാവരും എന്റെ ശത്രുക്കൾ എന്നെ കുറിച്ച് കരുതുന്ന പോലെ വേണം കരുതാൻ…. ഇവന് വലിയ വിവരമൊന്നുമില്ല എന്നങ്ങു കരുതണം. ഇതൊക്കെ ഓരോ യാത്രയാണ്… ഒരു ലേണിങ് പ്രോസസ്… 

പക്ഷെ കാതൽ വീഡിയോ ഇട്ടപ്പോൾ മറ്റൊരു സംഭവം നടന്നു. മമ്മുക്കയുടെ അതെ സ്ഥിതിയിൽ ജീവിക്കുന്ന രണ്ടു പേരും ജ്യോതികയുടെ അതെ സ്ഥിതിൽ ജീവിക്കുന്ന മറ്റൊരാളും എന്നെ contact ചെയ്തു. അവരോടെല്ലാം ഇങ്ങനത്തെ സംഭവങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കാനും സഹായിക്കാനും കഴിയുന്നവരെ സമീപിക്കാൻ പറഞ്ഞു. ഇതൊന്നും അവരുടെ ആരുടേയും കുറ്റമല്ല എന്നും പറഞ്ഞു. അവർ ഒറ്റക്കല്ലെന്നും അവരെ പോലെ വേറെ ചിലരും എന്നെ സമീപിച്ചിട്ടുണ്ട് എന്നും പറഞ്ഞു. 

അത് പറയേണ്ടതാവശ്യമാണ്… പല തരം ഗിൽട്ട് ട്രിപ്പുകളിലൂടെ ഇവരെല്ലാം യാത്ര ചെയ്യുന്നുണ്ടാവാം… സത്യത്തിൽ ഇങ്ങനൊരു സ്ഥിതിയിൽ ഇതിനെ കുറിച്ച് സംസാരിക്കേണ്ടത് ആരോടാണ് എന്നെങ്ങനെ അവരോടു പറയും. 

ഇവിടെ അമേരിക്കയിലാണെങ്കിൽ സ്വന്തം ഡോക്ടറോട് സംസാരിക്കുക എന്നതാണ് അതിന്റെ ശരി. അവർ ശരിയായ ദിശയിൽ നമ്മളെ നയിക്കും. അതൊരു പ്രഫഷണൽ സമീപനമാണ്. ഇവിടെ എന്തെങ്കിലും കാര്യത്തിന് ഡോക്ടറെ കാണാൻ പോകുമ്പോൾ അല്ലെങ്കിൽ നമ്മുടെ വാർഷിക ചെക്കപ്പിന് പോകുമ്പോൾ അവസാനം ചോദിക്കുന്നൊരു ചോദ്യമുണ്ട് “നിങ്ങളെ അലട്ടുന്ന മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്..

ഈ ചോദ്യത്തിന് വർഷങ്ങളായി പല ഉത്തരങ്ങളും ഞാൻ കൊടുത്തിട്ടുണ്ട്.. അതിനെല്ലാം ആ ഫാമിലി ഡോക്ടറുടെ പക്കൽ ഒരു ഉത്തരമുണ്ടാവില്ല. പക്ഷെ അവർ നമ്മളെ റെഫർ ചെയ്യും. 

പറഞ്ഞു വന്നത് ഇവർ എന്നെ സമീപിക്കുമ്പോൾ ഇവർക്ക് ഒരു പ്രഫഷണൽ ഉപദേശം കൊടുക്കാൻ ഞാൻ പര്യാപ്തനല്ല.. എന്നോട് സംസാരിക്കാൻ പറ്റുമോ എന്ന് അതിൽ രണ്ടു പേരെന്നോട്‌ ചോദിച്ചു. ഞാൻ അവരോട് എന്ത് സംസാരിക്കും എന്ന് അറിയാതെ ഞാൻ അവർക്ക് എന്ത് റിപ്ലൈ കൊടുക്കും. 

ഇത് വരെ ഞാൻ ആ ചോദ്യം അവഗണിക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്യുന്നത് ശരിയാണോ എന്നും എനിക്കറിയില്ല. സഹായം തേടണം… വീഡിയോ ചെയ്യുകയും എഴുതുകയും ചെയ്യുന്ന പോലെ എളുപ്പമല്ല (എഴുത്തിലും വിഡിയോയിൽ ഉപദേശിയായി തോന്നിയാലും) നേരിട്ട് ഒരാളുമായി സംസാരിക്കുക എന്നത്.. അത് കൊണ്ടാണ്… 

ഇത് ഒരു റിലേഷൻഷിപ് വിഷയമാണ് എന്നാണ് തോന്നുന്നത്.. അതിൽ അറിവും പഠിപ്പും ഉള്ളവർ ഇടപെടണം… എങ്കിലും ഇത്രയും എഴുതിയ സ്ഥിതിക്ക് ഞാൻ ഏതായാലും അവരോട് സംസാരിക്കും… എന്റെ ഒരു 15 മിനുട്ട് ഒരാൾക്ക് സഹായമാവുമെങ്കിൽ നല്ലതല്ലേ….     

കാതൽ സിനിമയിൽ ഒരു ജെൻഡർ റിവേഴ്സൽ ഉണ്ടെങ്കിൽ അതായത് അവിടെ ജ്യോതികയുടെ സ്ഥാനത്ത് മമ്മുക്കയും മമ്മുക്കയുടെ സ്ഥാനത്ത് ജ്യോതികയുമാണെങ്കിൽ സിനിമ എങ്ങനെയാവും.. ആ നടീനടന്മാരെ മാറ്റി നിർത്തി അത് നമ്മുടെ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചു നോക്കു..

ജ്യോതിക പറയുന്ന ആ ജീവിതത്തിലെ സെക്സ് ചെയ്തതിന്റെ കോടതിയിലെ എണ്ണമെടുക്കൽ രംഗം ഉണ്ടല്ലോ… ആ എണ്ണം എത്രയോ കൂടുമായിരുന്നു.. ഇല്ലേ..? How many women can afford to say No to sex in a marriage relationship?… ചിന്തിച്ചു നോക്കു. അങ്ങനെയായിരുന്നു സിനിമയെങ്കിലും നമ്മുടെ സമൂഹം അതിനെ എങ്ങനെ നോക്കി കാണുമായിരുന്നു…. ഈ സിനിമ ഇഷ്ടപ്പെട്ട ഇതിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ എത്ര പേരുടെ മനസ്സിൽ മറ്റു പല ചിന്തകളും വന്ന് അവർ പലതും പറയാതെ പോകുമായിരുന്നു. 

മമ്മുക്കയുടെ അതെ സ്ഥിതിയിലുള്ള ധാരാളം സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട്. അവർ ആ കാര്യം പറയാൻ ഒരു പുരുഷനായ എന്നെ വിളിക്കുമോ..? അത്ര മാത്രം അടുപ്പവും വിശ്വാസവും എന്നോടവർക്ക് തോന്നുമോ… ഇല്ല അതിന്, അങ്ങനൊരു വിശ്വാസം ആളുകളിൽ ഉണ്ടാക്കാൻ ഞാൻ ഏറെ മാറാനുണ്ട്… 

My life is a continuous process of unlearning. പഠിക്കാനുള്ളതിനൊപ്പം തന്നെ പഠിച്ചത് മറക്കാനും ശ്രമിക്കുകയാണ് എന്റെ ജീവിതം….             

Leave a comment