ആളുകൾ എഴുതുന്നത് മറ്റുള്ളവർ വായിക്കാൻ വേണ്ടിയാണോ അതോ അവരുടെ സുഖത്തിനു വേണ്ടിയാണോ…? എഴുത്ത് മാത്രമല്ല സിനിമയുണ്ടാക്കുന്നത്, പാട്ടു പാടുന്നത്… അവനവന് വേണ്ടിയാണോ അതോ മറ്റുള്ളവരുടെ അംഗീകാരം കിട്ടാനോ..?
ആര് കണ്ടാലും കുഴപ്പമില്ല ആര് കേട്ടാലും ആര് വായിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ല എന്നൊക്കെ പറയുന്നവരെ കുറെ കണ്ടിട്ടുണ്ട്. ഞാനും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യം അറിയില്ല… ഞാൻ അങ്ങനെ പറഞ്ഞതിൽ എന്റെ ഹിപ്പോക്രസി തന്നെയാണ്..
അവനവന്റെ സൃഷ്ടി എന്ത് തന്നെയായാലും അത് അംഗീകരിക്കപ്പെടുക എന്നത് ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹമാണ്. പക്ഷെ അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ എന്തോ ആ സൃഷ്ടി തന്നെ ഒരു കുറവാണ് എന്ന് ചിന്തിച്ചു പോകുമോ?
അനുമോദിക്കാനും അംഗീകരിക്കാനും ആഗ്രഹിക്കാനും ഒന്നുമില്ലെങ്കിൽ എന്തെങ്കിലും സൃഷ്ടി സംഭവിക്കുമോ…?
ആരെങ്കിലും അംഗീകരിച്ചാൽ അല്ലെങ്കിൽ അനുമോദിച്ചാൽ.. നീയാരാടാ എന്നെ അനുമോദിക്കാൻ എന്ന് പറയുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടില്ല… ഉണ്ടാവാം… പക്ഷെ എനിക്കറിയില്ല… അറിയുമെങ്കിൽ അറിയിക്കുക.. വെറുതെ ഒരു രസം… പരിചയപ്പെടാലോ…
ഇത്രയും പറഞ്ഞത് എഴുത്ത് അവരവർക്ക് വേണ്ടി തന്നെയാണ് എഴുതുന്നത് എന്ന് കൂടി പറയാനാണ്… കാരണം എഴുതുന്നത് ആളുകൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും അറിയില്ല. ഇഷ്ടപ്പെട്ടാൽ സന്തോഷം ഇല്ലെങ്കിലും അതിന്റെ ഗുണം എഴുത്തുകാരന് കിട്ടി കാണും എന്ന് വിശ്വസിക്കുന്നു…
ഈയടുത്ത കാലത്ത് മനുഷ്യന്റെ പല വിഷമങ്ങൾക്കും ഒറ്റമൂലിയായി കുറിച്ച് കൊടുക്കുന്നത് ജേർണലിങ് എന്ന മരുന്നാണ്. അതെ നമ്മുടെ “പ്രിയപ്പെട്ട ഡയറി..” എന്ന് തുടങ്ങി എഴുതാറുള്ള ആ ഡയറിയെഴുത്ത് തന്നെ. നമ്മുടെ ആകുലതകളെയും വിഷമങ്ങളെയും എന്തിന് ഒറ്റപ്പെടലിനു പോലും ഇതൊരു പ്രതിവിധിയാണ് എന്ന് പറഞ്ഞു കേൾക്കുന്നു.
ഇങ്ങനെ ഞാൻ ചെയ്യുന്ന പോലെ പബ്ലിക്കായി എഴുതണം എന്നില്ല… ഒരു പുസ്തകത്തിൽ അവനവന് വേണ്ടി മാത്രം. പക്ഷെ എന്റെ ഉള്ളിൽ തരക്കേടില്ലാത്തൊരു നാർസിസിസ്റ്റ് ഉണ്ട്… ലൈക്കുകളും കമന്റുകളും ആഗ്രഹിക്കുന്ന എന്നാൽ അത് സമ്മതിച്ചു കൊടുക്കാൻ അല്പം വിഷമമുള്ള ഒരു ഹിപ്പോക്രാറ്റും ഉണ്ട്… അതാണ് എനിക്ക് ഞാൻ മാത്രം കാണുന്ന ഡയറി പറ്റാത്തത്.. ഇതാവുമ്പോൾ രണ്ടും നടക്കും..
എന്റെ തെറാപ്പിയും എഴുത്താപ്പിയും പിന്നെ ഉള്ളിലെ നാർസിസ്റ്റിന് ഒരു വലിയ സുഖവും…. എന്തും പോലെ എഴുത്തും ഭാഷയും വാക്കുകളും അവ ചേർന്നുണ്ടാവുന്ന അർത്ഥങ്ങളും ഒക്കെ നമ്മൾ മറക്കും എന്നത് കൊണ്ടാണ് ഇവിടെ ഇങ്ങനെ എഴുതാൻ തീരുമാനിച്ചത്.
റൈറ്റിംഗ് മസിൽസ് എന്നൊക്കെ ആളുകൾ പറയാറുണ്ട്…. മക്കളെ…. ഇങ്ങനെ എഴുതിയെഴുതി ഞാൻ എഴുത്തിന്റെ സിക്സ് പാക്കും എയിറ്റ് പാക്കും ഒക്കെ ഉണ്ടാക്കും… കണ്ടോളു….
അപ്പോൾ മനുഷ്യർ എന്തിനാണ് എഴുതുന്നത്…? അവരവർക്ക് വേണ്ടി തന്നെ… പിന്നെ ആരെങ്കിലുമൊക്കെ ലൈക്കടിച്ച് അനുമോദിച്ചാൽ ഒരു ബോണസ്….
ഇനി നാളെ കാണാം… വിഷയം ഒന്നുമില്ല ഇങ്ങനെ ബ്ളാ ബ്ളാ ബ്ളാ എന്ന് തന്നെ…. നമ്മളുടെ കഴിവും കഴിവുകേടും നമ്മൾ ഒരു പോലെ സ്നേഹിക്കണം എന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്… അത് രണ്ടും കൂടിയതാല്ലേ നമ്മൾ.. കഴിവു കേട് ഒളിപ്പിച്ച് കഴിവുകൾ ഒന്നും കൂടി ഊതി വീർപ്പിച്ച് ജീവിക്കാൻ പറയുന്ന സമൂഹത്തിന്റെ ഇടയിലേക്ക് ഇതാ രണ്ടാം ദിവസത്തെ അർത്ഥമില്ലാക്കുറിപ്പ്…
മനസ്സിൽ തോന്നുന്ന എന്തും എഴുതാൻ ശ്രമിക്കുക…. ഫിൽറ്ററുകൾ ഇല്ലാതെ അങ്ങനെ.. ഫിൽറ്ററുകൾ ഇട്ട് പടം പോസ്റ്റ് ചെയ്യാൻ നമ്മൾക്ക് ഇൻസ്റ്റാഗ്രാമില്ലേ…
സ്നേഹം
-പഹയൻ-
